Connect with us

Articles

നരേന്ദ്ര മോഡിയും ശിവഗിരി രാഷ്ട്രീയവും

Published

|

Last Updated

നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം രാഷ്ട്രീയ- സാംസ്‌കാരിക രംഗങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നല്ലോ. ഏതാനും മാസം മുമ്പ് ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി ശിവഗിരിയില്‍ തീര്‍ഥാടനവേളയില്‍ വന്നിരുന്നു. അന്നുണ്ടാകാതിരുന്ന ഇളകിയാട്ടം ഇപ്പോള്‍ ഉണ്ടായത് എന്തുകൊണ്ട്?

ഗുജറാത്തിലെ നരഹത്യ ഉള്‍പ്പെടെയുള്ള കൊടിയ ഭീകരസംഭവങ്ങള്‍ക്ക് മോഡി ഭരണം പ്രതിക്കൂട്ടിലാണ്. ഒരു വനിതാ മന്ത്രി ജയിലിലുമാണ്. അപ്പോഴാണ് കേരളത്തിലെ മാധ്യമ ചക്രവാളത്തില്‍ ഒരു ചോദ്യമുയര്‍ന്നിരിക്കുന്നത്. നരേന്ദ്രമോഡി ഭൂതമാണോ? നമ്മെ ഭയപ്പെടുത്തുന്ന ഭൂതങ്ങളെ അറിയാവുന്ന ആളാകണമല്ലോ ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ പരസ്പരം കാണുന്നതും സംസാരിക്കുന്നതും നിഷിദ്ധമല്ലെന്നാണ് ഈ ചോദ്യകര്‍ത്താവിന്റെ മനസ്സിലിരിപ്പ്. മോഡിയെ കണ്ടാലെന്താണ് കുഴപ്പം. അദ്ദേഹം ഭൂതമാണ്? എന്നാണ് ചോദ്യം. ഭയപ്പെടുത്തുന്ന ഭൂതങ്ങളെ അറിയുന്ന ആളായതുകൊണ്ടാണ് ഈ ചോദ്യമുന്നയിക്കുന്നത്.

ഗുജറാത്തില്‍ നരഹത്യക്ക് നേതൃത്വം നല്‍കിയ മോഡിയുടെ ഭീകരവാഴ്ചയെപ്പറ്റി ഗുജറാത്തിലെ തന്നെ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥനായ ആര്‍ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും ഇതിനകം പച്ചയായി തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഭീകരതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിലുമാണ് മലയാളിയായ ആര്‍ ബി ശ്രീകുമാര്‍. ഒരര്‍ഥത്തില്‍ അദ്ദേഹം ഒരു ഉത്താരമാണ്. അവതാരത്തിന്റെ വിപരീതം. മുകളില്‍ നിന്ന് ഭൂമിയിലേക്ക് വരുന്നത് അവതാരം, ഭൂമിയില്‍ നിന്ന് മുകളിലക്ക് വരുന്നത് ഉത്താരം. ഒരര്‍ഥത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രക്ഷക പരിവേഷമുള്ള ഉത്താരം തന്നെയാണ് ധീരതയുടെ പര്യായമായി കഴിഞ്ഞ ആര്‍ ബി ശ്രീകുമാര്‍. അദ്ദേഹത്തെപ്പോലുള്ള മനുഷ്യസ്‌നേഹികളെ അവഹേളിക്കലാണ് മോഡി ഭൂതമാണോ എന്ന് ചോദിക്കുന്നവര്‍ ചെയ്യുന്നത്.

ഗുജറാത്തിലെ നരഹത്യകള്‍ക്കിടയില്‍ ഗര്‍ഭിണിയുടെ വയര്‍ വാളുകൊണ്ട് കുത്തിക്കീറി കുഞ്ഞിനെ വാള്‍മുനയില്‍ എടുത്ത് തീയിലിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കശ്മലന്മാര്‍ ഭൂതമാണോ എന്ന ചോദ്യം ഇത്തിരി കടന്നതാകുന്നത് അതുകൊണ്ടാണ്. മോഡി ഭൂതമാണോ എന്ന് ചോദിച്ചവര്‍ വര്‍ത്തമാനകാലത്തെ മനലിമാക്കുകയാണ് ചെയ്തിരിക്കുന്നത്.

മോഡി ഭൂതമല്ല, ഭാവിയില്ലാത്ത വര്‍ത്തമാനം മാത്രമാണെന്ന് കാണാന്‍ വിഷമമില്ല. പിന്നാക്ക സമുദായക്കാരനായ മോഡിയെ പ്രധാനമന്ത്രിയാക്കുമെന്ന് പറയുന്നത് കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി “മുഖ്യമന്ത്രിയായതു”പോലിരിക്കും. ഉത്തര്‍ പ്രദേശില്‍ കല്യാണ്‍ സിംഗിനെ കുറച്ച് കാലം മുഖ്യമന്ത്രിയാക്കിവച്ചുകൊണ്ടാണ് ബാബരി മസ്ജിദ് തകര്‍ത്തത്. അതിനെ രാഷ്ട്രീയ നേട്ടമാക്കി യാദവനെ ഉപയോഗിച്ചു. കേരളത്തില്‍ ഈഴവരെ പാട്ടിലാക്കാന്‍ നടത്തുന്ന സൂത്രപ്പണികളാണ് ഇപ്പോള്‍ നാം കാണുന്നത്. നായര്‍ സമുദായ സംഘടനാ കേന്ദ്രമായ പെരുന്നയിലോ മറ്റ് ഏതെങ്കിലും സമുദായ കേന്ദ്രങ്ങളിലേക്കോ മോഡി ക്ഷണിക്കപ്പെട്ടിട്ടില്ല. സന്ദര്‍ശിച്ചിട്ടുമില്ലെന്ന കാര്യം ശ്രദ്ധേയം. വെള്ളാപ്പള്ളിയെ വശത്താക്കി ശിവഗിരിയില്‍ അഡ്വാനിയും മോഡിയുമെത്തി. ഇനി ഈഴവര്‍ കൂട്ടത്തോടെ താമര ചിഹ്നത്തില്‍ വോട്ടു ചെയ്യേണ്ട താമസം, ഹിന്ദു രാഷ്ട്രം വരവായി. ഇത് സ്വപ്നമല്ല, ദുഃസ്വപ്നമാണ്. ബി ജെ പിയുടെ രാഷ്ട്രീയവും ശിവഗിരിയുടെ ചരിത്രവും പരസ്പര പൂരകമല്ല. വിരുദ്ധം മാത്രമാണ്. ശ്രീനാരായണഗുരു ഹിന്ദു സന്യാസിയല്ല. ശിവഗിരി ഹിന്ദു മഠവുമല്ല എന്നതാണ് ചരിത്ര സത്യം ബി ജെ പിയുടെ മറ്റൊരിടത്തും ഉണ്ടാകാത്ത മോഡി വിരോധമാണ് കേരളത്തിലുണ്ടായതെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതാണ് മോഡിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയം. ഭാവി പ്രധാനമന്ത്രിയെ ജനം വെറുക്കുന്നു എന്ന് സ്ഥാപിക്കപ്പെട്ടു.

അവശിഷ്ടം: ഒരാള്‍ ചത്തുകഴിഞ്ഞാല്‍ ശവത്തെ എന്തു ചെയ്യണമെന്ന ചോദ്യത്തിന് ചക്കിലാട്ടി തെങ്ങിന് വളമാക്കണമെന്ന് പറഞ്ഞ യുക്തിവാദിയായ നാരായണഗുരു ഹിന്ദു ധര്‍മത്തിന്റെ ഭാഗമാണെന്ന് പറയുന്നവരെ ചാകാതെ തന്നെ ചക്കിലാട്ടി വളമാക്കേണ്ടതാണ്. നാമായി ഒരു മതത്തിലും പൊടുന്നില്ലെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നുമാണ് ഗുരു ഉപദേശിച്ചത്. ക്ഷേത്ര പ്രതിഷ്ഠകളുടെ കാലം കഴിഞ്ഞു. ഇനി വേണ്ടത് വിദ്യാലയങ്ങളും വ്യവസായ ശാലകളുമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ സന്യാസം തന്നെ നിയമലംഘനമായിരുന്നു. ബ്രിട്ടീഷ് ഭരണം നടന്നിരുന്നതുകൊണ്ടാണ് ഗുരുവിനെ വധിക്കാന്‍ കഴിയാതെ വന്നത്. വൈകുണ്ഠ സ്വാമികളെ സ്വാതിതിരുനാള്‍ ജയിലില്‍ അടച്ച് വധിക്കാന്‍ ശ്രമിച്ചത് പഠനാര്‍ഹമാണ്; ചിന്തനീയമാണ്.

---- facebook comment plugin here -----

Latest