Connect with us

Kerala

ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കുടുംബശ്രീ പദ്ധതി

Published

|

Last Updated

കൊല്ലം:സ്ത്രീശാക്തീകരണത്തിലൂന്നിയ പ്രാദേശിക വികസനവും ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംസ്ഥാനത്ത് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

സംരംഭങ്ങള്‍, സംഘകൃഷി, വിദഗ്ധ തൊഴില്‍ പരിശീലനം എന്നിവ വഴിയാണ് തൊഴില്‍ ലഭ്യമാക്കുക. ഇതിന് പരമാവധി തൊഴില്‍ സംരംഭ സാധ്യതകള്‍ കണ്ടെത്തി അതാത് മേഖലകളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം ലഭ്യമാക്കും. തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന വിവിധ ഏജന്‍സികളുടെ സഹായവും തേടും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കൊല്ലം ജില്ലയില്‍ പതിനായിരം പേര്‍ക്കാണ് ഉപജീവന മാര്‍ഗം എന്ന നിലയില്‍ സ്ഥിരം തൊഴില്‍ നല്‍കുന്നത്. ഊര്‍ജ സംരക്ഷണം, പാരമ്പര്യേതര ഊര്‍ജ ഉപകരണങ്ങളുടെ പ്രചാരണം, വിപണനം എന്നിവക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ദേശീയപാതയോരത്ത് പാഥേയം എന്ന പേരില്‍ നിര്‍മിക്കുന്ന റസ്റ്റോറന്റുകളില്‍ 100 പേര്‍ക്ക് തൊഴില്‍ നല്‍കും. ഇതിനകം ജനപ്രീതിയാര്‍ജിച്ച കഫെ, കുടുംബശ്രീ യൂനിറ്റുകളുടെ മാതൃകയിലാണ് ദേശീയപാതയോരത്ത് റസ്റ്റോറന്റുകള്‍ നിര്‍മിക്കുന്നത്.
150 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വസ്ത്ര ഗ്രാമം പദ്ധതി, പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഏറ്റെടുത്ത് ഹൗസ് കീപ്പിംഗ് ആന്‍ഡ് കാന്റീന്‍ സര്‍വീസ് മേഖലയില്‍ 10 പേര്‍ക്ക് വീതം തൊഴില്‍ നല്‍കല്‍, കാര്‍പ്പന്ററി, ഹോം അപ്ലയന്‍സ് റിപ്പയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, പ്രിന്റര്‍ സര്‍വീസിംഗ്, പ്ലംബിംഗ്, വയറിംഗ് യൂനിറ്റുകള്‍, ഹോം നഴ്‌സിംഗ്, ഹൗസ് മെയ്ഡ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കി ഉപജീവന മാര്‍ഗം കണ്ടെത്തുക എന്നതും കുടുംബശ്രീ മിഷന്റെ ലക്ഷ്യങ്ങളാണ്. നെറ്റ് മേക്കിംഗ് യൂനിറ്റ്, ഡ്രൈ ഫിഷ്, ഉരുക്ക് വെളിച്ചെണ്ണ യൂനിറ്റ് എന്നീ തൊഴില്‍ സംരംഭങ്ങളും നടപ്പാക്കും. കൊല്ലം ജില്ലയില്‍ ഇവ പ്രവൃത്തിപഥത്തിലാണ്. വനിതകളെ ഓട്ടോ ഡ്രൈവിംഗ് പഠിപ്പിക്കല്‍, കുടുംബശ്രീ ബസ് സര്‍വീസ് ആരംഭിക്കല്‍, കരകൗശല വസ്തുക്കളുടെ നിര്‍മാണം എന്നീ രംഗങ്ങളിലും വനിതകള്‍ക്ക് പ്രോത്സാഹനം നല്‍കും.
വിപണന സാധ്യതയുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തി സ്ഥിരം വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്ന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മാസച്ചന്തകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊല്ലം ജില്ലയില്‍ ഇവയുടെ എണ്ണം 30 ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം. സ്ഥിരം വിപണന കേന്ദ്രങ്ങളും തുടങ്ങും. സംസ്ഥാനത്തെ മിക്ക ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണനം നടത്താന്‍ കെട്ടിടങ്ങള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ കുടുംബശ്രീ വിപണന കേന്ദ്രങ്ങളായി ഒരു ബ്രാന്‍ഡിന്റെ പേരില്‍ കൊണ്ടുവരികയെന്നതാണ് പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ സൂപ്പര്‍മാര്‍ക്കറ്റ് പന്മനയില്‍ ആരംഭിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സ്ഥിരം പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കാര്‍ഷിക രംഗത്ത് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഒരു സി ഡി എസില്‍ 24 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കും. ഇതിന് ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ രൂപവത്കരിക്കും.
കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ ധനസഹായം നല്‍കും. സി ഡി എസുകളില്‍ തൊഴില്‍ക്കൂട്ടം രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. കൊല്ലം കലക്ടറേറ്റില്‍ ഉച്ചഭക്ഷണ പൊതി ലഭ്യമാക്കുന്ന യൂനിറ്റും പ്രവര്‍ത്തനം തുടങ്ങും. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ബൃഹത്പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ ഊര്‍ജിത നടപടികളാണ് കുടുംബശ്രീ മിഷന്‍ ആരംഭിച്ചിരിക്കുന്നത്.

Latest