Connect with us

Gulf

കനത്ത മഴ വീണ്ടും; നിരവധിപേരെ ഒഴിപ്പിച്ചു

Published

|

Last Updated

മസ്‌കത്ത് :രാജ്യത്ത് ചില ഭാഗങ്ങളില്‍ ഇന്നലെയും കനത്ത മഴ പെയ്തു. വ്യാഴായ്ച മഴ അല്‍പം മാറി നിന്നെങ്കിലും ഇന്നലെ ഉച്ചയോടെ വീണ്ടും മഴ സജീവമാകുകയായിരുന്നു. നിസ്‌വ മുതല്‍ ഇബ്‌രിവരെ കനത്ത മഴയാണ് പെയ്തത്. ഉച്ചക്ക് തുടങ്ങിയ മഴ വൈകിട്ടും തുടര്‍ന്നു. വാദികള്‍ കരകവിഞ്ഞ് പലയിടത്തും റോഡുകള്‍ ഒലിച്ചു പോയി. മിക്കയിടത്തും ഗതാഗതം തടസ്സപെട്ടു. തനൂഫ്, ബഹ്‌ല, കുബാറ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. മസ്‌കത്തില്‍ റൂവി, മത്ര, സീബ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. ഇവിടെയും റോഡുകള്‍ വെള്ളത്തിലായി. വാദികള്‍ കരകവിഞ്ഞു.
റുഷ്താഖ്, സുവൈക്, സുമൈല്‍ എന്നിവിടങ്ങളിലും മഴ പെയ്തു. മസ്‌കത്തിന്റെ തീരപ്രദേശങ്ങളിലും മഴ പെയ്തിട്ടുണ്ട്. 92 പേരെ രക്ഷപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലേറ്ററി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മഴയെതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നാശമുണ്ടായ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ ഒഴിപ്പിച്ചത്. വാദി തനുഫ് കരകവിഞ്ഞത് മൂലം തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 57 പേരെ ഒഴിപ്പിച്ചു. ഇതില്‍ 12 പേരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്. നിസ്‌വയിലാണ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ബഹ്‌ലയില്‍ നിന്ന് ഒരാളെയും ഹിനായിലെ വാദി ബാനില്‍ നിന്ന് നാല് പേരെയും റുഷ്താഖില്‍ നിന്ന് വാദി മസാഹെയ്ത് കരകവിഞ്ഞത് കാരണം അഞ്ച് പേരെയും രക്ഷപ്പെടുത്തി. റുഷ്താഖിലെ വിവിധ വാദികളുടെ തീരങ്ങളില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയെന്നും സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. റുഷ്താഖിനടുത്ത് ബാനി കരൂരില്‍ റോഡപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരെ ഒമാന്‍ എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇബ്‌രിയില്‍ വെള്ളത്താല്‍ പല പ്രദേശങ്ങളും ചുറ്റപ്പെട്ടു. ഇബ്‌രിക്കും റുഷ്താഖിനും ഇടയില്‍ മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു.
തനൂഫ് യന്‍ഖുല്‍ എന്നിവിടങ്ങളില്‍ നിന്ന് ഇബ്‌രി ടൗണിലേക്കുള്ള വാഹന ഗതാഗതം വൈകിട്ട് വരെ നിര്‍ത്തി വെച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് നിസ്‌വയില്‍ മഴ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഇത്ര ശക്തിയായ മഴ കണ്ടിട്ടില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. വാദികള്‍ നിറഞ്ഞത് കാരണം ഇബ്‌രി ഒറ്റപ്പെട്ടു. യന്‍ഖുല്‍, തനുഫ് മേഖലകളില്‍ വാദികള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഹെലികോപ്റ്ററുകളുപയോഗിച്ചാണ് ഇവിടെ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുവൈക്കിലും കനത്ത മഴയായിരുന്നു. പ്രദേശം വെള്ളത്തില്‍ മുങ്ങി. മിക്ക വീടുകളും വെള്ളത്തിലായി. തിങ്കളാഴ്ച വരെ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
രാവിലെ ബുറൈമി, സൗത്ത് ബാതിന, മസ്‌കത്ത് എന്നിവിടങ്ങളില്‍ മേഘാവൃതമായിരുന്നു. സലാലയിലും ഇന്നലെ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ചൂട് കുറഞ്ഞു. ബുറൈമി, ഷിനാസ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റ് വീശി. മറ്റിടങ്ങളില്‍ നേരിയ തോതിലാണ് കാറ്റുണ്ടായിരുന്നത്. കടല്‍ ഇന്നലെ അല്‍പം ശാന്തമായിരുന്നു. മഴക്കും പൊടിക്കാറ്റിനും ഇനിയും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നോര്‍ത്ത്, സൗത്ത് ബാതിന, മസ്‌കത്ത് എന്നീ ഗവര്‍ണറേറ്റുകളിലാണ് പൊടിക്കാറ്റിന് സാധ്യത. മസ്‌കത്തില്‍ ഇന്നലെ 34 ഡിഗ്രിയാണ് കൂടിയ ചൂട് രേഖപ്പെടുത്തിയത്. 23 ഡിഗ്രിയാണ് കുറഞ്ഞ ചൂട്. സലാലയില്‍ കൂടിയ ചൂട് 32 ഡിഗ്രിയും കുറഞ്ഞത് 27 ഡിഗ്രിയുമായിരുന്നു.
പ്രതികൂല കാലാവസ്ഥ ഏതാനും നാള്‍കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. മുസന്ദം, ദാഹിറ, ബുറൈമി, ബാതിന, സൗത്ത്, നോര്‍ത്ത് ദഖലിയ, മസ്‌കത്ത്, സൗത്ത്, നോര്‍ത്ത് ഷറഖിയ എന്നിവിടങ്ങളിലാണ് ഇനിയും മഴക്ക് സാധ്യതയുള്ളത്. മുസന്ദം ഗവര്‍ണറേറ്റിലെ തീരപ്രദേശത്ത് കനത്ത കാറ്റിന് സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ പ്രസന്നമായ കാലാവസ്ഥ തുടരും. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Latest