Connect with us

Editors Pick

വേദനകള്‍ക്ക് കൂട്ടിരുന്ന് ഈ പെണ്‍ ജീവിതം

Published

|

Last Updated

മലപ്പുറം:വേദനകള്‍ക്കിടയിലും സാഹോദര്യ ബന്ധത്തിന്റെ തിളങ്ങുന്ന മാതൃകയാകുകയാണ് ഈ പെണ്‍ ജീവിതങ്ങള്‍. ജീവിതയാത്രയില്‍ തളര്‍ന്നു പോയ കൊച്ചനുജത്തി ആഇശക്കുട്ടിക്ക് കൈത്താങ്ങാകാന്‍ സ്വന്തം ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ് ജ്യേഷ്ഠത്തി നഫീസ. മലപ്പുറം ജില്ലയിലെ കോല്‍ക്കളം സ്വദേശികളായ പൂളക്കോടന്‍ ആഇശക്കുട്ടിക്കിപ്പോള്‍ സഹോദരി നഫീസയില്ലാത്ത ഒരു നിമിഷത്തെകുറിച്ച് പോലും ചിന്തിക്കാനാകില്ല.
ഇരുപത്തിനാലാം വയസ്സില്‍ അപ്രതീക്ഷിതമായെത്തിയ നടുവേദനയാണ് ആഇശക്കുട്ടിയുടെ ജീവിതത്തെ തകിടം മറിച്ചത്. ചെറുപ്പത്തിലേ പിതാവ് മരിച്ചതോടെ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി വീട്ടിലിരുന്ന് തയ്യല്‍ ജോലിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധി നടുവേദനയുടെ രൂപത്തിലെത്തിയത്. നട്ടെല്ലിനേറ്റ രോഗത്തെ തുടര്‍ന്ന് രക്തസഞ്ചാരം തടസ്സപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തി. പിന്നീട് നെഞ്ചിന് താഴേക്ക് ശരീരം തളര്‍ന്നതോടെ ആഇശക്കുട്ടിയുടെ ജീവിതം വീടിന്റെ നാല് ചുമരുകള്‍ക്ക് അകത്തെ കട്ടിലിലേക്ക് വഴിമാറി. ഇപ്പോള്‍ ആറ് വര്‍ഷമായി അവരുടെ ജീവിതം ഇങ്ങനെയായിട്ട്.
സ്വന്തമായി ഒരടി നടക്കാനാകില്ല. എല്ലാത്തിനും ഒരാള്‍ കൂട്ട് വേണം. തനിച്ച് വീല്‍ ചെയറിലിരുന്ന് സഞ്ചരിക്കാന്‍ പോലുമാകില്ല. രോഗിയും വൃദ്ധയുമായ മാതാവിനാകട്ടെ മകളെ സ്വന്തമായി പരിചരിക്കാനുമാകില്ല. ഇത് മനസ്സിലാക്കിയ സഹോദരി നഫീസ, വിവാഹ ജീവിതം പോലും മാറ്റി വെച്ച് അനുജത്തിക്ക് കൂട്ടിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ആഇശയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഇവരാണ്. ഏറെ നേരം ആഇശക്ക് ഇരിക്കാനാകില്ല, അപ്പോഴേക്കും ശക്തമായ വേദന തുടങ്ങും. എവിടേക്ക് പോകണമെങ്കിലും താങ്ങിയെടുത്ത് കൊണ്ട് പോകണം.
ഇതിനിടെ മറ്റൊരു വേദന കൂടി ഇവരുടെ കുടുംബത്തെ തേടിയെത്തി. സഹോദരന്‍ യൂസുഫിന്റെ ഭാര്യ രണ്ടാം പ്രസവശേഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഇതോടെ ഇവരുടെ രണ്ട് കുഞ്ഞുങ്ങളുടെയും സംരക്ഷണ ചുമതല നഫീസ ഏറ്റെടുത്തു. മൂത്ത മകള്‍ ദില്‍ന ഷെറിന്‍ ഇടക്കിടെ മാതാവിനെ ചോദിക്കുമ്പോള്‍ സമാശ്വസിപ്പാക്കാനാകാതെ നഫീസ കണ്ണുനീര്‍ തുടക്കും. മാതാവിനെ പള്ളിയില്‍ കൊണ്ടുപോയെന്ന് ദില്‍നയോട് ആരോ പറഞ്ഞതിനാല്‍ പള്ളിയുടെ ചിത്രങ്ങള്‍ കാണുമ്പോഴെല്ലാം അവള്‍ മാതാവിനെ ചോദിക്കും. പള്ളിയില്‍ പോയാല്‍ മാതാവിനെ കാണാമോ എന്ന് ?. ഈ കുഞ്ഞുചോദ്യങ്ങള്‍ക്ക് മുന്നില്‍ വാക്കുകളില്ലാതെ പകച്ച് നില്‍ക്കാനേ ഇവര്‍ക്കാകുന്നുള്ളു.
ഇന്നലെ മലപ്പുറം വലിയങ്ങാടിയിലെ പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഇശയും നഫീസയും ദില്‍നയുമെത്തിയിരുന്നു. ഇത്തരം ഒത്തുകൂടലുകളാണ് ജീവിതത്തില്‍ ലഭിക്കുന്ന സന്തോഷമെന്ന് പറയുമ്പോള്‍ ആഇശയുടെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കമായിരുന്നു.