Connect with us

Malappuram

താനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ ശിലാസ്ഥാപനം നാളെ

Published

|

Last Updated

മലപ്പുറം: താനൂരിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായിരുന്ന ഫിഷിംഗ് ഹാര്‍ബര്‍ ശിലാസ്ഥാപനം നാളെ നടക്കുമെന്ന് അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് മൂന്ന് മണിക്ക് താനൂരിലെ ഒസ്സാന്‍ കടപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുക. 45 കോടി രൂപ ചിലവിലാണ് ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മാണം. പുനൈ ആസ്ഥാനമായുള്ള സ്ഥാപനമാണ് ഹാര്‍ബര്‍ നിര്‍മാണത്തിനുള്ള പഠനങ്ങള്‍ നടത്തിയത്. പുലിമുട്ടുകള്‍, ഡ്രഡ്ജിംഗ്, വാര്‍ഫ്, ലേലപ്പുര, ലോഡിംഗ് ഏരിയ, ഗിയര്‍ ഷെഡ് ഉപകരണങ്ങള്‍ സൂക്ഷിക്കാനും നന്നാക്കാനുമുള്ള സൗകര്യം, റോഡുകള്‍, കാന്റീന്‍, ബയോ ഡൈജസ്റ്റര്‍ പ്ലാന്റ്, ജലവിതരണം, നാവിഗേഷന്‍ സഹായ കേന്ദ്രങ്ങള്‍, വൈദ്യുതീകരണ പദ്ധതികള്‍ എന്നിവയാണ് ഹാര്‍ബറിന് വേണ്ടി നിര്‍മിക്കുക. 270 മത്സ്യ ബന്ധന തോണികള്‍ക്ക് ഒരേ സമയം ഇത് പ്രയോജനപ്പെടും.
50 ട്രോളറുകള്‍, 60 ഇന്‍ ബോഡ് വള്ളങ്ങള്‍, 160 ഫൈബര്‍ വള്ളങ്ങള്‍ എന്നിവ സുരക്ഷിതമായി നിര്‍ത്തിയിടാനും ഹാര്‍ബറില്‍ സൗകര്യമുണ്ടാകും. ഹാര്‍ബര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നാലായിരത്തോളം മത്സ്യ തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്നതിന് അവസരമൊരുക്കുമെന്നും ഇതിലൂടെ പ്രതിവര്‍ഷം 1642 ടണ്‍ മത്സ്യം ഇതു വഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ 117 കോടി രൂപാ ചിലവില്‍ ചമ്രവട്ടം പാലം വഴി വരുന്ന തീരദേശ പാതയും ഹാര്‍ബറിന്റെ വളര്‍ച്ചക്ക് കുതിപ്പേകും. മുപ്പത് മാസം കൊണ്ടാണ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക.
ചടങ്ങില്‍ ഫിഷറീസ് മന്ത്രി കെ ബാബു അധ്യക്ഷത വഹിക്കും. വിദേശകാര്യ സഹ മന്ത്രി ഇ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി കെ അബ്ദുര്‍റബ്ബ്, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം എല്‍ എമാരായ അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, സി മമ്മുട്ടി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, കലക്ടര്‍ എം സി മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Latest