Connect with us

Articles

പേര്: പൊരുളും പൊല്ലാപ്പും

Published

|

Last Updated

നിരവധി വസ്തുക്കള്‍ ലോകത്തുണ്ട്. അവക്കെല്ലാം പേരുകളുമുണ്ട്. പേരില്ലാത്ത വസ്തുക്കള്‍ ഉണ്ടാകില്ല. മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ നാം പേരുകള്‍ സ്വീകരിക്കുന്നു. പേരില്ലായിരുന്നെങ്കിലെന്തായിരിക്കും അവസ്ഥ? മനുഷ്യനും പേരുകളുണ്ട്. ഒരു വ്യക്തിയെ മനസ്സിലാക്കുന്നത് അവന്റെ പേരിലൂടെയാണ്. പേര് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പേരുകള്‍ ഓര്‍മിക്കപ്പെടലാണല്ലോ എല്ലാവര്‍ക്കും ഇഷ്ടം. ലോകത്ത് ചരിത്രം സൃഷ്ടിച്ചവരെ നാം അവരുടെ പേരിലൂടെ ഓര്‍ക്കുന്നു. വ്യക്തിയെ ഓര്‍ക്കാന്‍ വേണ്ടി അവരുടെ നാമത്തില്‍ “മെമ്മോറിയല്‍” വരെ സ്ഥാപിക്കുന്നുണ്ട്. പേരുകള്‍ മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുമെന്നാണ് പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ അലന്‍ക്വമയുടെ അഭിപ്രായം. പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവര്‍ക്ക് മനഃശാസ്ത്രജ്ഞന്മാര്‍ ചുട്ട മറുപടി കൊടുക്കുന്നു. പേരുകൊണ്ട് മാത്രം പ്രസിദ്ധി നേടിയവരെ കണ്ടെത്താന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്. ഡോ. അലന്‍ക്വമ തന്നെ പറയുന്നു: ഒരു വ്യക്തിയുടെ പേര് അയാളെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായിരിക്കും. അതിന് വമ്പിച്ച സ്വാധീനവും ഉണ്ട്. സാഹിത്യ നായകന്മാരും രാഷ്ട്രീയക്കാരും മറ്റും മിക്കവാറും ഓരോ പുതിയ നാമം സ്വീകരിച്ചവരായിരിക്കും. ഇങ്ങനെയുള്ള പേരുമാറ്റത്തില്‍ വലിയ മനഃശാസ്ത്ര തത്വമുണ്ടെന്ന് അദ്ദേഹം സലക്ഷ്യം സമര്‍ഥിക്കുന്നു. നല്ല നാമങ്ങള്‍ നമ്മുടെ ഹൃദയത്തിന് ആനന്ദം നല്‍കുന്നു. മധുരമനോഹരമായ പേരുകള്‍ അനുഭൂതി പകരുന്നു. ചീത്ത പേരുകള്‍ അവജ്ഞയും ആപകര്‍ഷതയും സൃഷ്ടിക്കുന്നു. ഏറ്റവും ഇമ്പമുള്ള, കേള്‍ക്കാന്‍ സുഖമുള്ള പേരുകളാണ് കടകള്‍ക്കും വാഹനത്തിനും നല്‍കുന്നത്. അതുതന്നെ അവയോട് യോജിച്ചതായിരിക്കും. “ശാന്തി” മെഡിക്കല്‍സ് എന്നതിനു പകരം “മധുരം” മെഡിക്കല്‍സ് എന്നാക്കിയാലെന്തായിരിക്കും? “ഹോട്ടല്‍ രുചി”ക്കു പകരം “ഹോട്ടല്‍ ശാന്തി” എന്നിട്ടാലോ? ഓരോന്നിനോടും യോജിച്ച പേരുകള്‍ തന്നെ വേണം. മാനസികമായി പേര് സ്വാധീനം ചെലുത്തുന്നതുകൊണ്ടാണ് നാമിഷ്ടപ്പെടുന്ന പേരുകളില്‍, കളിയാക്കുന്ന രീതിയില്‍ മാറ്റം വരുത്തി പറഞ്ഞാല്‍ നമുക്ക് ദേഷ്യം വരുന്നത്.

പേരുകള്‍ വ്യക്തിയുടെ ജീവിതത്തിനും മനസ്സിനും സ്വഭാവത്തിനും കാരണമാകുമെന്നതിന് മനഃശാസ്ത്രപരമായും ഇസ്‌ലാമികമായും തെളിവുകളുണ്ട്. മുഹമ്മദ് നബി(സ) ഒരു യാത്രാമധ്യേ ഒരിടത്തു വിശ്രമിക്കാനിറങ്ങി. അവിടുത്തേക്ക് അല്‍പ്പം പാല്‍ കഴിക്കണമെന്ന് തോന്നി. ഒരൊട്ടകത്തെ ചൂണ്ടിക്കൊണ്ട് അവിടെ കൂടിയിരുന്നവരോട് നബി(സ) പറഞ്ഞു: “അതിന്റെ പാല്‍ ആര് കറന്നെടുക്കും?” “ഞാന്‍ കറക്കാം” എന്ന് പറഞ്ഞു ഒരാള്‍ മുന്നോട്ടുവന്നു. നബി(സ) അദ്ദേഹത്തിന്റെ പേര് ചോദിച്ചു. “”എന്റെ പേര് “മുര്‍റ” എന്നാണ്”” (അര്‍ഥം കയ്പ്) അദ്ദേഹത്തോട് നബി(സ) ഇരിക്കാന്‍ ആവശ്യപ്പെട്ടു. മറ്റൊരാള്‍ പാല്‍ കറക്കാന്‍ മുന്നോട്ടു വന്നു. “എന്താണ് നിങ്ങളുടെ പേര്?” അവിടുന്ന് ചോദിച്ചു. തന്റെ പേര് “മുര്‍റ” എന്നാണ് എന്നു അദ്ദേഹം പറഞ്ഞു. നബി(സ) അയാളോടും ഇരിക്കാന്‍ പറഞ്ഞു. അപ്പോള്‍ മൂന്നാമതൊരാള്‍ പാല്‍ കറക്കാന്‍ മുന്നോട്ടു വന്നു. “എന്താണ് പേര്?” നബി(സ) പേര് ചോദിച്ചു. യഈശ് (സജീവന്‍) എന്നാണ്. അയാള്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് പാല്‍ കറക്കാന്‍ നബി(സ) ആവശ്യപ്പെട്ടു. അദ്ദേഹം കറന്നെടുത്ത പാല്‍ അവിടുന്ന് കുടിക്കുകയും ചെയ്തു. പേരുകള്‍ മനുഷ്യ സ്വഭാവത്തിലും പെരുമാറ്റത്തിലും ഗണ്യമായ സ്വാധീനം ചെലുത്തുമെന്ന ആധുനിക ശാസ്ത്രത്തിന്റെ നിഗമനത്തിന് ഉറപ്പ് നല്‍കുന്നതാണീ സംഭവം.
സഅ്ദുബ്ന്‍ മുസ്വയ്യബ്(റ) പറയുന്നു: എന്റെ പിതാമഹന്‍ നബി(സ)യുടെ സന്നിധിയില്‍ വന്നപ്പോള്‍ അവിടുന്ന് ചോദിച്ചു: “എന്താ പേര്?” ആഗതന്‍ പറഞ്ഞു: “ഹസിന്‍.” നബി(സ്വ) പറഞ്ഞു: ഹസിനല്ല, സഹ്‌ലാണ്. എന്റെ പിതാവ് എനിക്ക് നല്‍കിയ പേര് ഞാന്‍ വ്യത്യാസപ്പെടുത്തുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇബ്‌നു മുസ്വയ്യബ് പറയുന്നു: അതിനുശേഷം ഞങ്ങളില്‍ നിന്ന് പ്രയാസം നീങ്ങിയിട്ടേയില്ല. മുഖപ്രസന്നതയുടെ അഭാവവും ഹൃദയകാഠിന്യവും ആയിരുന്നു ആ പേരിന്റെ അനന്തരഫലം. ഹസിന്‍ എന്നാല്‍ പ്രയാസമെന്നാണ് അര്‍ഥം.
പേര് വ്യക്തിയുടെ ജീവിതത്തെയും പെരുമാറ്റത്തെയും മാനസിക സന്തോഷത്തെയും സ്വാധീനിക്കുമെന്ന് വ്യക്തമാണ്. കുപ്രസിദ്ധിയാര്‍ജിച്ചവരുടെ പേരുകള്‍ പരിശോധിക്കൂ. അതില്‍ അവരുടെ സ്വഭാവത്തെ സ്വാധീനിച്ച പേരുകള്‍ കാണാം. കൊടുവാള്‍, കത്തി, ബോംബ്, ബണ്ടി ചോര്‍ തുടങ്ങിയ അപര നാമവും കൂടി ചേര്‍ക്കപ്പെടുന്നുണ്ട്.
കുട്ടികള്‍ ജനിക്കുമ്പോള്‍ നല്ല പേരിടുക. അര്‍ഥമുള്ള പേരുകളാണ് വിളിക്കേണ്ടത്. ജനിച്ച് രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞിട്ടും പേരിടാതെ നില്‍ക്കുന്നവരുണ്ട്. പുതിയ പേരുകള്‍ ഇറങ്ങട്ടെയെന്നതാണവരുടെ കാത്തിരിപ്പിന്റെ ലക്ഷ്യം. അടുത്ത വീട്ടിലോ കുടുംബത്തിലോ നാട്ടിലോ ഇതുവരെ കേള്‍ക്കാത്ത ഏറ്റവും പുതിയ പേരുകള്‍ക്ക് വേണ്ടി അന്വേഷണം നടത്തുന്ന രക്ഷിതാക്കള്‍ ഉണ്ട്. ഒപ്പം പേരിടുക തന്നെയാണെങ്കില്‍ അര്‍ഥമില്ലാത്തതും വിളിക്കാന്‍ പ്രയാസപ്പെടുന്നതുമായ പേരുമായിരിക്കും.
ഇന്ന് പത്രങ്ങളിലെ ക്ലാസിഫൈഡില്‍ “പേരു മാറ്റിയിരിക്കുന്നു”വെന്ന പരസ്യം കാണാം. പേരു രജിസ്റ്റര്‍ ചെയ്ത സമയത്തും പേര് നല്‍കിയ സമയത്തും ചിന്തിക്കാത്തതു കൊണ്ട് പല പിഴവുകളും സംഭവിക്കുന്നുണ്ട്. ലൈസന്‍സും പാസ്‌പോര്‍ട്ടും റേഷന്‍ കാര്‍ഡും മറ്റു ആവശ്യമായ രേഖകളും തയ്യാറാക്കാന്‍ വേണ്ടി പുറപ്പെടുമ്പോഴാണ് പേരില്‍ വന്ന പിഴവ് വലിയ അപകടം സൃഷ്ടിച്ചിരിക്കുന്നതായി കാണുക. ഇവിടെ കുട്ടികള്‍ക്ക് പേര് നല്‍കുമ്പോഴും പേര് രജിസ്റ്റര്‍ ചെയ്യുമ്പോഴും രക്ഷിതാക്കള്‍ നിരവധി കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. നല്ല പേര് നേരത്തെ തിരഞ്ഞെടുക്കുക. അറബിപ്പേരുകള്‍ നല്‍കുമ്പോള്‍ മലയാളത്തില്‍ ഉച്ചരിക്കാന്‍ പ്രയാസമുള്ളത് ഉണ്ടാകും. ദ്വയാര്‍ഥമുള്ളതും ലോപിക്കുമ്പോള്‍ അര്‍ഥമില്ലാതാകുന്നതുമായ പേരുകള്‍ നല്‍കരുത്. ഏതു തരം പേരുകള്‍ വേണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നേരത്തെ ഉണ്ടാക്കിയെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പേര് തന്നെയായിരിക്കണം എല്ലായിടത്തും ഉപയോഗിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുട്ടിയുടെ പേര് ഇംഗ്ലീഷില്‍ എഴുതുന്ന സമയം സ്‌പെല്ലിംഗ് (അക്ഷരങ്ങള്‍)കൃത്യമായിരിക്കണം. ആധുനിക സംവിധാനമുള്ള ഇക്കാലത്ത് ഒരക്ഷരമോ വരയോ ഇല്ലാതായിപ്പോയാല്‍ കണ്ടെത്താന്‍ പ്രയാസപ്പെടും. മാതാവിന്റെയും പിതാവിന്റെയും വീടിന്റെയും പേരുകള്‍ കൃത്യമായ സ്‌പെല്ലിംഗ് ഉപയോഗിച്ചെഴുതുക. ജനന സര്‍ട്ടിഫിക്കറ്റ് നേരത്തെ തന്നെ കൈവശപ്പെടുത്തുക. അതു തന്നെയാണകണം സ്‌കൂളില്‍ ചേര്‍ക്കുമ്പോഴും പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, എസ് എസ് എല്‍ സി തുടങ്ങിയവക്ക് അപേക്ഷിക്കുമ്പോഴും നല്‍കേണ്ടത്.
ചിലര്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് കുട്ടിയുടെ പേരിന്റെ കൂടെ മോന്‍/മോള്‍ ചേര്‍ക്കാറുണ്ട്. ഭാവിയില്‍ അത് ബുദ്ധിമുട്ടുണ്ടാക്കും. പാസ്‌പോര്‍ട്ടില്‍ “നഫീസ മോള്‍” വരികയെന്നത് സുഖകരമല്ല. ചില രക്ഷിതാക്കള്‍ കുട്ടിയുടെ പേരിന്റെ കൂടെ പിതാവിന്റെ പേര് കൂടി ചേര്‍ക്കാറുണ്ട്. ഉദാ: ഫര്‍ഹ ഹനീഫ. ഫര്‍ഹയുടെ വിവാഹ ശേഷം ഈ പേര് മാറ്റുക പ്രയാസമാകും. ഫര്‍ഹയുടെ പിതാവാണോ ഭര്‍ത്താവാണോ ഹനീഫ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും. പേരുകള്‍ സ്വതന്ത്രമാകുന്നതാണ് നല്ലത്. ഇനീഷ്യല്‍ നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. പേരിന്റെ തുടക്കത്തിലോ അവസാനമോ വേണ്ടതെന്ന് തീരുമാനിക്കണം. ചില സ്ഥലത്ത് തുടക്കത്തിലും ചില സ്ഥലത്ത് അവസാനവും കൊടുത്താല്‍ തിരുത്താന്‍ വേണ്ടി പലയിടങ്ങളിലും കയറി ഇറങ്ങേണ്ടിവരും.
പേരിന്റെ ഇടയില്‍ അകലം നല്‍കേണ്ടതുണ്ടെങ്കില്‍ അതു നല്‍കണം. രണ്ട് പേരുകള്‍ കൂട്ടിയിടാറുണ്ട് ചിലര്‍. ഉദാഹരണം അബ്ദുല്‍ കലാം. അവിടെയും ശ്രദ്ധ വേണം. പേരുകള്‍ക്കിടയിലെ ഒരു ചെറിയ വിടവ് നഷ്ടപ്പെട്ടതിനു രണ്ട് മൂന്ന് ദിവസത്തെ അദ്ധ്വാനം നടത്തേണ്ടിവന്നയാളാണ് ഈ കുറിപ്പുകാരന്‍. മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനു പ്രത്യേക പ്രാധാന്യം കണ്ടിരുന്നില്ല. അക്കാരണത്താല്‍ ഓരോ സ്ഥലത്തും വ്യത്യസ്ത പേരുകള്‍ നല്‍കിയതു കാരണം ഇന്ന് പുതു തലമുറ കഷ്ടപ്പെടേണ്ടിവരുന്നു. സൈനബ എന്ന് ഒരു രേഖയിലും സൈനബി എന്ന് മറ്റൊരു രേഖയിലും കാണുമ്പോള്‍ ഇത് ഒരു വ്യക്തി തന്നെയാണോ എന്ന് സംശയം വരും. കമ്പ്യൂട്ടര്‍ സിസ്റ്റം വന്നതുകൊണ്ടും സോഫ്റ്റ്‌വെയറുകള്‍ ഉള്ളതുകൊണ്ടും കുത്തും കോമയും വരെയും വെറുതെ ചേര്‍ക്കരുത്. പേരുകൊണ്ട് എന്തുമാകാമെന്നത് പേരിന്റെ പെരുമയറിയാത്തവര്‍ക്കുള്ളതാണ്.