Connect with us

Kerala

പൊതുമരാമത്തിന് നിര്‍മാണ വസ്തുക്കള്‍ പരിശോധിക്കാന്‍ ലബോറട്ടറികള്‍

Published

|

Last Updated

തിരുവനന്തപുരം:റോഡ് നിര്‍മാണത്തിനും കെട്ടിട നിര്‍മാണത്തിനും ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പി ഡബ്ല്യു ഡി വിഭാഗം ലബോറട്ടറികള്‍ സ്ഥാപിക്കുന്നു.

11 ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലബോറട്ടറികളും രണ്ട് റീജ്യനല്‍ ലബോറട്ടറികളുമാണ് സംസ്ഥാനത്ത് നിലവില്‍ വരുന്നത്. 11 ജില്ലകളിലായാണ് ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികള്‍ സ്ഥാപിക്കുന്നത്. രണ്ട് ജില്ലകളില്‍ റീജ്യനല്‍ ലബോറട്ടറികളും സ്ഥാപിക്കും. നിലവില്‍ പി ഡബ്ല്യു ഡി വകുപ്പില്‍ ഗുണനിലവാര പരിശോധനക്കായി സംവിധാനങ്ങളൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന പി ഡബ്ല്യു ഡി മാന്വലില്‍ പുതിയ ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് വിശദീകരണമുണ്ട്. പി ഡബ്ല്യു ഡി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നതായി പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലബോറട്ടറിയുടെ വരവോടെ പരാതി ഇല്ലാതാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ജില്ലാ ലബോറട്ടറികള്‍ സ്ഥാപിക്കുക. റീജ്യനല്‍ ലബോറട്ടറി എറണാകുളത്തും കോഴിക്കോട്ടുമായിരിക്കും സ്ഥാപിക്കുക. തലസ്ഥാനത്ത് കാര്യവട്ടം കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സേവനം നിലവില്‍ ലഭ്യമാകുന്നതിനാല്‍ ലബോറട്ടറി സ്ഥാപിക്കുന്നതില്‍ നിന്നും തിരുവനന്തപുരത്തെ ഒഴിവാക്കിയിട്ടുണ്ട്.
ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. 10.98 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ലബോറട്ടറിയില്‍ പുതിയതായി തസ്തികകളൊന്നും അനുവദിക്കില്ലെന്നാണ് സര്‍ക്കാറിന്റെ നിലവിലുള്ള തീരുമാനം.
സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 10.98 കോടിയില്‍ 1.34 കോടി രൂപയാണ് റീജ്യനല്‍ ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക ജില്ലാ ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനായി ഉപയോഗിക്കും.
ജില്ലാ ലബോറട്ടറി നിര്‍മാണത്തിനായി നീക്കി വെച്ച തുകയില്‍ 3.38 കോടി രൂപ ലാബുകള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും നിലവില്‍ കെട്ടിടങ്ങള്‍ ഉള്ള സ്ഥലത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഉപയോഗിക്കും.
പരിശോധനാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 4.06 കോടി രൂപയും വാഹന സൗകര്യത്തിന് 2.19 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.

 

---- facebook comment plugin here -----

Latest