Connect with us

Malappuram

മത്സ്യത്തിലെ ഐസ് രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പ്

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ഇവ കൂടുതലും ജലജന്യമാണെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍ദേശിച്ചു.

വെളളം ദിവസങ്ങളോളം സംഭരിച്ച് വെക്കുന്ന ശീലം, തിളപ്പിക്കാത്ത വെളളത്തിന്റെ ഉപയോഗം എന്നിവ കൂടാതെ ആഘോഷവേളകളിലെ “വെല്‍ക്കം ഡ്രിങ്ക്” ന് മത്സ്യം സൂക്ഷിക്കാനായി നിര്‍മിക്കുന്ന ഐസില്‍ നിന്നുളള വെളളം ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗം പടരാന്‍ ഇടയാക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ടൗണ്‍ഹാളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഡെങ്കിപ്പനിയും ഹെപ്പറ്റെറ്റിസും റിപ്പോര്‍ട്ട് ചെയതിട്ടുളളത് ഊരകം, പരപ്പനങ്ങാടി, അരീക്കോട്, നെടുവ, വേങ്ങര, കോട്ടക്കല്‍, തിരൂരങ്ങാടി, വഴിക്കടവ് പഞ്ചായത്തുകളിലാണ്. ഇവിടങ്ങളിലെല്ലാം രോഗങ്ങള്‍ ജലജന്യമാണെന്ന് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു.

തീരദേശ പ്രദേശങ്ങളില്‍ കുടിവെളളം തുടര്‍ച്ചയായി ലഭിക്കാത്തതിനാല്‍ ശേഖരിച്ച് വെ്ക്കുന്ന പ്രവണതയുണ്ട്. ഇങ്ങനെ ശേഖരിച്ച് വെക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നത് ഡെങ്കിപ്പനി പടരാന്‍ ഇടയാക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അരീക്കോട് താഴത്തങ്ങാടിപ്രദേശത്ത് ചാലിയാറിലെ മലിനജലം പ്രശ്‌നമാവുന്നുണ്ട്. ഡെങ്കിപ്പനി കൂടാതെ വൈറല്‍ ഹെപ്പറ്റെറ്റിസും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലാ സര്‍വെലന്‍സ് ഓഫീസറുടെ അധ്യക്ഷതയില്‍ എല്ലാ ബുധനാഴ്ചകളിലും യോഗം ചേരണമെന്നും വാര്‍ഡ് തല കമ്മിറ്റികള്‍ക്ക് അനുവദിച്ച 25000 രൂപ ഫലപ്രദമായി വിനിയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ ഡോ. പി കെ ജമീല നിര്‍ദേശിച്ചു.

ജില്ലയിലെ ” ഹോട്ട് സ്‌പോട്ട്” കളായ എട്ട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയില്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന ധാരണയോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഗരസഭകളുടെയും പഞ്ചായത്തുകളുടെയും ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശം ബന്ധപ്പെട്ട മന്ത്രിമാര്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. വാര്‍ഡ് തല കമ്മിറ്റികള്‍ സജീവമാക്കി സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനം നടത്താനും മന്ത്രി നിര്‍ദേശിച്ചു.
നഗരകാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല എം എല്‍ എ, ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest