Connect with us

Gulf

കുടുംബങ്ങള്‍ താമസിക്കുന്നിടങ്ങളില്‍ ബാച്ചിലര്‍മാര്‍ പാടില്ല: ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ:കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ബാച്ചിലര്‍മാര്‍ ഒഴിയണമെന്ന് ദുബൈ നഗരസഭ മുന്നറിയിപ്പു നല്‍കി. കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളില്‍ അവരുമായി വീട് പങ്കിടാന്‍ ബാച്ചിലര്‍മാര്‍ക്ക് ഒരു തരത്തിലും സാധ്യമല്ലെന്നും നഗരസഭ കെട്ടിട വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ എഞ്ചി. യൂസുഫ് അബ്ദുല്ല അല്‍ മര്‍സൂഖി വ്യക്തമാക്കി.
സാമൂഹിക സുരക്ഷിതത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നത്. കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നഗരസഭ അധികൃതര്‍ ഈയിടെ പരിശോധന നടത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ കൂടി താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണം. അവരെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമകളും സന്നദ്ധരാകണം. കെട്ടിട ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില കെട്ടിടങ്ങളില്‍ നോട്ടീസ് സമയപരിധി കഴിഞ്ഞതിനാല്‍ വൈദ്യുതി, വെള്ളം ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. നഗരസഭയുടെ നിര്‍ദേശവുമായി പൊതുജനങ്ങള്‍ സഹകരിക്കണം. കുടുംബങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ഇപ്പോഴും ചില കെട്ടിട ഉടമകള്‍ ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നുണ്ട്. കുടുംബങ്ങളില്‍ നിന്ന് പരാതി ലഭ്യമാവുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.
ഇതോടൊപ്പം കുടുംബങ്ങള്‍ ഭവനം പങ്കുവെക്കുന്നത് സംബന്ധിച്ചും ചട്ടങ്ങളും നിബന്ധനകളുമുണ്ട്. രാജ്യത്തിന്റെ സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് ഇവ പങ്കുവെക്കുന്നതെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ലോക്കല്‍ ഓര്‍ഡര്‍ നമ്പര്‍ 1999 വകുപ്പ് മൂന്ന് അനുസരിച്ചാണ് ഈ നിര്‍ദേശമെന്നും യൂസുഫ് അബ്ദുല്ല അല്‍ മര്‍സൂഖി പറഞ്ഞു. നഗസഭയുടെ പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാവുകയാണെങ്കില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബാച്ചിലര്‍മാര്‍ മാറി താമസിക്കേണ്ടിവരും.