Connect with us

Kerala

പത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി സൗരോര്‍ജത്തിലേക്ക് മാറുന്നു

Published

|

Last Updated

തിരുവനന്തപുരം :പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സൗരോര്‍ജത്തിലേക്ക് മാറുന്നു. ആദ്യ ഘട്ടമായി കെ എസ് ഐ ഡി സിയുടെ തിരുവനന്തപുരം കോര്‍പ്പറേറ്റ് ഓഫീസില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടി ഉടന്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ട്രവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരളാ ലിമിറ്റഡ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംസ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളാ ലിമിറ്റഡ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ്, സിഡ്‌കോ, കിന്‍ഫ്രാ പാര്‍ക്ക് നെല്ലാട്, കിന്‍ഫ്രാ പാര്‍ക്ക് പുനലൂര്‍ എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടത്തില്‍ പ്ലാന്റ് വരിക.
ഊര്‍ജ സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സ്ഥാപനങ്ങളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കും. യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാത്ത വിധത്തിലാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ചാല പ്ലാന്റ് ഇതിന് ഉദാഹരണമാകും.
സൗരോര്‍ജം ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ പൊതുമേഖലാ സ്ഥാപനമാണ് വ്യവസായ വികസന കോര്‍പ്പറേഷന്‍. 32 കിലോവാട്ട് സ്ഥാപിതശേഷിയുള്ള സൗരോര്‍ജ പദ്ധതിയിലൂടെ പ്രതിദിനം ശരാശരി 120 യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളം ഊര്‍ജ മേഖലയില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗത്തിലൂടെ ഊര്‍ജോത്പാദനം സാധ്യമാക്കിക്കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുകയാണ് കെ എസ് ഐ ഡി സി ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ടോം ജോസ് പറഞ്ഞു.
250/ 240 വാട്ട് പീക് വീതമുള്ള ഫോട്ടോവാള്‍ടെക് മോഡ്യൂളുകളും ബാറ്ററി ബാക്കപ്പോടു കൂടിയ 30, 10 കിലോ വോള്‍ട്ട് ആമ്പിയറുള്ള യൂനിറ്റുകളുമാണ് കെ എസ് ഐ ഡി സിയില്‍ സ്ഥാപിച്ചത്. 26 കിലോവാട്ട് പീക്കിന്റെ മോഡ്യൂളുകള്‍ പ്രധാന കെട്ടിടത്തിനു മുകളിലും ആറ് കിലോവാട്ട് പീക്കിന്റെത് കാന്റീന്‍ കെട്ടിടത്തിനു മുകളിലും സ്ഥാപിച്ചു. സൂര്യപ്രകാശം ലഭ്യമാകുന്ന ദിവസങ്ങളില്‍ ഓഫീസിലെ വിളക്കുകളും ഫാനുകളും കമ്പ്യൂട്ടര്‍ സംവിധാനവുമെല്ലാം സൗരോര്‍ജവുമായി ബന്ധിപ്പിച്ചായിരിക്കും പ്രവര്‍ത്തിപ്പിക്കുക.