Connect with us

National

ബംഗളുരു സ്‌ഫോടനം: സിം കാര്‍ഡ് ആര്‍ എസ് എസ് നേതാവിന്റെത്

Published

|

Last Updated

ബംഗളുരു: ബംഗളുരുവിലെ ബി ജെ പി ആസ്ഥാനത്തുണ്ടായ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സിം കാര്‍ഡ് ആര്‍ എസ് എസ് നേതാവിന്റെതാണെന്ന് പോലീസ് കണ്ടെത്തി. കര്‍ണാടക – കേരള അതിര്‍ത്തിയിലുള്ള ആര്‍ എസ് എസ് നേതാവിന്റെതാണ് സിം കാര്‍ഡെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ പോലെ ബംഗളൂരു സ്‌ഫോടനവും സംഘപരിവാര്‍ സൃഷ്ടിയാണെന്ന സംശയം ബലപ്പെട്ടു.

സ്‌ഫോടന സാമഗ്രി പ്രവര്‍ത്തിപ്പിക്കാനാണ് ആര്‍ എസ് എസ് നേതാവിന്റെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതി കിച്ചാന്‍ ബുഹാരിയുടെ കൈവശം ഇതുള്‍പ്പെടെ 16 സിം കാര്‍ഡുകളാണ് ഉണ്ടായിരുന്നത്. മറ്റു സിംകാര്‍ഡുകളെല്ലാം സ്‌ഫോടനം ആസൂത്രണം ചെയ്യാനായിരുന്നു ഉപയോഗിച്ചിരുന്നത്. ആര്‍ എസ് എസ് നേതാവിന്റെ സിംകാര്‍ഡ് സ്‌ഫോടനത്തിന് രണ്ട് ദിവസം മുമ്പ് സെല്‍ഫോണ്‍ അടക്കം കളവ് പോയതാണെന്ന് പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഇയാള്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.

മുഴുവന്‍ സിംകാര്‍ഡുകളും വിശദമായി പരിശോധിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്‍ എസ് എസ് നേതാവിന്റെ സിംകാര്‍ഡ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇത്തരമൊരു തെളിവുണ്ടാക്കാന്‍ കുറ്റവാളികള്‍ ശ്രമിച്ചതാകാമെന്ന് പോലീസ് പറയുന്നു.

രാജ്യത്തെ ഞെട്ടിച്ച പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നിലും സംഘപരിവാര്‍ ശക്തികളായിരുന്നുവെന്ന് എന്‍ ഐ എ നടത്തിയ മുന്‍ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. മലേഗാവ് , മക്കാ മസ്ജിദ്, സംഝോദ എക്‌സ്പ്രസ് സ്‌ഫോടനം തുടങ്ങി നിരവധി അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ ്എസ് ബന്ധമുള്ള നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ മുജാഹിദീന്റെയും മറ്റും തലയില്‍ കെട്ടിവെച്ചിരുന്ന സ്‌ഫോടനങ്ങളാണ് പിന്നീട് സംഘപരിവാര്‍ ഇടപെടലോടെ നടന്നതാണെന്ന് തെളിഞ്ഞത്. ബി ജെ പി ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിന് പിന്നിലും ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

കഴിഞ്ഞ മാസം 17നാണ് ബംഗളൂരു നഗരത്തിലെ മല്ലേശ്വരത്തുള്ള ബി ജെ പി ആസ്ഥാനത്ത് സഫോടനമുണ്ടായത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റിരുന്നു.

 

Latest