Connect with us

Gulf

നിയമ പരിഷ്‌കരണത്തിലൂടെ സുതാര്യ ഭരണം: ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

Published

|

Last Updated

അബുദാബി:സര്‍ക്കാര്‍ നിയമങ്ങളുടെയും സാമ്പത്തിക സംവിധാനങ്ങളുടെയും പരിഷ്‌കരണങ്ങളിലൂടെ പൊതു സ്വത്തിന്റെ സംരക്ഷണവും ഭരണത്തിലെ സുതാര്യതയുമാണ് ലക്ഷ്യമിടുന്നതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.

സുതാര്യമായ ഭരണത്തിലൂടെ അധികാര കേന്ദ്രങ്ങളുടെ ഉത്തരവാദിത്തം ഉറപ്പാക്കാനും രാജ്യത്തിന്റെ മൊത്തം വരുമാനത്തെക്കുറിച്ചുള്ള ശരിയായ വിവരവം ലഭ്യമാക്കാനും സാധിക്കു മെന്ന് ശൈഖ് മുഹമ്മദ് കേബിനറ്റ് യോഗത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ പൊതു വരുമാനം സംബന്ധിച്ച ഫെഡറല്‍ നിയമത്തിന്റെ നിയമസംഹിതകള്‍ കേബിനറ്റ് പാസാക്കി. പുതിയ ബൈലോ സാമ്പത്തിക നയങ്ങളുടെ ഏകോപനം, പൊതു ബജറ്റിനെ പിന്തുണയ്ക്കുന്ന വിധം നിയമ, സാമ്പത്തിക സംവിധാനങ്ങളുടെ ഉന്നമനം, വരുമാന സ്രോതസുകളുടെ അവകാശങ്ങളും പരിധികളും നിര്‍ണയിക്കല്‍, വരുമാനത്തിനു മേലുള്ള നിയന്ത്രണം, വരുമാന സ്രോതസുകളുടെ ഉന്നമനത്തിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ അധികൃതരെ ബാധ്യസ്ഥരാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
അബുദാബിയില്‍ മേഖലാ ഓഫിസ് തുറക്കാനുള്ള എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(അയാട്ട) അഭ്യര്‍ഥന കേബിനറ്റ് അംഗീകരിച്ചു. അയാട്ടയുമായുള്ള കരാര്‍ യുഎഇ വ്യോമയാന വ്യവസായത്തില്‍ മേഖലയിലെ മുഖ്യ കേന്ദ്രമാണെന്നതിന്റെ തെളിവാണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
രാജ്യാന്തര എയര്‍ ട്രാഫിക് നിയന്ത്രിക്കുന്നതില്‍ സ്വദേശികള്‍ക്കു കൂടുതല്‍ വൈദഗ്ധ്യം നല്‍കാന്‍ പുതിയ ഓഫിസ് സഹായിക്കും. ഫെഡറല്‍ ഇല്ക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ കേബിനറ്റ് തീരുമാനിച്ചു. പൊതുമരാമത്ത് മന്ത്രി ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമിക്കു പകരം ഡോ. ആയിശ ഉമര്‍ അല്‍ മിദ്ഫയായിരിക്കും പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗം. ഖാലിദ് മുഹമ്മദ് സാലം ബെലാമി അധ്യക്ഷനായ എമിറേറ്റ്‌സ് ഡവലപ്‌മെന്റ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടനയും കേബിനറ്റ് അംഗീകരിച്ചു.
കേബിനറ്റ് കാര്യ മന്ത്രാലയത്തില്‍ നിയമകാര്യ ഓഫീസ് തുറക്കാന്‍ തീരുമാനിച്ചു. കേബിനറ്റിനും മന്ത്രാലയങ്ങള്‍ക്കും നിയമോപദേശം നല്‍കാനാണിത്. തുര്‍ക്കിയിലെ അല്‍ബുസ്താന്‍ പ്രവിശ്യയില്‍ നിന്ന് യു എ ഇക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള യു എ ഇ-തുര്‍ക്കി കരാറിന് അംഗീകാരം നല്‍കി. ശ്രീലങ്കയുമായി വ്യാപാരം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള സംയുക്ത സമിതിക്കും അംഗീകാരമായി.
കേബിനറ്റ് യോഗത്തോടനുബന്ധിച്ച് യു എ ഇ ഗവണ്മെന്റ് ലീഡേഴ്‌സ് പ്രോഗ്രാമിലെ രണ്ടാം ബാച്ചിനെ ശൈഖ് മുഹമ്മദ് ആദരിച്ചു. നേതൃത്വം എന്നത് നേട്ടങ്ങളിലേക്കും വികസനത്തിലേക്കുമുള്ള നിരന്തര യാത്രയും അതിലൂടെ ജനങ്ങളുടെ ജീവിതം നന്മയിലേക്കു നയിക്കാനുമുള്ളതാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. മറ്റുള്ളവരുടെ ജീവിതത്തില്‍ ക്രിയാത്മകമായ ചലനങ്ങളുണ്ടാക്കുകയും സമൂഹത്തിനു പുതിയതെന്തെങ്കിലും നല്‍കാനാവുകയും ചെയ്യുന്നതാണ് മികച്ച നേതൃത്വമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
യോഗത്തില്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.