Connect with us

Kerala

പ്രവാസി സര്‍വേ: വിവരങ്ങള്‍ മറച്ചുവെക്കുന്നത് കണക്കെടുപ്പിനെ ബാധിക്കുമെന്ന് ആശങ്ക

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുള്ള പ്രവാസികളുടെ കണക്കെടുപ്പിനായി തുടങ്ങിയ സര്‍വേ അടുത്ത മാസം 12ന് പൂര്‍ത്തിയാകും. അതേസമയം, ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നത് യഥാര്‍ഥ വിലരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സര്‍വേ പൂര്‍ത്തിയായാലുടന്‍ നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ സി ജോസഫിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂലൈ ആദ്യ വാരം തന്നെ സംസ്ഥാനത്തെ മുഴുവന്‍ പ്രവാസികളുടെയും ഡാറ്റ അംഗീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന സര്‍ക്കാറിന്റെയും നോര്‍ക്ക റൂട്‌സിന്റെയും നേതൃത്വത്തിലാണ് സര്‍വേ. ആറാമത് ദേശീയ സാമ്പത്തിക സെന്‍സസുമായി ചേര്‍ന്നാണ് കണക്കെടുക്കുന്നത്. സര്‍വേക്ക് നിയോഗിക്കപ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. വിദേശത്തുള്ള കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായി നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും പലരും ഇത് മുഖവിലക്കെടുക്കുന്നില്ല. ബി പി എല്‍ കാര്‍ഡുടമകളാണ് വിവരങ്ങള്‍ കൈമാറാന്‍ മടിക്കുന്നത്. കുടുംബാംഗങ്ങള്‍ വിദേശത്താണെന്ന് അറിഞ്ഞാല്‍ റേഷന്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണിതിന് കാരണം. അതേസമയം, വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് പ്രവാസി മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളും പുനരധിവാസ പാക്കേജ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് തടസ്സമാകും.
വിദേശത്ത് എത്ര മലയാളികള്‍ ഉണ്ടെന്നും അവര്‍ എവിടെയൊക്കെ, എന്തെല്ലാം ജോലികള്‍ ചെയ്യുന്നു തുടങ്ങിയ വിശദാംശങ്ങള്‍ ഇപ്പോള്‍ എംബസികളിലോ സര്‍ക്കാറിന്റെ കൈവശമോ ഇല്ല. പ്രവാസികളെകുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഔദ്യോഗികമായി ലഭിക്കാനുള്ള അവസരമായി കൂടിയാണ് പ്രവാസി സെന്‍സസിനെ സര്‍ക്കാര്‍ കാണുന്നത്.
പ്രവാസികളുടെ കണക്ക് ലഭ്യമായ ശേഷം, ഗള്‍ഫിലുള്ളവരുടെ ജോലിസ്ഥിരത, ജീവിത നിലവാരം തുടങ്ങിയവ പരിശോധിക്കും. തിരിച്ചെത്തുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ കണക്കെടുപ്പ് സഹായിക്കും.
പല രാജ്യങ്ങളില്‍ നിന്നും നിര്‍മാണരംഗത്തും മറ്റും പ്രവര്‍ത്തിക്കുന്ന അവിദഗ്ധ തൊഴിലാളികളാണ് ഗള്‍ഫിലെത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്നാകട്ടെ വിദഗ്ധ തൊഴിലാളികളാണ് ഏറെയും. ഇത് ഗള്‍ഫ് ഭരണകൂടങ്ങളെ രേഖാമൂലം ബോധ്യപ്പെടുത്താനുള്ള അവസരം കൂടി പ്രവാസി സര്‍വേയിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്ന രണ്ടരക്കോടി ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്ര പ്രവാസികാര്യ വകുപ്പിന്റെ കണക്ക്. എന്നാല്‍ മലയാളികളുടെ കണക്ക് കേരളത്തിന്റെ കൈവശമില്ല. ഒരു രേഖയുമില്ലാതെ വിദേശത്ത് കഴിയുന്നവര്‍ ഏറെയാണ്.

 

Latest