Connect with us

Palakkad

ഭീഷണിപ്പെടുത്തി സ്വര്‍ണ്ണക്കവര്‍ച്ച വ്യാപിക്കുന്നു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ വീണ്ടും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവരുന്ന സംഘം സജീവമായി. മോഷണത്തോടൊപ്പം കള്ളന്‍മാരുടെ അക്രമവാസനയാണ് പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാക്കുന്നത്. ഇന്നലെ ചെര്‍പ്പുളശേരിയില്‍ ഭീഷണിപ്പെടുത്തി യുവതിയുടെ മാല കവരുകയുണ്ടായി. കത്തി കാണിച്ച് പട്ടാപ്പകലാണ് യുവതിയുടെ കഴുത്തില്‍ ഏഴര പവന്‍ മാല കവര്‍ച്ചക്കാര്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം കുഴല്‍മന്ദം ചിതലിയില്‍ മോഷണം തടയാന്‍ ശ്രമിച്ച വീട്ടുടമസ്ഥനെ മോഷ്ടാക്കള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ചിതലി കുന്ദംപുള്ളി കുണ്ടുകാട് വീട്ടില്‍ കൃഷ്ണനാണ് (57) പരുക്കേറ്റത്. ശബ്ദം കേട്ട് ഉണര്‍ന്ന കൃഷ്ണനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇദ്ദേഹത്തിന്റെ മകളുടെ കമ്മല്‍ മോഷ്ടിച്ചെടുത്താണ് ആക്രമികള്‍ കടന്നത്. സംഭവം നടന്ന അന്ന് തന്നെ ചിതലിയില്‍ മറ്റ് വീടുകളിലും മോഷണം നടന്നു. ഒരു വീട്ടമ്മക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നില്‍ ഒരേ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് മോഷ്ടാക്കളെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഒറ്റപ്പാലം ചുനങ്ങാട്ടില്‍ ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തിയാണ് മോഷ്ടാക്കള്‍ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഒരേ ദിവസം നടന്ന ഒട്ടേറെ മോഷണങ്ങള്‍ ജില്ലാ പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. മുമ്പും ജില്ലയില്‍ മോഷണം നടന്നിരുന്നെങ്കിലും ഇത്രത്തോളം അക്രമസ്വഭാവം ഉണ്ടായിരുന്നില്ല. മുമ്പ് ജില്ലയില്‍ മോഷണം വര്‍ധിച്ചപ്പോള്‍ ഓരോ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും മോഷണക്കേസില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. എന്നാല്‍ സമീപ കാലത്ത് ജില്ലയില്‍ നടന്ന മോഷണങ്ങള്‍ക്കെത്തിയവരെല്ലാം പുതിയ കള്ളന്‍മാരാണെന്നാണ് പൊലീസിനു ലഭിച്ച തെളിവുകള്‍. പൊലീസിന്റെ വിരലടയാള ശേഖരത്തില്‍ ഇത്തരക്കാരുടെ വിവരങ്ങള്‍ ഇല്ല. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന മോഷ്ടാക്കളും ജില്ലയില്‍ ഭീതി വിതക്കുകയാണ്. ജാമ്യത്തിലിറങ്ങി മുങ്ങുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന മോഷ്ടാക്കളെ തേടിയുള്ള അന്വേഷണം ഫലപ്രദമാകുന്നില്ലെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. ജില്ലയില്‍ വീണ്ടും മോഷണം തലപൊക്കിയതോടെ പരിശോധന കര്‍ശനമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.