Connect with us

Kozhikode

എയര്‍ഹോണിനെതിരായ നടപടി: മോട്ടോര്‍ വാഹന വകുപ്പിന് ആലസ്യം

Published

|

Last Updated

കോഴിക്കോട്: എയര്‍ഹോണിനെതിരെ നടപടിയെടുക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പ് ആലസ്യം കാണിക്കുന്നു. നിരോധിച്ച എയര്‍ഹോണ്‍ നഗരത്തില്‍ വീണ്ടും സജീവമായപ്പോള്‍ ആര്‍ ടി ഒയും ട്രാഫിക് പോലീസും അതിനെതിരെ ശക്തമായ നടപടി എടുത്തിരുന്നു. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഡസിബല്‍ മീറ്ററിന്റെ സഹായത്തോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ നടപടിയിലാണ് ഇപ്പോള്‍ വീഴ്ചയുണ്ടായിരിക്കുന്നത്.
എയര്‍ഹോണ്‍ ഉപയോഗം 2003ല്‍ ഹൈക്കോടതി ഉത്തരവ് മുഖേനെ നിരോധിച്ചതാണ്.1989ലെ മോട്ടോര്‍ വാഹന നിയമപ്രകാരം സ്വകാര്യ ബസുകള്‍ 91 ഡെസിബെല്‍ പ്രഹരണശേഷിയുള്ള എയര്‍ഹോണുകള്‍ മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളൂ. മത്സരയോട്ടത്തിന് വേണ്ടി ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ ഒന്നിലധികം എയര്‍ഹോണുകള്‍ ഉപയോഗിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നിലവില്‍ മറ്റു വാഹനങ്ങളില്‍ ഹോണ്‍ ഉപയോഗിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളോടെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിക്ക ബസുകളും 120 ഡെസിബലിന് മുകളിലുള്ള ഹോണുകളാണ് ഉപയോഗിക്കുന്നത്. 91 ഡെസിബലിന് മുകളിലുള്ള എയര്‍ ഹോണുകളുടെ ഉപയോഗത്തിന് നടപടിയെടുക്കേണ്ടവര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എയര്‍ഹോണ്‍ ഇടയാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയതാണ്. ശബ്ദമലീനീകരണത്തിന്റെ തോത് വര്‍ധനവില്‍ എയര്‍ഹോണുകളുടെ പങ്ക് വലുതാണ്. മനുഷ്യന്റെ മസ്തിഷ്‌കത്തെ തന്നെ ബാധിക്കുന്ന തരത്തില്‍ ശബ്ദ മലിനീകരണമുണ്ടാക്കാന്‍ എയര്‍ഹോണുകള്‍ക്കാകും. ഇത്തരം ഹോണുകളുടെ ഉപയോഗം ഹൃദയ-ശ്രവണ സംബന്ധമായ അസുഖങ്ങള്‍ക്കും രക്തസമ്മര്‍ദം വ്യതിയാനപ്പെടാനും കാരണമാകുന്നുണ്ടെന്നാണ് ശാസ്ത്രലോകത്തെ വിദഗ്ധരുടെ അഭിപ്രായം.
ഹോണിന്റെ ഉപയോഗം കണ്ടെത്തിയാല്‍ 1000 രൂപ പിഴ ഈടാക്കുകയോ പോലീസിനോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ അത് അഴിച്ചുമാറ്റുകയോ ചെയ്യാം. വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴസംഖ്യ ഇരട്ടിയാകും. മൂന്ന് തവണ പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാകും എന്നതാണ് നിയമം. പക്ഷേ നിയമങ്ങളും നിയമനിര്‍വഹണ സംവിധാനങ്ങളും കണ്ണടച്ചുനില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴത്തേത്.

 

Latest