Connect with us

Malappuram

വല്ലാഞ്ചിറ മുഹമ്മദലി അധികാരമേറ്റു

Published

|

Last Updated

മഞ്ചേരി: മഞ്ചേരി നഗരസഭയുടെ പത്താമത് ചെയര്‍മാനായി വല്ലാഞ്ചിറ മുഹമ്മദലി അധികാരമേറ്റു. നഗരസഭാ ചെയര്‍മാനായിരുന്ന എം പി എം ഇസ്ഹാഖ് കുരിക്കള്‍ രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഇന്നലെ രാവിലെ 11 മണിക്ക് മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടിനെതിരെ 41 വോട്ടുകള്‍ നേടിയാണ് മുഹമ്മദലി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ പി രാവുണ്ണിയാണ് മത്സര രംഗത്തുണ്ടായിരുന്നത്. മലപ്പുറം ഡി ഇ ഒ ഗോപി വരണാധികാരിയായിരുന്നു. ചുള്ളക്കാട് ജി യു പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ വരണാധികാരി, വല്ലാഞ്ചിറ മുഹമ്മദലിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന അനുമോദന യോഗം അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഡ്വ. യു എ ലത്തീഫ്, മംഗലം ഗോപിനാഥ്, എ ഡി എം പുതുക്കുടി മുരളീധരന്‍, കൊടക്കാടന്‍ മുഹമ്മദലി ഹാജി, കെ പി രാവുണ്ണി, ഇ കെ വിശാലാക്ഷി, കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് ഹാജി, ടി പി വിജയകുമാര്‍, കെ വി മുഹമ്മദാലി, അഡ്വ. പി വി അഹമ്മദ്കുട്ടി, എ പി മജീദ് മാസ്റ്റര്‍, എം പി എ ഇബ്‌റാഹിം കുരിക്കള്‍, അഡ്വ. എന്‍ സി ഫൈസല്‍, നന്ദിനി വിജയകുമാര്‍, വി എം സുബൈദ, ഒ എം എ റഷീദ് ഹാജി, പി അവറു, നെല്ലിക്കുത്ത് അഹമ്മദ് കോയ തങ്ങള്‍, കെ കെ കുട്ടപ്പന്‍, സ്റ്റാലിന്‍ സത്യനാഥന്‍, പൂക്കോട്ടൂര്‍ അലവിക്കുട്ടി, വല്ലാഞ്ചിറ മജീദ്, കൂളമഠത്തില്‍ സാദിഖ്, നിവില്‍ ഇബ്‌റാഹിം, ഗഫൂര്‍ ആമയൂര്‍, കണ്ണിയന്‍ അബുബക്കര്‍, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഉവൈസ് പ്രസംഗിച്ചു.
ഇസ്ഹാഖ് കുരിക്കളില്ലാതെ സത്യപ്രതിജ്ഞ
മഞ്ചേരി: രാജിവെച്ച ഇസ്ഹാഖ് കുരിക്കളുടെ അസാന്നിധ്യം കൊണ്ട് വല്ലാഞ്ചിറ മുഹമ്മദലിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധേയമായി. മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും 22 വര്‍ഷം കേരള നിയമസഭയില്‍ മഞ്ചേരിയെ പ്രതിനിധീകരിച്ച വ്യക്തിയുമായ എം പി എം ഇസ്ഹാഖ്കുരിക്കള്‍ മഞ്ചേരി നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ കൂടിയായിരുന്നു. ലീഗ് കൗണ്‍സിലര്‍മാരുടെ സമ്മര്‍ദ്ദം മൂലമാണ് കുരിക്കള്‍ രാജി വെക്കേണ്ടി വന്നത്. മുസ്‌ലിംലീഗിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും ജില്ലാ നേതൃത്വത്തെ സമീപിച്ച് ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണ സമിതിയുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ ചെയര്‍മാന് കഴിയുന്നില്ലെന്നും ശാരീരിക അവശതകളും വികസന പ്രവര്‍ത്തനങ്ങളിലും മറ്റും ഇടപെടാനുള്ള കഴിവുകേടും അംഗങ്ങള്‍ പരാതിയായി നേതൃത്വത്തെ അറിയിച്ചിരുന്നു.
കുരിക്കള്‍ക്കെതിരെ പ്രതിപക്ഷം പോലും നാളിതു വരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചില്ലെന്നതും ശ്രദ്ദേയമാണ്. കച്ചേരിപ്പടി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാളയത്തില്‍ തന്നെ പടയുണ്ടായിട്ടും ഉറച്ച തീരുമാനമെടുക്കാന്‍ കുരിക്കള്‍ക്ക് കഴിഞ്ഞു. 91 കോടിയുടെ കേന്ദ്രാവിഷ്‌കൃത കുടിവെള്ള പദ്ധതിക്ക് നഗരസഭ അടിയന്തിര കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന് തൊട്ടു പിന്നാലെയായിരുന്നു കുരിക്കളുടെ രാജി.

Latest