Connect with us

International

അങ്കത്തട്ടില്‍ അഞ്ച് പ്രമുഖ പാര്‍ട്ടികള്‍

Published

|

Last Updated

pakistanപാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി): 

ജനാധിപത്യത്തിലൂടെ അധികാരത്തിലേറി പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി അഞ്ച് വര്‍ഷം തികക്കുന്ന ഭരണപക്ഷ പാര്‍ട്ടി എന്നതിലുപരി ജനങ്ങള്‍ക്കിടയില്‍ പി പി പിക്കുള്ള സ്വാധീനം വളരെ വലുതാണ്്. 1967ല്‍ ബേനസീര്‍ ഭൂട്ടോയുടെ പിതാവ് സുല്‍ഫീക്കര്‍ അലി ഭൂട്ടോയാണ് പി പി പി സ്ഥാപിക്കുന്നത്. പാര്‍ട്ടികളുടെ സെക്യുലര്‍ ആശയങ്ങള്‍ വളരെ വേഗം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തി. മധ്യ ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന പി പി പി 1977, 1988, 1993, 2008 എന്നീ വര്‍ഷങ്ങളില്‍ അധികാരത്തിലേറി. സുല്‍ഫീക്കര്‍ അലി ഭൂട്ടോക്കും ബേനസീര്‍ ഭൂട്ടോക്കും ലഭിച്ച ജനസമ്മതി തന്നെയാണ് പാര്‍ട്ടിയുടെ പ്രധാന സമ്പത്ത്. കടുത്ത ഭരണ വിരുദ്ധ വികാരമാണ് ഏറ്റവും വലിയ ദൗര്‍ബല്യം.

പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ് (പി എം എല്‍- എന്‍)
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ പി എം എല്‍ – എന്നിന് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷകളാണ് ഉള്ളത്. പി പി പിക്കെതിരായ ജന വികാരം മുതലെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. മധ്യ വലതുപക്ഷമായ പി എം എല്‍ – എന്നിന് പഞ്ചാബ് പ്രവിശ്യയില്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ശക്തമായ നേതൃത്വമാണ് ഈ പാര്‍ട്ടിയുടെ ബലം.

അവാമി നാഷനല്‍ പാര്‍ട്ടി (എ എന്‍ പി)
രാജ്യത്തെ പ്രധാന ഇടതുപക്ഷ സെക്യുലര്‍ പാര്‍ട്ടിയായ എ എന്‍ പിക്ക് ഖൈബര്‍ പക്തുഖ്‌വാ പ്രവിശ്യയില്‍ നല്ല ജനപിന്തുണയുണ്ട്. ഇക്കുറി സിന്ധ് മേഖലയിലും പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനാകുമെന്നാണ് വിലയിരുത്തല്‍. 1986ല്‍ സ്ഥാപിതമായ പാര്‍ട്ടി താലിബാന്‍ അടക്കമുള്ള നിരോധിത സംഘടനക്കെതിരെ ശക്തമായി രംഗത്ത് വന്ന പാര്‍ട്ടികളിലൊന്നാണ്. എ എന്‍ പിയുടെ നേതാക്കള്‍ക്ക് താലിബാന്‍ ഭീഷണിയുണ്ട്.

മുത്തഹിദാ ഖൗമി മൂവ്‌മെന്റ് (എം ക്യു എം)
താലിബാനെതിരെ ശക്തമായി രംഗത്തുള്ള എം ക്യു എമ്മിന് കറാച്ചിയടക്കമുള്ള പ്രധാന നഗരങ്ങള്‍ വ്യക്തമായ സ്വാധീനമുണ്ട്. ഇന്ത്യ – പാക് വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറി പാര്‍ത്തവരുടെ (മുഹാജിര്‍) പാര്‍ട്ടിയാണ് ഇത്.

പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് (പി ടി ഐ)
മുന്‍ ക്രിക്കറ്റ് ഇതിഹാസം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പി ടി ഐക്ക് യുവാക്കള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള പാര്‍ട്ടിയെന്നാണ് പി ടി ഐ അറിയപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ആധികാരികമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.