Connect with us

Kerala

കേരളം കാര്‍ഷിക മേഖലയില്‍ നിന്ന് അകലുന്നു; നഗരവത്കരണത്തിന് വേഗം

Published

|

Last Updated

തൃശൂര്‍: കാര്‍ഷിക മേഖലക്ക് മുഖ്യപ്രാധാന്യം നല്‍കുന്ന കേരളം ഈ മേഖലയില്‍ നിന്നും അകലുന്നതായി പുതിയ സെന്‍സസ് വിവരങ്ങള്‍. വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നവരുടെ ആകെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും കാര്‍ഷിക രംഗത്ത് തൊഴിലാളികള്‍ കൊഴിഞ്ഞുപോകുന്നതായാണ് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടും കാര്‍ഷിക മേഖലയില്‍ നിന്നും കൊഴിഞ്ഞുപോക്കിന്റെ അളവ് കൂടുകയാണ്. 2001ല്‍ മൊത്തം ജനസഖ്യയുടെ 15.8 ശതമാനമാണ് കാര്‍ഷിക തൊഴിലാളികളായി ഉണ്ടായിരുന്നതെങ്കില്‍ പുതിയ സെന്‍സസ് പ്രകാരം അത് 11.4 ശതമാനമായി കുറഞ്ഞു. ഒരു കാലത്ത് ഉപജീവനത്തിനായി ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്ന ഈ രംഗത്ത് ഇനി അവശേഷിക്കുന്നത് 20 ശതമാനത്തില്‍ താഴെ പേരാണ്. എന്നാല്‍ മറ്റ് ജോലികള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. 73.6 ശതമാനത്തില്‍ നിന്നും 80.5 ശതമാനത്തിലേക്ക് ഇത്തരം ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു.
ഇതോടൊപ്പം സെന്‍സസില്‍ ടൗണുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതും കേരളം അതിവേഗം നഗരവത്കരിക്കപ്പെടുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. 2001ലെ 99 നഗരങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 461 നഗരങ്ങളായാണ് വര്‍ധിച്ചത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടരുന്ന ഗ്രാമവാസികളുടെ അനുപാതം ഏറെ കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. പാടം നികത്തല്‍ മുതലായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലം കൃഷിഭൂമിയുടെ വിസ്തീര്‍ണം കുറഞ്ഞുവരുന്നതും അണുകുടുംബങ്ങളുടെ വ്യാപനവും നഗരവത്കരണത്തിനും കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കും പ്രധാന കാരണങ്ങളായി വിദഗ്ധര്‍ പറയുന്നു.
നഗരവാസികളുടെ എണ്ണത്തില്‍ വന്ന വര്‍ധനവ് ഇക്കാര്യത്തില്‍ പ്രധാനമാണ്. ആകെ ജനസംഖ്യയുടെ 52 ശതമാനവും നഗരവാസികളായി മാറി. 2001 ല്‍ 25.96 ശതമാനം മാത്രമുണ്ടായിരുന്ന നഗരവാസികളുടെ എണ്ണമാണ് പത്ത് വര്‍ഷത്തിനിടെ ഇരട്ടിയിലേറെയായി വര്‍ധിച്ചത്. കാര്‍ഷിക രംഗത്തെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനിടെയാണ് ആശങ്കയുടെ ആഴം കൂട്ടുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

Latest