Connect with us

Kerala

ലാഭകരമല്ലാതെ ലാഭപ്രഭ; വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന

Published

|

Last Updated

പാലക്കാട്: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഉപഭോഗം കുറക്കുന്നതിന് വേണ്ടി കെ എസ് ഇ ബി നടപ്പാക്കിയ ലാഭപ്രഭ വന്‍ പരാജയത്തിലേക്ക്. എട്ട് കോടി രൂപയിലേറെ ചെലവിട്ട് നടപ്പാക്കിയ ലാഭപ്രഭ പദ്ധതി തുടങ്ങി ഒന്നര മാസം പിന്നിടുമ്പോള്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞില്ലെന്ന് മാത്രല്ല പ്രതിദിനം നാല്‍പ്പത് ലക്ഷം യൂനിറ്റ് കൂടുകയും ചെയ്തു. മാര്‍ച്ച് 23നാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് മാര്‍ച്ച് 17ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 55.66 ദശലക്ഷം യൂനിറ്റായിരുന്നു. മാര്‍ച്ച് 24ന് 56.02 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഏപ്രില്‍ 17ന് 61.07, ഏപ്രില്‍ 19ന് 60.68, മെയ് മൂന്നിന് 60.36 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് വൈദ്യുതി ഉപഭോഗം. ഏപ്രിലിലെ പ്രതിദിന ഉപഭോഗം ശരാശി നാല് ദശലക്ഷം യൂനിറ്റാണ് കൂടിയത്. പല ഭാഗങ്ങളിലും നേരിയ തോതില്‍ മഴ ലഭിച്ചിട്ടും ഉപഭോഗം കുറഞ്ഞിട്ടില്ല.
എണ്‍പത്തഞ്ച് ലക്ഷം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ പ്രതിദിന ഉപയോഗത്തില്‍ ഒരു യൂനിറ്റെങ്കിലും കുറക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ലാഭപ്രഭ പദ്ധതി തുടങ്ങിയത്. എസ് എം എസ് സംവിധാനത്തിലൂടെയാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതിവാര ഉപഭോഗം എസ് എം എസിലൂടെ അറിയിക്കുകയും ചെയ്യണം. ഒന്നര ലക്ഷം പേര്‍ മാത്രമാണ് പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ പകുതിപ്പേരും ഇപ്പോള്‍ മീറ്റര്‍ റീഡിംഗ് അയക്കാറില്ലെന്നാണ് പറയുന്നത്. പദ്ധതി നടപ്പാക്കുന്നതിനും ഇതിന്റെ പ്രചാരണത്തിനുമായി എട്ട് കോടി രൂപയിലേറെയാണ് വൈദ്യുതി ബോര്‍ഡ് ചെലവാക്കിയത്.
വൈദ്യുതി ബോര്‍ഡിന്റെ തന്നെ കണക്കില്‍ ഇപ്പോള്‍ പന്ത്രണ്ട് ലക്ഷത്തിലേറെ മീറ്ററുകള്‍ കേടാണ്. ഇവ മാറ്റിസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന് പകരമാണ് വന്‍ തുക ചെലവാക്കി വിഫലമായ ഊര്‍ജ സംരക്ഷണം നടപ്പാക്കിയത്. മീറ്റര്‍ തകരാര്‍ കാരണം ഇപ്പോഴത്തെ കണക്കനുസരിച്ച് 12,21,370 പേര്‍ക്കും വൈദ്യുതി നല്‍കുന്നതിന് കൃത്യമായ കണക്കില്ല. ഗാര്‍ഹികേതര ഉപഭോക്താക്കളിലെ ഇരുപത് ശതമാനം മീറ്ററുകളും കേടായവയാണ്. കഴിഞ്ഞ സെപ്തംബറില്‍ വൈദ്യുതി ബോര്‍ഡിന്റെ കേടായ മീറ്ററുകള്‍ പത്തര ലക്ഷം കവിഞ്ഞുവെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാല് മാസം പിന്നിട്ടിട്ടും കേടായ മീറ്ററുകള്‍ മാറ്റാന്‍ ഇപ്പോഴും കൃത്യമായ സംവിധാനമൊരുക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ഗുണനിലവാരമുള്ള മീറ്ററുകള്‍ വാങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ലാഭപ്രഭക്കു വേണ്ടി ചെലവിട്ട തുക മീറ്റര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ കൃത്യമായ വൈദ്യുതി നിരക്ക് ഈടാക്കാനെങ്കിലും സാധിക്കുമായിരുന്നുവെന്നാണ് കെ എസ് ഇ ബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

Latest