Connect with us

Malappuram

കല്‍പകഞ്ചേരിയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം

Published

|

Last Updated

കല്‍പകഞ്ചേരി: ശുദ്ധജല പദ്ധതികള്‍ ഒട്ടനവധി ഉണ്ടായിട്ടും കല്‍പകഞ്ചേരി പഞ്ചായത്തില്‍ കുടിവെള്ളം കിട്ടക്കനി. വേനല്‍ കാഠിന്യം വര്‍ധിച്ചതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കോളനിയില്‍ താമസിക്കുന്നവരെയാണ് ഏറെ വലക്കുന്നത്.
യഥാ സമയത്ത് അറ്റകുറ്റപണി നടത്താത്തതും തുടര്‍ നടപടികള്‍ കൈക്കൊള്ളാത്തതിനാലും പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പ് വരുത്താന്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താത്തതും പല കുടിവെള്ള പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. കാലങ്ങളായി വാര്‍ഷിക പദ്ധതിയില്‍ പൊതു ജനങ്ങളെ ഏറെ ബാധിക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രാമുഖ്യം നല്‍കി ഫണ്ട് നീക്കിവെക്കാറുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തി കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ വൈകുന്നതായാണ് നാട്ടുകാരുടെ പരാതി. ഏഴ് വാര്‍ഡുകളില്‍ പെടുന്ന 200 കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകുന്ന മണ്ടായപ്പുറം പറ്റിയത്ത് കുടിവെള്ള പദ്ധതി കിണര്‍ തകരാറിലായത് കാരണം ഇതിന്റെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല.
മൂന്ന് ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ച് 200 ഓളം കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകുന്ന കടുങ്ങാത്തുകുണ്ട് ചാലിപ്പ്പാടം പദ്ധതി എങ്ങുമെത്താത്ത നിലയിലാണ്. ഒന്നാം ഘട്ടമായി അഞ്ച് ലക്ഷം രൂപ ചെലവില്‍ ചാലിപ്പാടത്ത് കുളം നിര്‍മ്മിച്ച് വെള്ളം പമ്പ് ചെയ്യാന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപ ചെലവില്‍ 150 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതിന് സഹായിക്കുന്ന പുത്തനത്താണി കുടിവെള്ള പദ്ധതിയും നിര്‍ജ്ജീവാവസ്ഥയിലാണ്.
അന്‍പതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നടയാല്‍പറമ്പ് ശുദ്ധജല പദ്ധതിയും പ്രവര്‍ത്തന രഹിതമാണ്. 15 ലക്ഷം രൂപ ചെലവില്‍ 150 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകുന്ന വിപുലമായ തവളംചിന പദ്ധതിയും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. എം എല്‍ എ ഫണ്ടില്‍ നടപ്പാക്കുന്ന ശുദ്ധജല പദ്ധതി യാഥാര്‍ഥ്യമാകുന്നത് കാത്തിരിക്കുകയാണ് ഈ ഗ്രാമ പഞ്ചായത്തിലുള്ളവര്‍.