Connect with us

Kannur

തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടാന്‍ സമാധാന കമ്മിറ്റി തീരുമാനം

Published

|

Last Updated

കണ്ണൂര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളെയും സാമുദായിക സംഘര്‍ഷമുണ്ടാക്കാനുളള ശ്രമങ്ങളേയും ശക്തമായി നേരിടാന്‍ ജില്ലാതല സമാധാന കമ്മിറ്റി യോഗ തീരുമാനം. ആരാധനാലയങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതിനെതിരെ സമൂഹം ജാഗ്രത കാട്ടണമെന്നും യോഗമാവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി തന്നെ നടപടിയുണ്ടാകണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ നിര്‍ദ്ദേശിച്ചു. സൂചനകള്‍ കിട്ടുമ്പോള്‍ തന്നെ പൊലീസ് ഇടപെടണമെന്നും ഇന്റലിജന്‍സ് സംവിധാനം കുറേക്കൂടി ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാറാത്ത് ആയുധ പരിശീലനത്തിനിടെ 21 പേരെ അറസ്റ്റ് ചെയ്ത കേസില്‍ ശക്തമായ അന്വേഷണം നടക്കുന്നതായി ഡി വൈ എസ് പി. പി സുകുമാരന്‍ യോഗത്തെ അറിയിച്ചു. സാമ്പത്തിക ഇടപാടുകളും ബിനാമികളുടെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുള്ള വിവരവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. രാജ്യാന്തര ബന്ധമുള്ള തീവ്രവാദ കേസ് എന്ന നിലയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
ജില്ലയില്‍ പലയിടങ്ങളിലും ആയുധ പരിശീലനവും ആയുധ ശേഖരണവും നടക്കുന്നതായി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. നാറാത്ത് പ്രശ്‌നം പൊലീസ് നല്ല നിലയില്‍ കൈകാര്യം ചെയ്തതായി കോണ്‍ഗ്രസ് പ്രതിനിധി മാര്‍ട്ടിന്‍ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ടെന്നും ഇത് തടയാന്‍ കര്‍ശന നടപടി വേണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. കെ പി സഹദേവന്‍, വി കെ കുഞ്ഞിരാമന്‍, സി പി ഷൈജന്‍, കെ രഞ്ജിത്ത്, വി രാജേഷ്‌പ്രേം, സി എ അജീര്‍, ഇ പി ആര്‍ വേശാല, വി വി കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍, ഇല്ലിക്കല്‍ അഗസ്തി, കെ പ്രമോദ് ജോയ് കൊന്നക്കല്‍ സംബന്ധിച്ചു.