Connect with us

International

ബോസ്റ്റണ്‍ സ്‌ഫോടനം: മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: യു എസില്‍ ബോസ്റ്റണ്‍ മാരത്തോണിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു. രണ്ട് കസാഖിസ്ഥാന്‍ പൗരന്മാരടക്കം മൂന്ന് വിദ്യാര്‍ഥികളെയാണ് സ്‌ഫോടനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പത്തൊമ്പത് വയസ്സ് പ്രായമുള്ള അസമത് ടസ്യാകോവ്, ഡയസ് കദിര്‍ബയേവ് എന്നിവരാണ് അറസ്റ്റിലായ കസാഖിസ്ഥാന്‍ പൗരന്മാര്‍.

ബുധനാഴ്ച വൈകീട്ടാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയതിനും തെളിവുകള്‍ നശിപ്പിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. റോബല്‍ ഫിലിപ്പോസ് ആണ് അറസ്റ്റിലായ മൂന്നാമത്തെയാള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരം നല്‍കിയെന്ന കുറ്റമാണ് യു എസ് പൗരനായ ഇയാള്‍ക്കെതിരെ ചുമത്തിയത്.
അറസ്റ്റിലായ സോക്കര്‍ സര്‍നേവിനെതിരെ നേരത്തെ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സോക്കര്‍ സര്‍നേവ് ആശുപത്രി വിട്ടിരുന്നു. ജയിലിലെ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണിപ്പോള്‍. ഇയാളുടെ സഹോദരനായ തമേര്‍ലാന്‍ സര്‍നേവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ഇരുവരും ചേര്‍ന്ന് ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈനിനു സമീപം പ്രഷര്‍ കുക്കര്‍ ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നാണ് പോലീസ് ആരോപിക്കുന്നത്.