Connect with us

Kerala

കെ എസ് ആര്‍ ടി സിയിലെ ടിക്കറ്റ് മെഷീനും ഓണ്‍ലൈനാകുന്നു

Published

|

Last Updated

മലപ്പുറം :കെ എസ് ആര്‍ ടി സി ബസുകളിലെ ടിക്കറ്റ് മെഷീനുകള്‍ക്ക് പകരം ബസുകളിലെ മുഴുവന്‍ വിവരങ്ങളും അപ്പപ്പോള്‍ അറിയാവുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നു. ബസിലെ മുഴുവന്‍ വിവരങ്ങളും യഥാസമയം അധികൃതര്‍ക്ക് ഓഫീസിലിരുന്ന് അറിയാന്‍ കഴിയുന്ന ഇ ടി എം (ഇലക്ട്രിക്കല്‍ ടിക്കറ്റ് മെഷീന്‍) സംവിധാനമാണ് ഒരുക്കുന്നത്.
സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ യാത്ര ചെയ്യേണ്ട ബസിനെ കുറിച്ചുള്ള പൂര്‍ണ വിവരം യാത്രക്കാര്‍ക്ക് അറിയാനാകും. ബസ് എവിടെ നില്‍ക്കുന്നു. എത്ര ദൂരം സഞ്ചരിച്ചു. ടിക്കറ്റുകള്‍ എത്ര ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളെല്ലാം അധികൃതര്‍ക്ക് അറിയാന്‍ കഴിയും.
സ്റ്റാന്‍ഡിലെത്തുന്നതിന് മുമ്പു തന്നെ ബസില്‍ എത്ര സീറ്റുകള്‍ ബാക്കിയുണ്ട് എന്നും അറിയാന്‍ സാധിക്കും. നിലവിലെ മെഷീനുകളുകളുടെ കാലാവധി തീരുകയും തകരാറിലാകുകയും ചെയ്തതോടെയാണ് കെ എസ് ആര്‍ ടി സി പുതിയ മെഷീന്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ വിളിച്ചത്.
മൂന്ന് കമ്പനികള്‍ താത്പര്യം അറിയിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ ടിക്കറ്റ് മെഷീന്‍ നാറ്റ്പാക്ക് വിദഗ്ധര്‍ പരിശോധന നടത്തി വരികയാണ്. ഇതിന് ശേഷമായിരിക്കും ഏതു കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കേണ്ടതെന്ന് തീരുമാനിക്കുക. നിലവിലെ മെഷീന്റെ കരാര്‍ സോഫ്റ്റ്‌ലാന്‍ഡ് കമ്പനിക്കായിരുന്നു നല്‍കിയിരുന്നത്. ഈ കമ്പനിയുമായുള്ള കരാര്‍ നേരത്തെ അവസാനിച്ചിരുന്നെങ്കിലും തകരാറിലായവ ശരിയാക്കുന്നതിനുള്ള കരാര്‍ കഴിഞ്ഞ മാസം 19നാണ് അവസാനിച്ചത്.
കമ്പനിയുമായി കരാര്‍ പുതുക്കേണ്ടെന്ന നിലപാട് എടുത്തതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിലവില്‍ ടിക്കറ്റ് മെഷീന്‍ കേടുവന്നാല്‍ ശരിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേടുവന്നാല്‍ നേരത്തെ കമ്പനി അധികൃതര്‍ വന്ന് ശരിയാക്കി നല്‍കിയിരുന്നു. കരാര്‍ അവസാനിച്ചതോടെ നന്നാക്കാന്‍ കഴിയുന്നില്ല.
ചെറിയ രീതിയിലുള്ള തകരാറുകള്‍ ശരിയാക്കാനായി കെ എസ് ആര്‍ ടി സി തൊഴിലാളികളെ വെച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കും ഇതിന് സാധിക്കുന്നില്ല.
ഇതോടെ പല കെ എസ് ആര്‍ ടി സി ബസുകളിലും പഴയ രീതിയിലുള്ള ടിക്കറ്റാണ് നല്‍കുന്നത്. പുതിയ ടിക്കറ്റ് മെഷീന്‍ വൈകാതെ നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest