Connect with us

Articles

ഗുരുവും മോഡിയും

Published

|

Last Updated

ഭേദബുദ്ധിയുടെ നിരാസം ആണ് അദൈ്വതത്തിന്റെ സാരാംശം. ശ്രീനാരായണ ഗുരു ഉള്‍ക്കൊണ്ടിരുന്നതും അദ്ദേഹത്തിന്റെ ആത്മാംശമായി കഴിഞ്ഞിരുന്നതും ഈ ചിന്തയാണ്. ഈ അദൈ്വത സാരം അഥവാ ഭേദബുദ്ധിനിരാസം അദ്ദേഹത്തിന്റെ ജീവിതത്തിലാകെ പ്രതിഫലിച്ചുകണ്ടു.
ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാമിത്- ശ്രീനാരായണ ഗുരു ക്ഷേത്ര ഭിത്തിയില്‍ എഴുതിയിട്ട ഈ വരികളാണ് അദ്ദേഹത്തിന്റെ മാനിഫെസ്റ്റോ. അദൈ്വത സിദ്ധാന്തത്തിന്റെ സ്ഥാപകന്‍ ശ്രീശങ്കരനാണ്. ആ ചിന്തയെ പ്രായോഗിക തലങ്ങളിലേക്ക് ഇറക്കികൊണ്ടുവന്നത് ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹത്തെ അതുക്കൊണ്ടുതന്നെ പ്രായോഗികാദൈ്വതിയായി ലോകം വാഴ്ത്തുന്നു. ഉത്കൃഷ്ടമായ ഈ ചിന്തയില്‍ അദ്ദേഹം മനുഷ്യരെ ഒന്നായി കണ്ടുപെരുമാറി. ദൈ്വതം എന്നാല്‍ രണ്ട് ദൈത്വം അല്ലാത്തത് അദൈ്വതം. രണ്ടല്ലാത്തത് ഒന്ന് തന്നെ. ജലം നിറച്ച കുടം ജലപ്പരപ്പിനു മേല്‍ ഇരിക്കുന്നു. കുടം പൊട്ടിയാല്‍ കുടത്തിലെ ജലവും സമുദ്രത്തിലെ ജലവും തമ്മില്‍ വേര്‍തിരിവില്ല. ജാതിമത ചിന്തകള്‍ പരിപൂര്‍ണമായി ഉപേക്ഷിക്കാനും ഏകോദര സഹോദരങ്ങളെപ്പോലെ പെരുമാറാനും അദ്ദേഹം ജനങ്ങളോട് കല്‍പ്പിച്ചു.
ശ്രീനാരായണ ഗുരു സ്ഥാപിച്ച അദൈ്വതാശ്രമത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നായരും നമ്പൂതിരിയും പറയനും പുലയനും ക്രിസ്ത്യാനികളും മുസ്‌ലിംകളുമായ വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്ന് ഉണ്ടു, ഒരുമിച്ചു പോയി പുഴയില്‍ കുളിച്ചു. ഒരുമിച്ച് ഒരേ ഹാളില്‍ കിടന്നുറങ്ങി. ഒരുമിച്ചിരുന്ന് പ്രാര്‍ഥിച്ചു. അദൈ്വത സിദ്ധാന്തം അദ്ദേഹം അതുവഴി അനുഷ്ഠാനത്തില്‍ കൊണ്ടുവന്ന് അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം” എന്നും ഒരു ജാതി ഒരു മതം ഒരുദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി”എന്നും ഗുരു പ്രചരിപ്പിച്ചു.
ഏഷ്യയില്‍ തന്നെ ആദ്യത്തെ സര്‍വമത സമ്മേളനം ഗുരുദേവന്‍ ആലുവായില്‍ വിളിച്ചു ചേര്‍ത്തു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നതായിരുന്നു സര്‍വമത സമ്മേളനത്തിന്റെ പ്രമേയം. ഒരു നാട്ടിലെ ജനങ്ങള്‍ക്കെന്നപോലെ ഒരു വീട്ടിലെ സഹോദരങ്ങള്‍ക്കും അവരുടെ ഇഷ്ടം പോലെ രാമനേയോ കൃഷ്ണനേയോ ക്രിസ്തുവിനേയോ അല്ലാഹുവിനേയോ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അതുപോലെ അന്യജാതിക്കാരുമായുള്ള വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരിക്കണമെന്നും ആയിരുന്നു ഗുരുവിന്റെ ആശയം.
എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃത്വത്തില്‍ മതപ്രസംഗകരെ നാടുനീളെ നിയോഗിച്ചപ്പോഴും അന്യമതങ്ങളെ വിമര്‍ശിച്ചു ഒരു വാക്ക് പോലും പറയരുതെന്ന് ഗുരു നിഷ്‌കര്‍ഷിച്ചു. ക്ഷേത്രങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാകണമെന്ന് ആഗ്രഹിച്ചു. അതിനോട് ചേര്‍ന്ന് പൂന്തോട്ടങ്ങളും വായനശാലകളും വേണമെന്ന് അദ്ദേഹം പറഞ്ഞു. ശ്മശാന ഭൂമി തോട്ടം പോലെയും ഭംഗിയായും സൂക്ഷിക്കണമെന്ന് അദ്ദേഹം കല്‍പ്പിച്ചു. ഒരാളെ മറവ് ചെയ്യുമ്പോള്‍ അവിടെ ഒരു മരം വെച്ചു പിടിപ്പിക്കണമെന്നും ഗുരു നിര്‍ദേശിച്ചു. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്. 1096 ഇടവ മാസത്തില്‍ കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തിന്റെ 18-ാം വാര്‍ഷികത്തില്‍ തന്നെ മദ്യവര്‍ജന പ്രമേയം പാസ്സാക്കപ്പെട്ടു.
സമുദായത്തിന്റെ അഭിവൃദ്ധിക്കും സദാചാരനിലക്കും ഹാനികരവും സര്‍വഥാ അപകര്‍ഷ ഹേതുകവുമായ ചെത്തു മദ്യ വ്യവസായവും ഈഴവര്‍ നിശ്ശേഷം നിറുത്തേണ്ടതാണെന്ന് പ്രമേയം വ്യക്തമാക്കി. മദ്യവര്‍ജനം നടപ്പിലായാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവരും ജീവിതമാര്‍ഗം തന്നെ മുട്ടിപ്പോകുന്നവരും സ്വജനരായ ഈഴവരാണെന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഗുരു മേല്‍പ്പറഞ്ഞ സന്ദേശം പുറപ്പെടുവിച്ചതെന്നും കോയിക്കല്‍ ജേക്കബ് എഴുതിയ ശ്രീനാരായണ ഗുരുവെന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
ശ്രീനാരായണ ഗുരു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അനുയായികളുടെ തന്നെ നടപ്പും ഇരിപ്പും നിലപാടുകളുമാണ് അതിന് പ്രധാന കാരണം. മതങ്ങള്‍ക്കും തത്വചിന്തകള്‍ക്കും ആ അപചയം സംഭവിച്ചിട്ടുണ്ട്. അതാത് മതങ്ങളെയും പ്രവാചകന്‍മാരെയും ചിന്തകന്‍മാരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ജനമധ്യത്തില്‍ ചീത്തയാക്കുന്നത് അതാതു പ്രസ്ഥാനങ്ങളുടെ അനുയായികള്‍ തന്നെയാണ്. ഈ പിഴവ് ഈഴവര്‍ക്കു മാത്രം സംഭവിച്ചതല്ല.
ഇത്തരം അബദ്ധങ്ങളുടെ വേലിയേറ്റത്തില്‍പ്പെടുന്ന ഒന്നാണ് നരേന്ദ്ര മോഡിയെ ഗുരുവിന്റെ അനുയായികള്‍ എഴുന്നള്ളിച്ചതിലൂടെ ചെയ്തത്. ധര്‍മ സ്ഥാപന പരിഷത്തിന്റെ ഉദ്ഘാടനാര്‍ഥം മോഡിയെ കേരളത്തിലെത്തിച്ചത് ശ്രീനാരായണ ഗുരുവിന്റെ സിദ്ധാന്തങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന നടപടിയായില്ല. ഗുരു നയിച്ച വിപ്ലവം അത്രമേല്‍ മഹത്തരമായിരുന്നു. നരേന്ദ്ര മോഡിയുടെ ചിന്തകളും നടപടികളും ശ്രീനാരായണ ധര്‍മത്തിന്റെ നേര്‍ വിപരീതമാണ്. നരേന്ദ്ര മോഡി ഒരു പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഉത്പന്നമാണ്. മനുഷ്യസാഹോദര്യമോ സഹിഷ്ണുതയോ അദ്ദേഹത്തിന്റെ ഒരു നടപടിയിലും കാണപ്പെടുന്നില്ല. മതന്യൂനപക്ഷങ്ങളെ ഉന്‍മൂലനം ചെയ്യാനുള്ള ആക്രമണോത്സുക രാഷ്ട്രീയമാണ് അദ്ദേഹം പിന്തുടരുന്നത്. ശ്രീനാരായണ ഗുരുവിന്റെ കാരുണ്യമോ സാഹോദര്യമോ ജീവജാലങ്ങളോടുള്ള അളവറ്റ സ്‌നേഹമോ സഹിഷ്ണുതയോ വിരുദ്ധമായ ആശയങ്ങളെയും ചിന്തകളെയും ഉള്‍ക്കൊള്ളാവുന്ന ഹൃദയ വിശാലതയോ മോഡിയെ തൊട്ടുതീണ്ടിയിട്ടില്ല. ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ ഭാരതീയ ജനതാപാര്‍ട്ടി പിന്തുടരുന്ന “തത്വാധിഷ്ഠിതമായ” നിലപാടുകള്‍ പോലും മോഡിക്ക് അന്യമാണ്. ഏതൊരു രാഷ്ട്രീയ കക്ഷിക്കും സ്വന്തമായി ചില നിലപാടുകളും പ്രവര്‍ത്തന ശൈലിയും കാണും. മറ്റുള്ളവര്‍ക്ക് അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഇത്തരം ഒരു കൃത്യമായ നിലപാട് മോഡിയില്‍ കാണാന്‍ കഴിയില്ല. അദ്ദേഹം മുഖംമൂടി ധാരിയായ ഒരു രാഷ്ട്രീയക്കാരനാണ്. രഹസ്യ അജന്‍ഡകളുള്ള ഒരു ഭരണാധികാരിയാണ്. ജനങ്ങളുടെ മുമ്പില്‍ കാഴ്ചവെക്കുന്നതല്ല അദ്ദേഹത്തിന്റെ ശരിയായ മുഖം.
ഹിറ്റ്‌ലറുടെ മരണശേഷവും ചില ലോക രാഷ്ട്രങ്ങളില്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കക്ഷികളോടും അതിന്റെ നേതാക്കളോടുമാണ് മോഡിയെ താരതമ്യം ചെയ്യേണ്ടത്. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചക്കു കളമൊരുക്കിയ സംഘപരിവാര്‍ രാഷ്ട്രീയം പുതിയ രൂപത്തില്‍ മോഡി മുന്നോട്ടു കൊണ്ടുപോകുകയാണ്. 1992ലെ ഹിന്ദുത്വ അജന്‍ഡയില്‍ ബാബരി മസ്ജിദ് തകര്‍ക്കലായിരുന്നു പ്രധാന ഇനം. അന്നത്തെ സകല ബി ജെ പി നേതാക്കളും അതിനു കൂട്ടുനിന്നു. മതേതരത്വത്തിന്റെ മുഖാവരണം വലിച്ചു കീറി വര്‍ഗീയ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏകീകരണത്തിലൂടെ അധികാരത്തിലെത്താനുള്ള ഉപാധിയായിട്ടാണ് അന്ന് അത് ചെയ്തത്. തല്‍ഫലമായി ബി ജെ പി അധികാരത്തിലെത്തി. മതന്യൂനപക്ഷങ്ങളുടെ ഹൃദയത്തോട് ഒട്ടിനിന്ന ചില പ്രതീകങ്ങളാണ് അന്ന് ലക്ഷ്യമിട്ടതെങ്കില്‍ ഇപ്പോള്‍ മോഡി ന്യൂനപക്ഷങ്ങളെ തന്നെ നേരിട്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന തന്ത്രമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പോലീസും പട്ടാളവും ഭരണകൂടവും നിശ്ശബ്ദരായി ബാബ്‌രി മസ്ജിദ് തകര്‍ക്കുന്ന രംഗം നോക്കി നിന്നു.
ഗുജറാത്തില്‍ ഭരണകൂടവും പോലീസും ഒന്നടങ്കം ഒരു ജനതയെ ചുട്ടുകരിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. ഭരണാധികാരികളുടെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥന്‍മാരും ഉന്‍മൂലന നടപടിയില്‍ പങ്കാളികളായി. സത്യസന്ധരും മനുഷ്യസ്‌നേഹികളുമായ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അതില്‍ പ്രതിഷേധിക്കുമ്പോള്‍ അവരുടെ പേരില്‍ ഭരണകൂടം അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നു. മതകാരണങ്ങളാല്‍ ഒരു ജനവിഭാഗത്തെ നേര്‍ക്കുനേര്‍ ആക്രമിക്കാന്‍ ഉത്തരവ് നല്‍കിയ ഒരു മുഖ്യമന്ത്രിയെ ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്‍ശമേറ്റ് പുളകമണിഞ്ഞ മണ്ണിലേക്ക് ആനയിക്കുന്ന നടപടി വന്‍ വിരോധാഭാസമാണ്.
മതവൈരത്തിന്റെയും ആക്രമണോത്സുക ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും അപ്പോസ്തലനായ മോഡിയെ ഭിന്നതകളെ ഉരുക്കികളയുകയും മനുഷ്യവംശം ഒന്നാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഗുരുവിന്റെ മണ്ണിലേക്ക് ആനയിക്കുന്നവര്‍ ആരുടെ അനുയായികളാണ്? ഒരു വിഭാഗം സമുദായ നേതാക്കളുടെ ഈ കടുംകൈ അവരുടെ രാഷ്ട്രീയ വ്യാമോഹങ്ങളുടെ സാക്ഷാത്കാരം മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. ഈ യാഥാര്‍ഥ്യം ശരിയായ ഗുരുസ്‌നേഹികള്‍ തിരിച്ചറിയുമെന്ന് കരുതാം.
നരേന്ദ്ര മോഡിയെന്ന വ്യക്തിയെക്കുറിച്ച് പരാതിപ്പെടുകയല്ല. മോഡിയെന്ന ഭരണാധികാരിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് പ്രശ്‌നം. പ്രധാനമന്ത്രി പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളെ തന്നെ ബി ജെ പിയുടെ സഖ്യകക്ഷികള്‍ എതിര്‍ത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഗുരുവിന്റെ ജന്മനാട്ടില്‍ തന്നെ അദ്ദേഹത്തിന്റെ ഒരു പറ്റം അനുയായികള്‍ ഗുരുദര്‍ശനത്തെ പരിഹസിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അനുചിതമാണ്. ലോക രാഷ്ട്രങ്ങളില്‍ പലതും അദ്ദേഹത്തിനു വിസ പോലും നിഷേധിക്കുന്ന ഒരു ഘട്ടത്തിലാണിത്. മോഡിയെ സ്വീകരിക്കുകയോ ബഹുമാനിക്കുകയോ ക്ഷണിക്കുകയോ ചെയ്യാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിലൊക്കെ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം മോഡിക്കുമുണ്ട്. പക്ഷേ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഗുരുവിന്റെ ദര്‍ശനത്തെ വളച്ചൊടിക്കരുത്. അതിന്റെ പരിശുദ്ധിയും മഹിമയും മാറ്റും നഷ്ടപ്പെടുത്തുകയോ കളങ്കപ്പെടുത്തുകയോ അരുത്. ഗുരുവിനെപ്പോലുള്ളവര്‍ ലോക ജനതയുടെ പൊതുസ്വത്താണ്. ഒരു തത്വചിന്തയും ആരുടെയും സ്വകാര്യ സ്വത്തല്ല. ഗാന്ധിയും ശ്രീനാരായണഗുരുവും ഉള്‍പ്പെടെ ഓരോ കാലഘട്ടത്തിലും സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കും ജനനന്‍മക്കും ഉതകുന്ന നടപടികള്‍ സ്വീകരിച്ച മഹാന്‍മാരും ആരുടെയും സ്വന്തമല്ല. അവരുടെ എല്ലാ നന്‍മകളും ജീവിത മാതൃകകളും മനുഷ്യവംശത്തിനു പൊതുവായി നല്‍കപ്പെട്ടിട്ടുള്ളതാണ്.
പ്രവാചകന്‍മാരുടെയും മതഗ്രന്ഥങ്ങളുടെയും കാര്യവും അതുപോലെ തന്നെയാണ്. ഓരോ സമുദായങ്ങളിലേക്കും ഓരോ കാലയളവിലേക്കും അയക്കപ്പെട്ട പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും മാനവകുലത്തിനാകമാനം അനുഗ്രഹമായി വന്നവരും അവരിലൂടെ ലോകത്തിനു കിട്ടിയ വേദങ്ങളും ഉള്‍പ്പെടെ സര്‍വവും മാനവരാശിയുടെ പൊതുസമ്പത്താണ്. എല്ലാ ഗ്രന്ഥങ്ങളും എല്ലാവരുടെതുമാണ്. സകലരും സകലതും അറിയണം. വിവരാവകാശ നിയമങ്ങള്‍ ജനിക്കുന്നതിന് മുമ്പേ ആ അവകാശം ദൈവം സൃഷ്ടികള്‍ക്കു പതിച്ചു നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഒന്നിനെ സ്വീകരിക്കാമെങ്കിലും എല്ലാം അറിയുന്നതിലൂടെ ആ സ്വീകാര്യതയുടെ ന്യായങ്ങള്‍ കൂടുതല്‍ ധന്യവും യുക്തിസഹവുമാകും. കൂപമണ്ഡൂകങ്ങളുടെ ദുരവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവിതതിന്റെ മഹത്വം അപ്രാപ്യമാണ്.
ശ്രീനാരായണ ഗുരുവെന്ന സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ, നവോത്ഥാന നായകന്റെ അദൈ്വത ചിന്താ പ്രയോക്താവിന്റെ മഹത്വത്തെ ലഘൂകരിക്കുന്നതും അദ്ദേഹത്തെ ഏതോ ഒരു ചെറിയ വിഭാഗത്തിന്റെയും നേതാക്കളുടെയും ഭൗതികാഗ്രഹ സഫലീകരണത്തിന്റെ ഉപാധിയാക്കി തരംതാഴ്ത്തുന്നതും നല്ലതല്ല. അത്തരം ഒരു നടപടിയുടെ ആക്കം കൂട്ടാനേ നരേന്ദ്രമോഡിയുടെ സാന്നിധ്യം പ്രയോജനപ്പെടുകയുള്ളൂവെന്ന് പറയേണ്ടി വന്നതില്‍ ക്ഷമിക്കണം. മോഡിയെ പോലുള്ളവര്‍ക്ക് വേണ്ടിയാണ് ഗുരു കണ്ണാടി പ്രതിഷ്ഠിച്ചത്. ആദ്യം അതില്‍ നോക്കി അദ്ദേഹം സ്വയം തിരിച്ചറിയട്ടെ.

 

 

Latest