Connect with us

Kerala

വീട്ടിലേക്കുള്ള വഴി ഇനി സരോജിനിക്ക് സ്വന്തം

Published

|

Last Updated

കോഴിക്കോട്:20 വര്‍ഷത്തെ പോരാട്ടം വെറുതെയായില്ല, 65 കാരിയായ തിരുവണ്ണൂര്‍ കൊണ്ടന്‍കടവത്ത് സരോജിനിക്ക് ഇനി സ്വതന്ത്രമായി സ്വന്തം വീട്ടുമുറ്റത്ത് എത്താം. വീട്ടിലേക്കുള്ള വഴി അയല്‍വാസി കൊട്ടിയടച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ദുരിതം പേറിയ ഈ വിധവക്ക് കോഴിക്കോട് ആര്‍ ഡി ഒ. ടി വി ഗംഗാധരന്റെയും നാട്ടുകാരുടെയും ശ്രമഫലമായാണ് വീട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയത്. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസര്‍ ചാര്‍ജുള്ള അനില്‍കുമാറും സംഘവും ഇന്നലെ വൈകീട്ട് വീട്ടിലെത്തിയാണ് വഴി തുറന്നുകൊടുക്കുന്നത് സംബന്ധിച്ച ആര്‍ ഡി ഒയുടെ ഉത്തരവ് കൈമാറിയത്. വീടിന്റെ തെക്കുവശത്ത് കൂടിയുള്ള വഴിയാണ് തുറന്നത്. ഈ വീട്ടമ്മയുടെ ദുരവസ്ഥയെ കുറിച്ച് കഴിഞ്ഞ ജൂലൈ 13ന് സിറാജ് വാര്‍ത്ത നല്‍കിയിരുന്നു.

ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് സരോജിനിയുടെ കഷ്ടകാലം ആരംഭിക്കുന്നത്. വീടിരിക്കുന്ന സ്ഥലം വില്‍ക്കുന്നോ എന്ന് ചോദിച്ച് അയല്‍ക്കാരന്‍ പലവട്ടം സരോജിനിയെ സമീപിച്ചിരുന്നു. സെന്റിന് എട്ട് ലക്ഷം രൂപ വരെ വില കിട്ടുന്ന സ്ഥലം വെറും മൂന്ന് ലക്ഷത്തിന് ലഭിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പക്ഷെ, ഭര്‍ത്താവിന്റെ ഓര്‍മകളുറങ്ങുന്ന വീടും സ്ഥലവും വില്‍ക്കുകയെന്നത് സരോജിനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല. സ്ഥലം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ അയല്‍ക്കാരന്‍ ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. സരോജിനിയുടെ പുരയിടത്തില്‍ നിന്ന് മിനി ബൈപ്പാസിലേക്ക് കയറാവുന്ന രണ്ട് വഴികളും മതില്‍കെട്ടി അടച്ചു. പിന്നീട് മറ്റൊരു അയല്‍വാസിയുടെ പറമ്പിലൂടെയായിരുന്നു യാത്രയെങ്കിലും വീടുപണിയുടെ ഭാഗമായി അവര്‍ മതിലുകെട്ടിയതോടെ അതും നിലക്കുകയായിരുന്നു.

Latest