Connect with us

Gulf

ചുവപ്പ് സിഗ്നല്‍ മറികടന്നുള്ള അപകടങ്ങള്‍ 11 ശതമാനം; നിരീക്ഷണം ശക്തമാക്കി

Published

|

Last Updated

അബുദാബി: വാഹനാപകടങ്ങളില്‍ 11 ശതമാനം, ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് മൂലമാണെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി ലെഫ്. കേണല്‍ ജമാല്‍ സാലിം അല്‍ അമീരി അറിയിച്ചു. അബുദാബിയില്‍ കഴിഞ്ഞ നാല് മാസത്തെ പഠന റിപ്പോര്‍ട്ടുകളാണ് ഇത് വെളിപ്പെടുത്തിയത്.

സിഗ്നലുകളെ സമീപിക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ വേഗം കുറക്കണം. പച്ചയില്‍ നിന്ന് മഞ്ഞയിലേക്ക് മാറുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കപ്പെടുന്നത്.
എന്റെ സുരക്ഷിതത്വം, എന്റെ ഉത്തരവാദിത്തം എന്ന പേരില്‍ ബോധവത്കരണവാരം തുടങ്ങിയിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം വാഹനം ഓടിച്ച ആള്‍ക്കായിരിക്കും. ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ 800 ദിര്‍ഹം പിഴ ചുമത്തും. എട്ട് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കും. 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. വ്യക്തിയുടെ അഭാവത്തിലും പിഴ ചുമത്തപ്പെടും.
അബുദാബിയിലെ വ്യത്യസ്ത സിഗ്നലുകളില്‍ 40 ഓളം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ മറികടക്കുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതില്‍ വീഴ്ച ഉണ്ടാകില്ലെന്നും അമീരി അറിയിച്ചു.

Latest