Connect with us

Kerala

സമ്പത്തിന്റെ കസ്റ്റഡി മരണം: തുടരന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

കൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. എറണാകുളം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. കേസില്‍ സി ബി ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. കുറ്റപത്രത്തില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയ സി ബി ഐ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണത്തില്‍ സി ബി ഐക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

എ ഡി ജി പി മുഹമ്മദ് യാസീന്‍, ഡി ഐ ജി വിജയ് സാഖറെ എന്നിവരെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഇവര്‍ രണ്ട് പേരെയും സി ബി ഐ ആദ്യം സമര്‍പ്പിച്ച പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടരന്വേഷണത്തിന് ശേഷം ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. ഇത് ചോദ്യ‍ ചെയ്താണ് മുരുകേശന്‍ ഹരജി സമര്‍പ്പിച്ചത്.

ഉന്നത ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രം പരിശോധിച്ചാണ് സമ്പത്ത് കസ്റ്റഡി മരണവുമായി ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ സി ബി ഐ എത്തിച്ചേര്‍ന്നതെന്ന് കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സി ബി ഐ വിശദമായ അന്വേഷണം നടത്തിയില്ല. സമ്പത്ത് കസ്റ്റഡിയില്‍ മര്‍ദനത്തിനരയായ മലമ്പുഴ റിവര്‍സൈഡ് കോര്‍ട്ടേഴ്‌സില്‍ നിന്ന് ഉന്നത ഐ പി എസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ബാറ്റണുകള്‍ കണ്ടെത്തിയിരുന്നു. ഈ ബാറ്റണുകള്‍ ഉപയോഗിച്ചാണ് സമ്പത്തിനെ മര്‍ദിച്ചത്. ബാറ്റണ്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ സി ബി ഐ മുതിര്‍ന്നില്ലെന്നും കോടതി പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സാക്ഷിമൊഴികള്‍ ഉണ്ടായിട്ടും പരിഗണിക്കാതിരുന്നതെന്താണെന്നു കോടതി ചോദിച്ചു. കൊല്ലപ്പെട്ട ഷീലയുടെ സഹോദരന്‍ സതീഷിനെ എഡിജിപി മുഹമ്മദ് യാസിന്‍ എട്ടുതവണ വിളിച്ചതെന്തിനാണെന്നു സിബിഐ കൃത്യമായി അന്വേഷിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

2010 മാര്‍ച്ച് 29നാണ് പുത്തൂര്‍ ഷീല കൊലക്കേസിലെ പ്രതിയായ സ്വദേശി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതികള്‍.

Latest