Connect with us

Business

എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ സര്‍വീസ് നാളെ പുനരാരംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാന സര്‍വീസ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാണ് പുനരാരംഭിക്കുക. 22 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കും. എയര്‍ ഇന്ത്യയുടെ ആറ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ രണ്‌ടെണ്ണമാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹി-കൊല്‍ക്കത്ത-ഡല്‍ഹി റൂട്ടിലാണ് നാളെ സര്‍വീസ് ആരംഭിക്കുക.

രണ്ട് ഡ്രിം ലൈനര്‍ വിമാനങ്ങളുടെ ബാറ്ററി തകരാര്‍ പരിഹരിച്ചതായി വ്യോമയാന മന്ത്രി അജിത് സിംഗ് അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റുള്ളവയുടെ തകരാറുകളും പരിഹരിക്കും. ഡല്‍ഹിയില്‍ നിന്നും ബര്‍മിംഗ്ഹാം, സിഡ്‌നി, മെല്‍ബണ്‍ എന്നിവടങ്ങളിലേക്കുള്ള ഡ്രീംലൈനര്‍ സര്‍വീസ് ആഗസ്റ്റില്‍ ആരംഭിക്കും. റോം, മിലാന്‍ സര്‍വീസുകള്‍ ഒക്‌ടോബറിലും മോസ്‌കോ സര്‍വീസുകള്‍ 2014 ആദ്യം ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്നും അജിത് സിംഗ് പറഞ്ഞു.

കൂടുതല്‍ ഇന്ധനക്ഷമതയും സാധാരണ വിമാനങ്ങളേക്കാളും വലുപ്പവും സൗകര്യങ്ങളുമുള്ള വിമാനമാണ് ബോയിംഗ് ഡ്രീംലൈനര്‍ 787. ആഗോള തലത്തിന് ഈ സര്‍വീസിന് വലിയ ജനപ്രതീതിയാണ് ലഭിച്ചിരുന്നത്. എന്നാല്‍ സര്‍വീസ് തുടങ്ങി മാസങ്ങള്‍ക്ക് ശേഷം വിമാനത്തിന്റെ ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെയാണ് ജനുവരി 17 മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യ തിരുമാനിച്ചത്.

 

Latest