Connect with us

Editorial

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ രണ്ട് വര്‍ഷം

Published

|

Last Updated

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പത്രങ്ങളില്‍ വന്ന പരസ്യത്തില്‍ ഒരു പ്രോഗസ്സ് റിപ്പോര്‍ട്ട് അടക്കം ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി മാര്‍ക്കിട്ട ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാന്‍ നിര്‍ദേശവുമുണ്ട്. എന്നാല്‍ പത്തില്‍ പത്ത്മാര്‍ക്ക് പോകട്ടെ അഞ്ച് മാര്‍ക്ക് പോലും നല്‍കാന്‍ പറ്റാത്ത പരുവത്തിലാണ് മുന്‍വര്‍ഷത്തെ സര്‍ക്കാറിന്റെ പ്രകടനമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ സമ്മതിച്ചതാണ്.
പ്രതിപക്ഷം ആരോപിക്കുന്നതു പോലെ വികസന രംഗത്ത് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പറയുന്നത് കണ്ണടച്ചുളള വിമര്‍ശമാകും. വാഗ്ദാനങ്ങളില്‍ ചിലതെല്ലാം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികളായ കൊച്ചി മെട്രോയുടെയും സ്മാര്‍ട്‌സ് സിറ്റിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ ആരംഭിക്കാനിരിക്കയാണ്. കൊച്ചി മെട്രോയുടെ മുന്നൊരുക്ക പദ്ധതിയായ ഗാന്ധി നഗറിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അംഗീകാരം നേടാനുമായി. 12 പൂതിയ താലൂക്കുകളുടെ രൂപവത്കരണവും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതും നേട്ടങ്ങളുടെ ഗണത്തില്‍ പെടുന്നു. കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം മുന്നേറ്റമുണ്ടായിട്ടുണ്ട്.
എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിലെ അനിയന്ത്രിതമായ കുതിപ്പും വൈദ്യുതി, ബസ് ചാര്‍ജ് നിരക്ക് വര്‍ധനവും, ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും, യു ഡി എഫിനകത്തെ സ്വരച്ചേര്‍ച്ചയില്ലായ്മയും വിവാദങ്ങളും സര്‍ക്കാറിന്റെ നേട്ടങ്ങളെ നിഷ്പ്രഭമാക്കുകയായിരുന്നു. അതിരൂക്ഷമാണിപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം. വിലവര്‍ധന നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ മാവേലി സ്റ്റോറുകളുടെയും സപ്ലൈക്കോ സുപ്പര്‍ മാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനം ഫലത്തില്‍ വട്ടപ്പൂജ്യമാണ്. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന സാധനങ്ങളുടെ എണ്ണത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയതിതോടെയാണ് ഈ സംവിധാനങ്ങള്‍ നിര്‍ജീവമായത്. നേരത്തെ ഇരുപതോളം സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയിരുന്നെങ്കില്‍ അഞ്ചോ ആറോ സാധനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സബ്‌സിഡി.
സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകമായ പദ്ധതികള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി നേടിയെടുക്കുന്നതിലും, സമയബന്ധിതമായി അത് നടപ്പാക്കുന്നതിലും യു ഡി എഫ് സര്‍ക്കാര്‍ പരാജയമാണെന്ന് കേന്ദ്ര മന്ത്രി എ കെ ആന്റണി തന്നെ തുറന്നടിച്ചതാണ്. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് ബ്രഹ്മോസ് എയറോസ്‌പേസിന്റെ മിസൈല്‍ യൂനിറ്റ് ഉദ്ഘാടന വേളയിലാണ് സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രൂക്ഷവിമര്‍ശം ആന്റണി നടത്തിയത്. റെയില്‍വേ ബജറ്റിലും വിഴിഞ്ഞം പോലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് തുക അനുവദിപ്പിക്കുന്നതിലും മറ്റും സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മ പ്രകടമായതാണ്.
വനം മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന അപവാദ പ്രചാരണങ്ങളും ഇതുസംബന്ധമായി സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പ്രസ്താവനകളും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തന്നെ നാറ്റിക്കുകയുണ്ടായി. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തിജീവിതത്തില്‍ സംശുദ്ധി വേണമെന്ന അധ്യാപനത്തിന് ഇന്ന് സ്ഥാനമില്ലെങ്കിലും വ്യക്തി ജീവിതത്തിലെ വീഴ്ചകളില്‍ സ്വകാര്യത പാലിക്കാനെങ്കിലും അവര്‍ ശ്രമിക്കേണ്ടതുണ്ട്. അഥവാ അത്തരം രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ടാല്‍ തന്നെ അത് പൊതുസമൂഹത്തിലേക്ക് വലിച്ചിടാതിരിക്കാനുള്ള ബാധ്യത സഹപ്രവര്‍ത്തകര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ ഗണേശിനും എതിര്‍ചേരിക്കും സംഭവിച്ച വീഴ്ചകള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ഒട്ടൊന്നുമല്ല ബാധിച്ചത്.
സര്‍ക്കാറിന് വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ ആരോഗ്യകരമായ വിമര്‍ശത്തിലൂടെ അത് തിരുത്തിക്കാന്‍ ബാധ്യസ്ഥമായ പ്രതിപക്ഷവും ദുര്‍ബലമാണെന്നതാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ മറ്റൊരു ദുര്യോഗം. സി പി എമ്മിലെ ചേരിപ്പോരും ഘടകകക്ഷികള്‍ക്കിടയിലെ ഭിന്നതയും മുലം ഇടതുപക്ഷത്തിന് വേണ്ടത്ര ശോഭിക്കാനാകുന്നില്ല. അധ്യാപക, സര്‍വീസ് ജീവനക്കാരുടെ സമരമുള്‍പ്പെടെ അടുത്ത കാലത്ത് നടന്ന സമരങ്ങിലെല്ലാം പ്രതിപക്ഷത്തിനുണ്ടായ കടുത്ത പരാജയം അവരുടെ ദൗര്‍ബല്യം വിളിച്ചോതുന്നുണ്ട്. ഈയിടെ ചേര്‍ന്ന ഇടതുപക്ഷ മുന്നണി യോഗം തന്നെ ഇക്കാര്യത്തില്‍ കുറ്റസമ്മതം നടത്തിയതാണ്.
അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി മികച്ചൊരു ഭരണം വാഗ്ദാനം ചെയ്താണ് 2011 മെയ് 18ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയത്. തന്റെ വാഗ്ദാനം നിറവേറ്റുന്നതില്‍ ഉമ്മന്‍ചാണ്ടി തത്പരനാണെങ്കിലും അവിചാരിതമായി മുന്നണിക്കകത്ത് ഉടലെടുക്കുന്ന പ്രശ്‌നങ്ങളും ചില സാമുദായിക പ്രസ്ഥാനങ്ങളുടെ അതിരുവിട്ട സമ്മര്‍ദങ്ങളും അദ്ദേഹത്തിന്റെ പ്രയാണത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥ ലോബിയില്‍ നിന്നും വേണ്ടത്ര സഹകരണമില്ലെന്ന പരാതിയുമുണ്ട്. ഏതായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ ആത്മപരിശോധനക്കും, മുന്നണിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വികസന രംഗത്ത് കൂട്ടായ മുന്നേറ്റത്തിനും ഉമ്മന്‍ ചാണ്ടിയും സഹപ്രവര്‍ത്തകരും സന്നദ്ധരാകുമെന്ന് പ്രതീക്ഷിക്കട്ടെ.

Latest