Connect with us

Ongoing News

ഐ ലീഗ് കിരീടം വീണ്ടും ഗോവയിലേക്ക്: ഇന്ത്യയില്‍ ചര്‍ച്ചില്‍

Published

|

Last Updated

വാസ്‌കോ: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ചാമ്പ്യന്‍മാര്‍. തിലക് മൈതാനിയില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാനെ 1-1ന് സമനില പിടിച്ചാണ് ചര്‍ച്ചില്‍ ഐ ലീഗ് കിരീടത്തില്‍ രണ്ടാം തവണയും മുത്തമിട്ടത്. 25 മത്സരങ്ങളില്‍ 52 പോയിന്റാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ റെഡ് ഡെവിള്‍സ് സീസണില്‍ സ്വന്തമാക്കിയത്.
ഇതോടെ, ഐ ലീഗ് എഡിഷനിലെ ആറ് കിരീടങ്ങളും ഗോവന്‍ ക്ലബ്ബുകള്‍ സ്വന്തമാക്കി. ദേശീയ ലീഗില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഐ ലീഗിലേക്ക് രൂപാന്തരപ്പെട്ടത് 2007-08 സീസണിലായിരുന്നു. ഡെംപോ ഗോവയായിരുന്നു പ്രഥമ ചാമ്പ്യന്‍മാര്‍. അന്ന് റണ്ണേഴ്‌സപ്പായ ചര്‍ച്ചില്‍ ബ്രദേഴ്‌സ് കരുത്തറിയിച്ചത് അടുത്ത സീസണില്‍ ചാമ്പ്യന്‍മാരായിക്കൊണ്ട്. മോഹന്‍ബഗാനെ ആയിരുന്നു അവര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.2009-10 സീസണിലും ഗോവന്‍ പോരാട്ടമായിരുന്നു പ്രധാന ആകര്‍ഷണം. ചര്‍ച്ചിലിന്റെ കൈയ്യില്‍ നിന്ന് ഡെംപോ കിരീടം തിരിച്ചുപിടിച്ചു. നാലാം സീസണില്‍ തീര്‍ത്തും വ്യത്യസ്തമായി, കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാള്‍ കിരീടത്തിനായി പൊരുതി. പക്ഷേ, ഗോവന്‍ പ്രതിനിധിയായ സാല്‍ഗോക്കര്‍ വിട്ടുകൊടുത്തില്ല. അവരായിരുന്നു 2010-11 ചാമ്പ്യന്‍മാര്‍.
അഞ്ചാം സീസണിലും ഈസ്റ്റ്ബംഗാള്‍ പൊരുതി നോക്കി. പക്ഷേ, ഡെംപോ അവരുടെ മൂന്നാം ഐ ലീഗ് ഉയര്‍ത്തി ഗോവന്‍ ആധിപത്യം വരച്ചിട്ടു. ദേശീയ ലീഗ് ആയിരുന്നപ്പോള്‍ കൊല്‍ക്കത്തന്‍ ക്ലബ്ബുകള്‍ ആറ് തവണ കിരീടം പങ്കിട്ടു. ബഗാനും ഈസ്റ്റ് ബംഗാളും മൂന്ന് തവണ വീതം. പഞ്ചാബില്‍ നിന്നുള്ള ജെ സി ടി ഫഗ്വാര ആയിരുന്നു പ്രഥമ ദേശീയ ലീഗ് ചാമ്പ്യന്‍മാര്‍. ബഗാനിലൂടെ കൊല്‍ക്കത്തയിലേക്ക് കിരീടം പോയപ്പോള്‍ മൂന്നാം അവസരം ഗോവക്കായിരുന്നു-സാല്‍ഗോക്കര്‍. പിന്നീട് അഞ്ച് സംവത്സരക്കാലം കൊല്‍ക്കത്തയുടെ പ്രതാപം. 2004-05 ല്‍ ഡെംപോ ആദ്യമായി ദേശീയ ലീഗ് സ്വന്തമാക്കിയതോടെ കൊല്‍ക്കത്തന്‍ ആധിപത്യം അവസാനിച്ചു. തൊട്ടടുത്ത വര്‍ഷം മുംബൈയില്‍ നിന്നുള്ള മഹീന്ദ്ര യുനൈറ്റഡിന്റെ തേരോട്ടം. 2006-07 ല്‍ അവസാന ദേശീയ ലീഗ് കിരീടം ഡെംപോയുടെ പേരില്‍.
ഇന്ത്യന്‍ ഫുട്‌ബോളിലെ പരിചയ സമ്പന്നനായ പരിശീലകന്‍ സുഭാഷ് ഭൗമിക്കിനിത് തിരിച്ചുവരവിന്റെ കാലമാണ്. 2002-03, 2003-04 സീസണില്‍ ഈസ്റ്റ് ബംഗാളിന് ദേശീയ ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്ത ഭൗമിക്ക് ചര്‍ച്ചിലിന് നഷ്ടപ്രതാപം വീണ്ടെടുത്തു നല്‍കിയിരിക്കുന്നു. ഇത്തവണ, പൂനെ എഫ് സിയില്‍ നിന്നായിരുന്നു ചര്‍ച്ചില്‍ പോരാട്ടം നേരിട്ടത്.
ഇന്നലെ ബഗാനെ സമനിലയില്‍ തളച്ചാല്‍ പോലും ചര്‍ച്ചിലിന് കിരീടത്തില്‍ മുത്തമിടാം. എന്നാല്‍, നാട്ടുകാര്‍ക്ക് മുന്നില്‍ സുഭാഷ്ഭൗമിക്കിന്റെ ശിഷ്യഗണം വിജയം ലക്ഷ്യമിട്ടു. എവേ മത്സരത്തില്‍ ബഗാനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ചര്‍ച്ചില്‍. സി എസ് സബീതിലൂടെ ഇരുപത്താറാം മിനുട്ടില്‍ മോഹന്‍ ബഗാന്‍ ഗോവന്‍ കരുത്തര്‍ക്ക് ഉടക്കിട്ടു. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ചര്‍ച്ചിലിന്റെ രക്ഷകനായി. 25 മത്സരങ്ങളില്‍ 26 പോയിന്റുകള്‍ നേടിയ ബഗാന്‍ റെലഗേഷന്‍ ഭീഷണി നേരത്തെ ഒഴിവാക്കിയിരുന്നു.
തുടക്കം തൊട്ട് ഗോളിനായി അരിച്ചുകയറിയ ചര്‍ച്ചിലിനെതിരെ ബഗാന്‍ സമ്മര്‍ദമില്ലാതെയാണ് പന്ത് തട്ടിയത്. മികച്ച കോമ്പിനേഷന്‍ ഗെയിം കാഴ്ചവെച്ചത് ബഗാനായിരുന്നു. ബോക്‌സിന് പുറത്ത് വെച്ച് പന്തെടുത്ത സബീത് ഡിഫന്‍ഡര്‍ സതീഷ് സിംഗിനെ കബളിപ്പിച്ച് ഇടംകാല്‍ കൊണ്ട് തൊടുത്ത ഷോട്ട് ചര്‍ച്ചില്‍ ഗോളി സന്ദീപ് നന്ദിയെ കാഴ്ചക്കാരനാക്കി. മിഡ്ഫീല്‍ഡിര്‍ ബെറ്റോയുടെ തിരിച്ചുവരവ് ചര്‍ച്ചിലിന് കൂടുതല്‍ ക്രിയാത്മകത നല്‍കി. അവസാന അഞ്ച് കളികളിലും തോല്‍വിയറിയാതെ മുന്നേറിയാണ് ചര്‍ച്ചില്‍ കിരീടത്തിലേക്ക് കുതിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരം ബഗാന് ലഭിച്ചു. സഈദ് റഹീം നബിയുടെ ഗോള്‍ ശ്രമം ഗോളി സന്ദീപ് നന്ദി വിദഗ്ധമായി തടഞ്ഞു. അധികം വൈകാതെ തന്നെ സുനില്‍ ചേത്രിയിലൂടെ സമനില നേടാന്‍ അവസരം. പക്ഷേ, ഛേത്രിക്ക് പിഴച്ചു. ബെറ്റോക്ക് ലഭിച്ച ഫ്രീകിക്കും ലക്ഷ്യം കാണാതെ പോയതോടെ ചര്‍ച്ചില്‍ പരാജയം മണത്തു. ചര്‍ച്ചില്‍ കോച്ച് മരിയാനോ ഡയസ് അഫ്ഗാന്‍ താരം ബലാല്‍ അറെസോയെ കളത്തിലിറക്കിയത് ഫലം ചെയ്തു. ഇടത് വിംഗില്‍ അരെസോയുടെ പ്രകടനം മികച്ചതായിരുന്നു. ലെന്നി റോഡ്രിഗസിന് നല്‍കിയ ക്രോസ്‌ബോള്‍ ഡിഫന്‍ഡര്‍ മനീഷ് മെയ്ഥാനിയുടെ ഇടപെടലിലാണ് ഗോളാകാതെ പോയത്. എഴുപത്തിരണ്ടാം മിനുട്ടില്‍ ബിനീഷ് ബാലന്റെ ക്രോസ് ബോള്‍ ഹെഡ് ചെയ്ത് ഛേത്രി സമനില ഗോള്‍ നേടി. ചര്‍ച്ചില്‍ അനുകൂലികള്‍ വിജയാരവം മുഴക്കി.

---- facebook comment plugin here -----

Latest