Connect with us

Wayanad

സഞ്ചാരികളുടെ മനം കവര്‍ന്ന് ഊട്ടി പുഷ്‌പോത്സവം സമാപിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: 117-ാമത് ഊട്ടി പുഷ്‌പോത്സവം സമാപിച്ചു. കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വസന്തോത്സവം നടത്തിയിരുന്നത്. മൂന്ന് ദിവസമായി ഊട്ടി സസ്യോദ്യാനത്തില്‍ നടന്ന പുഷ്‌പോത്സവമാണ് ഇന്നലെ സമാപിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷം നടന്ന സമാപന പരിപാടിയില്‍ വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ അര്‍ച്ചനപട്‌നായികും, കൃഷിവകുപ്പ് സംസ്ഥാന സെക്രട്ടറി സന്ദീപ് സക്‌സേനയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഊട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സത്യഭാമ, കൃഷിവകുപ്പ് ഡയറക്ടര്‍ മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാര•ാരായിരുന്നു സസ്യോദ്യാനം അണിയിച്ചൊരുക്കിയിരുന്നത്. 70,000 വിവിധതരം പൂക്കള്‍കൊണ്ട് രൂപപ്പെടുത്തിയ തമിഴ്‌നാട് നിയമസഭാ മന്ദിരത്തിന്റെ മാതൃക, 17,000 പൂക്കള്‍കൊണ്ട് രൂപപ്പെടുത്തിയ ഭൂഗോളത്തിന്റെ മാതൃക, ഒരു ലക്ഷം പൂക്കള്‍കൊണ്ട് രൂപപ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ ചിഹ്നത്തിന്റെ മാതൃക, ഗംഗാരുവിന്റെ മാതൃക തുടങ്ങിയവകളുള്‍പ്പെടെയുള്ള വിവിധവര്‍ണങ്ങളിലുള്ള വിസ്മയ കാഴ്ചകളായിരുന്നു സസ്യോദ്യാനത്തില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇന്നലെയും സൗരഭ്യവും സൗന്ദര്യവും തേടി ഊട്ടിയിലെത്തിയിരുന്നത്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് ഏറ്റവും കൂടുതല്‍. 15,000 പൂച്ചെട്ടികളും ഒരുക്കിയിരുന്നു.
ബംഗളൂരു, മൈസൂര്‍, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദേശത്തും പൂക്കള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉദ്യാനത്തിലെ അപൂര്‍വ്വയിനം സസ്യങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയും ആഘര്‍ഷണീയമാണ്. മേരിഗോള്‍ഡ്, ഡാലിയ, ലില്ലിയം, അസ്തര്‍, പെറ്റിയുണിയ, ജറപറ, കാര്‍ണീഷ്യം, ടെറോനിയ, ബ്ലസം തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പൂക്കളുടെ വന്‍ ശേഖരമാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരുന്നത്.
വിവിധതരം സ്റ്റാളുകളും ഇവിടെ ഒരുക്കിയിരുന്നു. ഈമാസം 25, 26 തിയതികളില്‍ കുന്നൂര്‍ സിംസ്പാര്‍ക്കില്‍ 55-ാമത് പഴവര്‍ഗമേള നടക്കും.

 

Latest