Connect with us

Sports

പ്ലീസ് സൈലന്‍സ്

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ പരിശീലകന്‍ ജോസ് മൗറിഞ്ഞോയും ഏതാനും കളിക്കാരും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായ സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനം തന്നെ ക്ലബ്ബ് വേണ്ടെന്ന് വെച്ചു. ഇന്ന് എസ്പാനിയോളിനെ നേരിടുന്നതിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമാണ് റയല്‍ മാഡ്രിഡ് അധികൃതര്‍ ഒഴിവാക്കിയത്. സ്‌പെയിനിലെ പ്രതാപികളായ റയലിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നാണ് സംസാരം. പുതിയ വിവാദത്തിന് തിരികൊളുത്തേണ്ടെന്ന് കരുതിയാണിത്. കളിക്കാരെ കുറിച്ച് കോച്ചും കോച്ചിന്റെ നടപടി സംബന്ധിച്ച് കളിക്കാരും പരസ്യമായി പരാതിയും കുറ്റപ്പെടുത്തലും നടത്തുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. കളിക്കാര്‍ ആരുംതന്നെ വിവാദ പ്രസ്താവന പുറപ്പെടുവിക്കരുതെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് ഉത്തരവിടുകയും ചെയ്തു.
മൗറിഞ്ഞോയും കളിക്കാരും ഐക്യപ്പെടണമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറിന്റീനോ പെരെസ് ആഹ്വാനം ചെയ്തത് അവസാന വട്ട ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ലാ ലീഗയില്‍ റയല്‍ കളിക്കാനിറങ്ങിയപ്പോള്‍ കാണികളും വിവാദമേറ്റുപിടിച്ചു. കോച്ച് ജോസ് മൗറിഞ്ഞോയെ കൂക്കിവിളിച്ച റയല്‍ അനുകൂലികള്‍ മുന്‍ നായകന്‍ ഐകര്‍ കസിയസിനെ പുകഴ്ത്തിക്കൊണ്ട് ശബ്ദകോലാഹലം സൃഷ്ടിച്ചു. ടീമിന്റെ നായകനും ഒന്നാം ഗോളിയുമായി ഐകര്‍ കസിയസിനെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നിന്ന് മൗറിഞ്ഞോ തഴഞ്ഞതാണ് വിവാദങ്ങള്‍ക്ക് നിദാനം.
പരുക്ക് മാറി കസിയസ് തിരിച്ചെത്തിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ ലോപ്പസിനെയാണ് മൗറിഞ്ഞോ ഒന്നാം ഗോളിയാക്കിയത്. ഇത് കസിയസിനെ ചൊടിപ്പിച്ചെങ്കിലും കോച്ചിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ മുതിര്‍ന്നില്ല. എന്നാല്‍, ടീമംഗം പെപെ കോച്ചിന്റെ നടപടിയെ പരസ്യമായി ചോദ്യം ചെയ്തു. കസിയസിനോട് അല്പം കൂടി മാന്യത കാണിക്കണമെന്നാണ് പെപെ ആവശ്യപ്പെട്ടത്. ഇതിനെതിരെ മൗറിഞ്ഞോ ആഞ്ഞടിച്ചു. റാഫേല്‍ വരാനെ എന്ന യുവതാരത്തെ സെന്‍ട്രല്‍ ഡിഫന്‍സിലേക്ക് കൊണ്ടു വന്നതിന്റെ ചൊരുക്കാണ് പെപെയ്‌ക്കെന്ന് മൗറിഞ്ഞോ പരിഹസിച്ചു.
ബാഴ്‌സലോണ താരങ്ങളായ ഷാവി ഹെര്‍നാണ്ടസും ആന്ദ്രെ ഇനിയെസ്റ്റയും കസിയസിനെതിരായ പ്രതികാരനടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് വിവാദം കത്തിച്ചു. ഇനിയെസ്റ്റ ബാഴ്‌സയിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു മൗറിഞ്ഞോയുടെ മറുപടി. ബയേണിനോട് 7-0ന് തകര്‍ന്നതിനെ കുറിച്ച് ഇനിയെസ്റ്റ പഠിക്കുക. അപ്പോള്‍ മനസ്സിലാകും മെസിയില്ലാതെ ബാഴ്‌സക്ക് ഒന്നും സാധ്യമാകില്ലെന്ന്-മൗറിഞ്ഞോ ആക്രമിച്ചു.
ഇതിനിടെ, മൗറിഞ്ഞോ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയിലേക്ക് മാറുവാനൊരുങ്ങുകയാണെന്ന വാര്‍ത്ത വ്യാപകമായി. ചര്‍ച്ച പുരോഗമിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ സൂചന നല്‍കുന്നു.
റയലില്‍ മൗറിഞ്ഞോ തുടരില്ലെന്നത് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ക്ലബ്ബ് അനുകൂലികള്‍ പോലും മൗറിഞ്ഞോയെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ലിവര്‍പൂള്‍ കോച്ച് റാഫേല്‍ ബെനിറ്റസിന് പിറകെയാണ് റയല്‍. ക്രിസ്റ്റ്യാനോക്ക് വിലപറഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുണ്ട്.