Connect with us

Articles

വാഹനത്തിന് ഇന്ധനം പോലെ

Published

|

Last Updated

സ്‌നേഹം ഒരു നോട്ടത്തിലൂടെ, ഒരു പുഞ്ചിരിയിലൂടെ, ഉചിതമായ ഒരു വാക്കിലൂടെ വിനിമയം ചെയ്യുന്ന പ്രക്രിയയാണ് സ്‌ട്രോക്ക്. വാഹനത്തിന് ഇന്ധനം പോലെയാണ് ജീവിതത്തിന് സ്‌ട്രോക്കുകള്‍. ഓരോ മനുഷ്യനും വളരണമെങ്കില്‍ സ്‌നേഹം കാണണം, കേള്‍ക്കണം, തൊട്ടറിയണം, രുചിക്കുകയും മണക്കുകയും വേണം. സ്‌ട്രോക്ക് സ്‌നേഹപ്രകടനമാണ്, പ്രചോദനമാണ്, ജീവചൈതന്യം പകരലാണ്.
പോസിറ്റീവ് അനുഭവം ആണ് സ്‌നേഹം. വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളിലും മാംസപേശിയുടെ എല്ലാ നാരുകളിലും ഊടും പാവുമായി, ജീവകോശങ്ങളിലെ ചലനമായി, രക്തത്തിന്റെ തുടിപ്പായി, മരുന്നായി, മന്ത്രമായി, അമൃതായി സ്‌നേഹപ്രക്രിയ എന്ന സ്‌ട്രോക്ക് നിലകൊള്ളുന്നു.
ഡോ.എറിക് ബേണ്‍ എല്ലാമനുഷ്യരിലുമുള്ള രണ്ട് അന്തര്‍ദാഹങ്ങളെ പരാമര്‍ശിക്കുന്നു. അന്തര്‍ദാഹങ്ങള്‍(hungers) സ്പര്‍ശനത്തിനും (stimulas hunger) അംഗീകാരത്തിനും (recognition hunger)വേണ്ടിയുള്ളതാണ്. നവജാതശിശുവിന് stimulas hunger മാത്രമേയുള്ളൂ. കുഞ്ഞിനറിയാവുന്ന ഒരേയൊരു ഭാഷയും സ്പര്‍ശനമാണ് (LANGUAGE OF TOUCH). ഭക്ഷണത്തിനുവേണ്ടിയുള്ള വിശപ്പ് എല്ലാവരിലും ഉള്ളതുപോലെയാണ് സ്പര്‍ശിക്കപ്പെടാനുള്ള ദാഹവും. മൃദുലവും സൂക്ഷ്മവും സ്‌നേഹനിര്‍ഭരവുമായ സ്പര്‍ശനമാണ് കുഞ്ഞിനു വേണ്ടത്. ആത്മവിശ്വാസത്തിന്റെ അടയാളമാണ് സ്പര്‍ശനം. മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളില്‍ പോലും ജന്മവാസനയായി സ്പര്‍ശിക്കാനും സ്പര്‍ശിക്കപ്പെടാനുമുള്ള അഭിവാഞ്ചയുണ്ട്. തള്ളപ്പശു കുഞ്ഞിനെ നക്കി കുഞ്ഞില്‍ ജീവന്‍ ഉണര്‍ത്തുകയാണ്. ബാല്യകാലത്ത് ലഭിക്കുന്ന സ്പര്‍ശനത്തിന്റെ അടയാളങ്ങള്‍ ജീവിതാവസാനം വരെ നിലനില്‍ക്കും.
ആദ്യത്തെ രണ്ടുമൂന്ന് മാസങ്ങളില്‍ കുട്ടികള്‍ക്ക് സ്പര്‍ശനത്തിന്റെ വസന്തം അനുഭവപ്പെടുന്നു. വാരിപ്പുണരുമ്പോള്‍, മാറോടണക്കുമ്പോള്‍, പൂവുടലില്‍ മുത്തമിടുമ്പോള്‍, അമ്മയും കുഞ്ഞും പറുദീസാ അനുഭവത്തിലാണെന്ന് പറയാം. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് ചൊല്ല്. ബാല്യകാലത്തുണ്ടാകുന്ന ഹൃദ്യവും നിരുപാധികവുമായ പോസിറ്റീവ് സ്‌ട്രോക്കുകളാണ് ജീവിതവിജയത്തിന് അടിത്തറ പാകുന്നത്. സ്പര്‍ശനതലം കഴിഞ്ഞാല്‍ പിന്നീട് വേണ്ടത് അംഗീകരിക്കലാണ്.
സ്‌ട്രോക്കുകളെ പോസിറ്റീവ്(ഭാവാത്മകം), നെഗറ്റീവ്(പ്രതിഷേധാത്മകം) എന്ന് രണ്ടായി തരംതിരിക്കാം. നിരുപാധികമായ പോസിറ്റീവ് സ്‌ട്രോക്കുകളാണ് മാതാവും പിതാവും നല്‍കുന്ന സ്‌നേഹം. മാതാവ് ചൊരിയുന്ന സ്‌നേഹം ഒരു കുളിര്‍ പൂഞ്ചോലയായി അനുഭവപ്പെടണം. നെഗറ്റീവ് സ്‌ട്രോക്ക് നല്‍കിയാല്‍ ജീവിതം നിഷേധാത്മകവും നാശോന്മുഖവുമാകും.
അംഗീകരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അഭിനന്ദനത്തിലൂടെ പോസിറ്റീവ് സ്‌ട്രോക്കാണ് ലഭിക്കുന്നത്. വ്യവസ്ഥകളുടെയും ഉപാധികളുടെയും അടിസ്ഥാനത്തില്‍ നല്‍കുന്ന സ്‌നേഹമോ അംഗീകാരമോ സോപാധികമായ പോസിറ്റീവ് സ്‌ട്രോക്കുകളാണ്. വിജയിയാകുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ സ്‌ട്രോക്കുകളാണ്. അംഗീകാരത്തിനുള്ള ദാഹം (RECOGNITION HUNGER) ജീവിതാവസാനം വരെ മനുഷ്യനുണ്ടാകും.
I am ok എന്ന ചിന്ത സെല്‍ഫ് സ്‌ട്രോക്കാണ്. സ്വയം അംഗീകരിക്കുമ്പോഴും അഭിമാനിക്കുമ്പോഴും ലഭിക്കുന്നത് പോസിറ്റീവായ സെല്‍ഫ് ഇമേജാണ്. ലഭിക്കുന്ന സ്‌ട്രോക്കുകളുടെ അടിസ്ഥാനത്തിലാണ് പോസിറ്റീവായ സെല്‍ഫ് ഇമേജ് രൂപമെടുക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങളെയും അംഗീകാരങ്ങളെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുന്നത് മാനസിക പക്വതയുടെ അടയാളമാണ്. ഇതത്ര എളുപ്പമല്ല. സ്‌ട്രോക്ക് ലഭിക്കാതെ വരുമ്പോഴും ആത്മവീര്യം നിലനിര്‍ത്താന്‍ ശ്രമിക്കണം.
ഏറ്റവും വലിയ കഴിവ് സ്‌നേഹിക്കാനും സ്‌നേഹം സ്വീകരിക്കാനുമുള്ള കഴിവാണ്. മറ്റുള്ളവര്‍ക്ക് പോസിറ്റീവ് സ്‌ട്രോക്ക് നല്‍കാന്‍ ശീലിക്കണം. അത് മിതമായും സ്ഥിരമായും നല്‍കണം. സ്‌ട്രോക്ക് ഔഷധമാണ്, ഒറ്റമൂലി പോലെ. സ്‌ട്രോക്ക് മോട്ടിവേഷനാണ്, നമ്മിലത് കര്‍മ ചൈതന്യം നിറക്കും.
സ്‌ട്രോക്കുകള്‍ സത്യസന്ധമായി നല്‍കണം. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ഹൃദയത്തെ സ്പര്‍ശിക്കും. ആത്മാര്‍ഥത തുളുമ്പുന്ന അഭിനന്ദനം ചൊരിയാന്‍ പഠിക്കുക. മിതത്വം പാലിച്ചു വേണം സ്‌ട്രോക്ക് നല്‍കാന്‍. മുഖസ്തുതിയായി സ്‌ട്രോക്ക് മാറരുത്. സ്ഥിരമായി സ്‌ട്രോക്കുകള്‍ നല്‍കാനും കഴിയണം.
ഒരു നോട്ടം, ഒരു പുഞ്ചിരി ഇത്രമാത്രം മതി ഒരു സ്‌ട്രോക്ക് സ്വീകരിക്കാന്‍. പത്ത് സെക്കന്‍ഡിനകം സ്‌ട്രോക്കുകള്‍ ശരീരത്തിന്റെ ഭാഗമായി മാറും. സ്‌ട്രോക്ക് സ്വീകരിക്കുമ്പോള്‍ മുഖം പ്രസന്നമാകും കണ്ണുകള്‍ തിളങ്ങും, കവിള്‍ ചുവക്കും, ചുണ്ടില്‍ പുഞ്ചിരി വിരിയും, മനസ്സില്‍ ആനന്ദമുണ്ടാകും. സ്‌ട്രോക്ക് ചോദിക്കുന്നതും നല്ലതു തന്നെ. അഭിപ്രായം ചോദിക്കുമ്പോള്‍ സ്‌ട്രോക്കാണ് ചോദിക്കുന്നത്. ഉത്തരം പോസിറ്റീവാണെങ്കില്‍ പോസിറ്റീവ് സ്‌ട്രോക്കാണ് ലഭിക്കുന്നത്.
ചില സ്‌ട്രോക്കുകള്‍ നിരസിക്കാനും പഠിക്കണം. ആത്മാര്‍ഥതയില്ലാത്ത പുകഴ്ത്തലുകള്‍ ഉപകാരപ്രദമല്ലാത്ത സ്‌ട്രോക്കുകളാണ്. അത് കെണിയാണെന്ന് ഓര്‍ക്കുക. കാര്യം കാണാന്‍ ചിലര്‍ നമ്മെ പുകഴ്ത്തും. അവരുടെ കാര്യം സാധിച്ചുകിട്ടാന്‍ നമ്മെ കെണിയില്‍ വീഴ്ത്തുകയാണെന്നോര്‍ക്കുക. അര്‍ഹിക്കാത്ത സ്‌ട്രോക്ക് സ്വീകരിക്കേണ്ടതില്ല.
ആത്മവിശ്വാസം നല്‍കുന്ന ചിന്തകളും സ്വന്തം കഴിവുകളെക്കുറിച്ചുള്ള ആത്മബോധവും മനസ്സിനെ എപ്പോഴും സുസജ്ജമാക്കാന്‍ സഹായിക്കും. സെല്‍ഫ് സ്‌ട്രോക്കുകള്‍ നമ്മെ ആത്മധൈര്യമുള്ളവരാക്കും. എനിക്കതിന് കഴിയും”എന്ന ചിന്ത പ്രവര്‍ത്തനനിരതനാക്കും. മനസ്സിന് നമ്മള്‍ നല്‍കുന്ന പ്രചോദനമാണ് സെല്‍ഫ് സ്‌ട്രോക്കുകള്‍. അത് ഉന്മേഷവാനാക്കും. അഹങ്കരിക്കരുതെന്നു മാത്രം. സാമൂഹിക ബന്ധങ്ങളും സൗഹൃദങ്ങളും നിരുപാധികവും സ്വാഭാവികവുമായ സ്‌ട്രോക്കുകള്‍ നല്‍കുന്ന മേഖലകളാണ്. ഒരാള്‍ ഒരു ജീവിയെ സ്‌നേഹിക്കുന്നു എന്നു പറഞ്ഞാല്‍ ആ ജീവിക്ക് മരണമില്ലെന്നാണ് ഗബ്രിയേല്‍ മാഴ്‌സിലിന്റെ അഭിപ്രായം. ആത്മഹത്യക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നതും സ്‌ട്രോക്കുകളുടെ അഭാവമാണ്. ഉചിതമായ നേരത്ത് ഉചിതമായ ഒരു സാന്ത്വന വാക്ക് കേട്ടിരുന്നെങ്കില്‍ ആരും തെറ്റായ തീരുമാനം എടുക്കുകയില്ല; നാശത്തിലേക്ക് നീങ്ങുകയില്ല.
വാക്കാണ് ഗുരു. മനുഷ്യന്റെ വാക്കുകള്‍ക്ക് ശക്തിയും ഊര്‍ജസ്വലതയുമുണ്ട്. ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും വാക്കുകള്‍ തുളച്ചുകയറും. വാക്ക് മന്ത്രമാണ്. ഒരു നോട്ടം, ഒരു പുഞ്ചിരി, ഒരു നല്ല വാക്ക് ഇതെല്ലാം മനുഷ്യനെ മാറ്റിമറിക്കുന്ന സ്‌ട്രോക്കുകളാണ്.
തീര്‍ത്തും ലളിതമായ, എന്നാല്‍ അപാരമായ സ്‌ട്രോക്ക് എന്ന കലയുടെ പ്രയോക്താക്കളാകുക. വിജയം കൊയ്യുക.

 

charlypaul123@yahoo.com

---- facebook comment plugin here -----

Latest