Connect with us

Wayanad

പുഴ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ജയലക്ഷ്മി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ ഛര്‍ദ്യതിസാര രോഗങ്ങള്‍ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇതിനെതിരായി ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പട്ടികവര്‍ഗ്ഗ-യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാവികസന സമിതി യോഗത്തിലാണ് നിര്‍ദേശം.
ഹ്രസ്വകാല നടപടികളുടെ ഭാഗമായി രോഗസാദ്ധ്യതയുള്ള കോളനികളുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സ്ഥിരമായി ശുദ്ധജലലഭ്യതയും പരിസര ശുചിത്വവും ഉറപ്പാക്കണം. ഇവിടങ്ങളിലെ ജലസ്രോതസ്സുകളും ഓടകളും ശുചീകരിക്കണം. ആരോഗ്യ വകുപ്പ് ഇതിനുവേണ്ടി പഞ്ചായത്ത്, പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം, കുടുംബശ്രീ, സാനിറ്ററി മിഷന്‍, തുടങ്ങിയ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഇതിനായി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് പുറമെ ആശാ വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാനിറ്റേഷന്‍ മിഷന്‍ വളണ്ടിയര്‍മാര്‍, ട്രൈബല്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്താം.
നടപടികള്‍ക്ക് പൂര്‍ണ്ണരൂപം നല്‍കുന്നതിന് ജില്ലാ കളക്‌റുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെ അടിയന്തിര യോഗം വിളിക്കാനും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ രോഗബാധിതമേഖലകളില്‍ തന്റെ സന്ദര്‍ശനത്തിനിടെ പുഴകളില്‍ വ്യാപകമായി മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പറഞ്ഞു.
ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങള്‍പോലും മലിനജലം ഓടകള്‍ വഴി പുഴയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു.
പരിശോധനകള്‍ ശക്തിപ്പെടുത്തി പുഴ മലിനപ്പെടുത്തുന്ന വ്യക്തികളായാലും സ്ഥാപനങ്ങളായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ എല്ലാ കോളനികളിലും മികച്ച ടോയ്‌ലറ്റുകളും സ്ഥിരമായ കുടിവെള്ള വിതരണ സംവിധാനങ്ങളും സ്ഥാപിക്കുകയാണ് ദീര്‍ഘകാല നടപടികളില്‍ പ്രധാനം. ഇതിന്റെ ആദ്യഘട്ടമായി 24 കോളനികളില്‍ ജല ലഭ്യതയോട് കൂടിയ ടോയ്‌ലറ്റുകള്‍ പണിയുന്നതിന് സര്‍ക്കാര്‍ 2.62 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍ ജില്ലാ അധികൃതരുടെ പദ്ധതി നിര്‍ദ്ദേശ പ്രകാരം പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് തുക അനുവദിച്ചിട്ടുള്ളത്. ഇത് നിര്‍മ്മിതി കേന്ദ്രയ്ക്ക് കൈമാറിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ടോയ്‌ലറ്റ് സൗകര്യമില്ലാത്ത മറ്റ് കോളനികളില്‍കൂടി സമാന പദ്ധതി വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഇത്തരം കോളനികള്‍ കണ്ടെത്താന്‍ മന്ത്രി ടി.ഡി.ഒ. മാരെ ചുമതലപ്പെടുത്തി.
ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ഊര്‍ജിത ശ്രമം ഉണ്ടാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
നടപടിക്രമങ്ങള്‍ സംബന്ധിച്ച സാങ്കേതിക തടസ്സങ്ങള്‍ കുടിവെള്ള പദ്ധതികളുടെ കാര്യത്തില്‍ കാലതാമസത്തിന് കാരണമാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടും സാങ്കേതിക തടസ്സങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ഇതില്‍ പരിഹാരമുണ്ടാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും എം എല്‍ എ പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മഴക്കാലത്തിന് മുമ്പായി എല്ലാ ഓടകളും ശുചീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദ്ദേശിക്കാന്‍ യോഗം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ അഷ്‌റഫ്, എ ഡിഎം. എന്‍ ടി മാത്യു, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എന്‍കെ രാജേന്ദ്രന്‍, വിവിധ വകുപ്പ്‌മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest