Connect with us

Thrissur

ആഡംബര കാര്‍ ഓടിച്ച പത്ത് വയസ്സുകാരന്റെ പിതാവ് അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: ആഡംബര കാര്‍ ഓടിച്ച് യൂ ടൂബിലൂടെയും വിദേശ ചാനലുകളിലൂടെയും ലോകശ്രദ്ധ നേടിയ ബാലന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി മുഹമ്മദ് നിഷാമിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

പിറന്നാളിന് മകന് സമ്മാനമായി നല്‍കിയ മൂന്നരക്കോടി രൂപ വില വരുന്ന ഫെറാരി എഫ് 430 കാര്‍ പോലീസ് പിടിച്ചെടുത്തുവെങ്കിലും ആവശ്യപ്പെടുമ്പോള്‍ കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ നിഷാമിന് തിരികെ നല്‍കി. 5,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ബിസിനസുകാരനും തൃശൂര്‍ സ്വദേശിയുമായ നിഷാമിനെ ജാമ്യത്തില്‍ വിട്ടത്. ജുവനൈല്‍ ജസ്റ്റീസ് ആക്ടിലെ 23-ാം വകുപ്പ് പ്രകാരം കുട്ടികളെ ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിച്ചതിനും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ലൈസന്‍സില്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിനുമാണ് നിഷാമിനെതിരെ പോലീസ് കേസെടുത്തിരുന്നത്. പത്താം പിറന്നാള്‍ ദിനത്തില്‍ അനിയനെയും ഒപ്പമിരുത്തി ആഡംബര കാര്‍ ഓടിച്ച പത്ത് വയസ്സുകാരന്‍ യുട്യൂബില്‍ ശ്രദ്ധേയനായിരുന്നു. കാര്‍ ഓടിക്കണമെന്ന് മകന്‍ ഇഷാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് അതിന് അനുവദിച്ചതെന്ന് നിഷാം പോലീസിനോട് പറഞ്ഞു.
ഇഷാന്‍ കാര്‍ ഓടിച്ചുപോകുന്നത് യുട്യൂബില്‍ പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഇഷാന്റെ മാതാവ് കാറിന്റെ താക്കോല്‍ നല്‍കുന്നതും തെല്ലും ഭയമില്ലാതെ അനായസമായി കാര്‍ സ്റ്റാര്‍ട്ട് ചെയ്തുപോകുന്നതുമെല്ലാം യു ട്യൂബില്‍ വ്യക്തമാണ്. അഞ്ച് വയസ്ലുകാരനായ അനിയനെയും ഒപ്പമിരുത്തിയായിരുന്നു യാത്ര. വിദേശ രാജ്യങ്ങളിലൊക്കെ കുട്ടി ചര്‍ച്ചാവിഷയമായി. ലണ്ടനിലെ ടി വി ചാനലുകള്‍ കുട്ടിയെ പരിചയപ്പെടുത്തി. ഈയിടെ എന്‍ ഡി ടി വി ഇഷാനെക്കുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്തപ്പോഴാണ് കുട്ടി തൃശൂര്‍ സ്വദേശിയാണെന്ന് ലോകമറിഞ്ഞത്.
കൊച്ചുകുട്ടി കാര്‍ ഓടിക്കുന്നത് ജുവനൈല്‍ ആക്ട് പ്രകാരവും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരവും കുറ്റകരമായ അനാസ്ഥയായതിനാല്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇഷാനെ പേരാമംഗലം സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോള്‍ താന്‍ വേറെയും കാറുകള്‍ ഓടിച്ചിട്ടുണ്ടെന്നായിരുന്നു കുട്ടിയുടെ മറുപടി.

 

 

Latest