Connect with us

Alappuzha

പ്രസിദ്ധ ചരിത്രകാരന്‍ ഡോ. എം.എസ് ജയപ്രകാശ് അന്തരിച്ചു

Published

|

Last Updated

ആലപ്പുഴ: പ്രസിദ്ധ ചരിത്രകാരനും ഗവേഷകനും കേരള സര്‍വകലാശാല റിസര്‍ച്ച് ഗെയ്ഡും റിട്ടയേര്‍ഡ് കോളജ് അധ്യാപകനുമായ ഡോ.എം.എസ് ജയപ്രകാശ് (63) അന്തരിച്ചു. വൈകീട്ട് നാലരയോടെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ കാര്‍മ്മല്‍ ഹാളില്‍ നടന്ന തച്ചില്‍ മാപ്പു തരകന്‍ അനുസ്മരണ പരിപാടിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

1950ല്‍ തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജനനം. കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, എസ്.എം.വി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവന്തപുരം ഗവ: ആര്‍ട്‌സ് കോളജില്‍ നിന്ന് പ്രീഡിഗ്രി പാസായ ശേഷം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി .എഡ് പഠനം പൂര്‍ത്തിയാക്കി..

തൃശൂര്‍ ജില്ലയിലെ വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. 1980ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ചരിത്ര വിഭാഗം അധ്യാപകനാവുകയും 2005ല്‍ ചരിത്ര വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്യുകയും ചെയ്തു. കേരള സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്.

jayaprakash“എ സ്റ്റഡി ഓഫ് ഈഴവാസ് ഇന്‍ കേരള”, “ദ ഹിസ്റ്ററി ഓഫ് നിവര്‍ത്തന്‍ അജിറ്റേഷന്‍”, “ശ്രീനാരായണനും സാംസ്‌കാരിക വിപഌവും”, “ഈഴവ ശിവന്‍ ഇന്ത്യന്‍ വിപഌത്തിന്റെവിത്ത്”, “മതേതര ഭാരതവും ഗുരുദര്‍ശനവും” എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിറാജ് ദിനപത്രത്തില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. ശിവഗിരി മഠത്തില്‍ നരേന്ദ്ര മോഡി നടത്തിയ സന്ദര്‍ശനത്തെകുറിച്ച് ഈ മാസം അഞ്ചിനാണ് അദ്ദേഹത്തിന്റെ ലേഖനം സിറാജില്‍ അവസാനമായി പ്രസിദ്ധീകരിച്ചത്.

സിറാജില്‍ അവസാനമായി എഴുതിയ ലേഖനം പുനര്‍വായനക്ക്‌

നരേന്ദ്ര മോഡിയും ശിവഗിരി രാഷ്ട്രീയവും

 

Latest