Connect with us

National

കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ 28 പേരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭ വിപുലപ്പെടുത്തി. അഴിമതിക്കറ പുരളാത്ത സംശുദ്ധ പ്രതിച്ഛായക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സിദ്ധരാമയ്യ വിജയിച്ചുവെന്നാണ് മന്ത്രിസഭാ രൂപവത്കരണം തെളിയിക്കുന്നത്. അതേസമയം, എം എല്‍ സിമാരെ ഉള്‍പ്പെടുത്തിയിട്ടില്ല.
ബെല്ലാരി സിറ്റി മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഖനന പ്രഭുവും രാജ്യസഭാംഗവുമായ അനില്‍ ലാദ്, കെ പി സി സി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍, ആര്‍ റോഷന്‍ ബൈഗ് എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് സംശുദ്ധ പ്രതിച്ഛായ ഇല്ലെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് വേണ്ടി വന്‍ സമ്മര്‍ദം ചെലുത്തല്‍ നടന്നിരുന്നു. അതേസമയം, അനില്‍ ലാദിന്റെ അനന്തരവന്‍ സന്തോഷ് ലാദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം നേടാനുള്ള കെ പി സി സി പ്രസിഡന്റ് ജി പരമേശ്വരയുടെ ശ്രമങ്ങളും വിജയിച്ചില്ല. പരമേശ്വര തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തവരില്‍ 20 പേര്‍ കാബിനറ്റ് മന്ത്രിമാരും എട്ട് പേര്‍ സഹമന്ത്രിമാരുമാണ്. രാജ്ഭവനിലെ ഗ്ലാസ് ഹൗസിലായിരുന്നു ചടങ്ങ്.
മുന്‍ കേന്ദ്രമന്ത്രിമാരായ വി ശ്രീനിവാസ പ്രസാദ്, എം എച്ച് അംബരീഷ് എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിനിമാ നടി ഉമാശ്രീയാണ് മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. ബംഗളൂരുവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് എം എല്‍ എമാര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചു. രാമലിംഗ, മലയാളി കൂടിയായ കെ ജെ ജോര്‍ജ്, കൃഷ്ണ ബൈരെഗൗഡ, മുന്‍ മുഖ്യമന്ത്രി ഗുണ്ടുറാവുവിന്റെ മകന്‍ ദിനേഷ് ഗുണ്ടുറാവു എന്നിവരാണവര്‍. ഇവരില്‍ ആദ്യ രണ്ട് പേര്‍ കാബിനറ്റ് മന്ത്രിമാരും മറ്റുള്ളവര്‍ സഹമന്ത്രിമാരുമാണ്. മുതിര്‍ന്ന നേതാക്കളായ ആര്‍ വി ദേശ്പാണ്ഡെ, ഖമറുല്‍ ഇസ്‌ലാം, ടി ബി ജയചന്ദ്ര, എച്ച് ആര്‍ പാട്ടീല്‍ എന്നിവരോടൊപ്പം 2008ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ഈ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത ശിവരാജ് എസ് തങ്കതഗിക്കും കാബിനറ്റ് സ്ഥാനം ലഭിച്ചു.
കാബിനറ്റ് മന്ത്രിമാര്‍: ആര്‍ വി ദേശ്പാണ്ഡെ, ഖമറുല്‍ ഇസ്‌ലാം, പ്രകാശ് ബി ഹുക്കേരി, രാമലിംഗ റെഡ്ഢി, ടി ബി ജയചന്ദ്ര, ബി രാമനാഥ് റായ്, എച്ച് കെ പാട്ടീല്‍, ശമനൂര്‍ ശിവശങ്കരപ്പ, വി ശ്രീനിവാസ പ്രസാദ്, എച്ച് സി മഹാദേവപ്പ, കെ ജെ ജോര്‍ജ്, എച്ച് എസ് മഹാദേവ പ്രസാദ്, എം എച്ച് അംബരീഷ്, വിനയ് കുമാര്‍ സോറകെ, ബാബുറാവു ചിഞ്ചനസൂര്‍, യു ടി ഖാദര്‍, സതീഷ് ജാര്‍കിഹോളി, എം ബി പാട്ടീല്‍, എച്ച് ആഞ്ജനേയ, ശിവരാജ് എസ് തങ്കതഗി.
സഹമന്ത്രിമാര്‍: അഭയ്ചന്ദ്ര ജെയ്ന്‍, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെഗൗഡ, ശരണ പ്രകാശ് പാട്ടീല്‍, സന്തോഷ് ലാദ്, കിമ്മനി രത്‌നാകര്‍, ഉമാശ്രീ, പി ടി പരമേശ്വര്‍ നായ്ക്.
മന്ത്രിസഭയില്‍ ഇനി അഞ്ച് ഒഴിവുകള്‍ കൂടിയാണുള്ളത്. 33 അംഗ മന്ത്രിസഭക്കാകും സിദ്ധരാമയ്യ നേതൃത്വം നല്‍കുക. കഴിഞ്ഞ പതിമൂന്നിനാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മുഖ്യമന്ത്രി സ്ഥാനത്ത് കണ്ണുനട്ട് നിരവധി നേതാക്കളുണ്ടായിരുന്നെങ്കിലും പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള എ ഐ സി സി സംഘം ഒരു ദിവസം കൊണ്ടാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

---- facebook comment plugin here -----

Latest