Connect with us

Articles

മുല്ലപ്പൂ വിപ്ലവത്തെ കൊന്നുതിന്നുന്നവര്‍

Published

|

Last Updated

സൃഷ്ടിക്കപ്പെട്ട ഇമേജുകള്‍ യാഥാര്‍ഥ്യങ്ങളുടെ സമ്മര്‍ദത്തില്‍ തകര്‍ന്നു വീഴുമെന്നത് ചരിത്ര സത്യമാണ്. പാടിപ്പുകഴ്ത്തപ്പെട്ട എത്രയോ പ്രതിച്ഛായകള്‍ ഇങ്ങനെ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഒരര്‍ഥത്തില്‍ ഇത്തരം പതനങ്ങളാണ് യഥാര്‍ഥ ചരിത്രം. മുല്ലപ്പൂ വിപ്ലവം, അറബ് വസന്തം എന്നൊക്കെ കൊണ്ടാടപ്പെട്ട ഭരണമാറ്റ പരമ്പര ഇന്ന് ക്രൂരമായ വിചാരണക്ക് വിധേയമാകുകയാണ്. അത് ഒരു കള്ളത്തരമായിരുന്നുവെന്ന് പറയാന്‍ ഇനിയും വൈകിക്കൂടെന്ന് “പാണപ്പാട്ടുകളില്‍” ആവേശപൂര്‍വം പങ്കെടുത്തവരും അത്തരം അപദാനങ്ങള്‍ക്ക് പിന്നണി സംഗീതമൊരുക്കിയവരും തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു. ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും സംഭവിച്ച ഭരണമാറ്റത്തിന്റെ തുടര്‍ച്ചയും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ജനകീയ മുന്നേറ്റവുമാണ് സിറിയയില്‍ നടക്കുന്നതെന്ന് വിലയിരുത്തിയവര്‍ തന്നെ ഇപ്പോള്‍ പരിതപിക്കുകയാണ്. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് വിചാരിച്ചില്ല പോലും. എല്ലാം കൈവിട്ടുപോയെന്നും സാമ്രാജ്യത്വ ശക്തികള്‍ കയറി നിരങ്ങുകയാണെന്നും മുല്ലപ്പൂ വിപ്ലവത്തിന്റെ സ്വയംപ്രഖ്യാപിത പ്രത്യയശാസ്ത്ര ബന്ധുക്കള്‍ സ്വന്തം മുഖപത്രത്തില്‍ എഡിറ്റോറിയല്‍ എഴുതേണ്ട ഗതിയായിരിക്കുന്നു.

പ്രക്ഷോഭങ്ങള്‍ എങ്ങനെ അപഹരിക്കാമെന്നതിന്റെയും ജനഹിതം എങ്ങനെ അട്ടിമറിക്കാമെന്നതിന്റെയും പ്രത്യക്ഷ നിദര്‍ശനമാണ് ഈജിപ്ത്. അവിടെ അധികാരത്തില്‍ വന്ന ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ നേതാവ് അധികാര കേന്ദ്രീകരണ പ്രവണതകളിലേക്ക് സഞ്ചരിച്ചപ്പോള്‍ ജനം തെരുവിലിറങ്ങി. തഹ്‌രീര്‍ ചത്വരം ഒരിക്കല്‍ കൂടി ആര്‍ത്തിരമ്പി. ഹുസ്‌നി മുബാറക്കിനെ പുറത്താക്കാനായി ജനങ്ങള്‍ തെരുവിലിറങ്ങിയത് ആ വ്യക്തിയോടുള്ള കണക്ക് തീര്‍ക്കുന്നതിന്റെ ഭാഗമായിരുന്നില്ല. ഈജിപ്ത് ജനതക്ക് അങ്ങനെയൊരു പകയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന മുബാറക്ക് വിചാരണയില്‍ അവര്‍ക്ക് വലിയ ആകാംക്ഷയില്ലാത്തത്. ഒരു ഭരണക്രമത്തിനെതിരെയാണ് അവര്‍ സമരം ചെയ്തത്. സാമ്രാജ്യത്വത്തോട് കൈകോര്‍ക്കുന്ന സമീപനത്തെയാണ് അവര്‍ തെരുവില്‍ ചോദ്യം ചെയ്തത്. മുതലാളിത്ത സാമ്പത്തിക നയമാണ് വിചാരണ ചെയ്യപ്പെട്ടത്. ഇസ്‌റാഈല്‍ അടക്കമുളള മുബാറക്കിന്റെ അന്താരാഷ്ട്ര ബാന്ധവങ്ങള്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. ആ പ്രക്ഷോഭം പടര്‍ത്തിയ ഓളത്തില്‍ അധികാരത്തലപ്പത്തെത്തിയ മുഹമ്മദ് മുര്‍സി എന്താണ് ചെയ്യുന്നത്? മുബാറക്കിന്റെ എല്ലാ നയങ്ങളും അപ്പടി തുടരുന്നു. ഇറാനുമായുണ്ടാക്കിയ ദുര്‍ബലവും തൊലിപ്പുറമേയുള്ളതുമായ സൗഹൃദത്തിന്റെ മറപിടിച്ച് ഇസ്‌റാഈലിനോടുള്ള ബാന്ധവം ശക്തമാക്കുന്നു. ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുകയെന്നത് ഒരു ആഗോള പ്രസ്ഥാനമായി വളരുമ്പോള്‍ അയല്‍ബന്ധത്തിന്റെ പേരില്‍ സൈനിക, സാമ്പത്തിക സഹകരണം മുര്‍സിയുടെ ഈജിപ്ത് തുടരുന്നു. ബിക്കിനി ടൂറിസം തന്നെയാണ് ഇന്നും ഈജിപ്തിന്റെ സാമ്പത്തിക ആത്മവിശ്വാസം. ഐ എം എഫും വേള്‍ഡ് ബേങ്കും പണച്ചാക്കുകളുമായി കൈറോയിലുണ്ട്.
ടുണീഷ്യയിലെ അന്നഹ്ദക്ക് മര്യാദക്ക് ഭരിക്കാന്‍ സാധിച്ചിട്ടില്ല. അന്തഃസംഘര്‍ഷങ്ങള്‍ രൂക്ഷമാണ് അവിടെ. തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും ശക്തമാണ്. സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ നയത്തിനെതിരെ ജനം നിരവധി തവണ തെരുവിലിറങ്ങി. സിദി ബൗസിദില്‍ സ്വയം തീകൊളുത്തി പ്രക്ഷോഭത്തിന്റെ അഗ്നി പടര്‍ത്തിയ മുഹമ്മദ് ബൗസിസിന്റെ പ്രതിഷേധം മുഴുവന്‍ നവ ലിബറല്‍ സാമ്പത്തിക നയങ്ങളോടായിരുന്നു. മുല്ലപ്പൂ വിപ്ലവം അര്‍ഥവത്തായിരുന്നുവെങ്കില്‍ ചുരുങ്ങിയത് ടുണീഷ്യയിലെങ്കിലും ബദല്‍ ഉദയം ചെയ്യേണ്ടിയിരുന്നു.
സത്യത്തില്‍ ലിബിയയില്‍ നിന്ന് എന്ത് വ്യത്യാസമാണ് സിറിയക്കുള്ളത്? മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ നടന്ന വിമത മുന്നേറ്റം തുടക്കത്തിലേ സായുധ കലാപത്തിന്റെ രൂപം കൈവരിച്ചിരുന്നു. ആദ്യം ഫ്രാന്‍സും പിന്നീട് നാറ്റോ ഒന്നാകെയും സര്‍വായുധസജ്ജരായി ലിബിയന്‍ ആകാശത്തും മണ്ണിലും ഇറങ്ങിയതോടെയാണല്ലോ അവിടെ ഗദ്ദാഫി നിലം പതിച്ചത്. തന്ത്രപൂര്‍വം അണിയറയില്‍ നിന്ന് കളിച്ച അമേരിക്കയുടെ കൈയിലായിരുന്നു ചരട്. ഗദ്ദാഫിയെ താഴെയിറക്കുകയായിരുന്നില്ല ലക്ഷ്യം. അദ്ദേഹത്തെ ശാരീരികമായി ഇല്ലാതാക്കുകുകയായിരുന്നു. അവിടെ ജനം ആഗ്രഹിച്ചത് രാഷ്ട്രീയമായ പരിവര്‍ത്തനമായിരുന്നു. ഭരണാധികാരിയെ വധിക്കുകയെന്നത് അവരുടെ ലക്ഷ്യമായിരുന്നില്ല. ആരാണ് പുതിയ ഗോള്‍പോസ്റ്റുകള്‍ പണിതതെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഗദ്ദാഫിയെ വധിച്ചത് വിമത സൈനികരാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ലോകം അത് വിശ്വസിച്ചു. ഒരു കാലത്ത് അമേരിക്കയുടെ കരുത്തനായ വിമര്‍ശകനും പിന്നെ അമേരിക്കന്‍ ചേരിയില്‍ അഭയം തേടാന്‍ ശ്രമിച്ചയാളുമായ ഗദ്ദാഫിക്കെതിരെ അവര്‍ നടപ്പാക്കിയത് പ്രത്യയശാസ്ത്രപരമായ വധശിക്ഷയായിരുന്നു. ഒരു വിചാരണാ നാടകം പോലും അനുവദിക്കാതെയുള്ള ശിക്ഷ. ഏകാധിപത്യ പ്രവണതകളുണ്ടെങ്കിലും ഗദ്ദാഫി വളര്‍ത്തിയ ബദല്‍ രാഷ്ട്രീയ, സാമ്പത്തിക ക്രമം പുതിയ ജനാധിപത്യ പരിപ്രേക്ഷ്യത്തില്‍ പുനര്‍സംവിധാനിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ലിബിയ ശക്തമായ രാജ്യമായി നിലകൊള്ളുമായിരുന്നു. ഗദ്ദാഫിയെ ഇല്ലാതാക്കിയതോടെ ആ സാധ്യതയാണ് തകര്‍ത്തു കളഞ്ഞത്.
ലിബിയയുടെ ഇന്നത്തെ അവസ്ഥ കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം. അവിടെ തികഞ്ഞ അരാജകത്വം നിലനില്‍ക്കുന്നു. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും തലപൊക്കിത്തുടങ്ങിയിരിക്കുന്നു. ബന്‍ഗാസിയില്‍ ഏറ്റുമുട്ടല്‍ നിത്യസംഭവമാണ്. ഗദ്ദാഫിയെ തറപറ്റിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ വിതറിയ ആയുധങ്ങള്‍ പുതിയ ഭരണകൂടത്തിന്റെ ഏറ്റവും വലിയ തലവേദനയാണ്. ഗദ്ദാഫി പുറത്താക്കിയ പാശ്ചാത്യ വിദേശ എണ്ണക്കമ്പനികള്‍ മുഴുവന്‍ തിരിച്ചു വന്നിരിക്കുന്നു. അവര്‍ പര്യവേക്ഷണങ്ങള്‍ നടത്തി ലിബിയന്‍ മണ്ണില്‍ പുതിയ ധനസ്രോതസ്സുകള്‍ കണ്ടെത്തുകയാണ്. ഈ കമ്പനികള്‍ നല്‍കുന്ന നാണയത്തുട്ടുകളാണ് പുതിയ ഭരണകൂടത്തിന്റെ വരുമാനം. വന്‍കിട കമ്പനികള്‍ നടത്തുന്ന പ്രകൃതി ചൂഷണത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ ഐ എം എഫ് പോലുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങളും അമേരിക്കയും ലിബിയന്‍ പാക്കേജ് പ്രഖ്യാപിക്കുന്നു. അങ്ങനെ ആശ്രിത, സാമന്ത രാജ്യമായി ലിബിയ അധഃപതിച്ചിരിക്കുന്നു. ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നിങ്ങനെ കോമയിട്ട് ചേര്‍ത്ത് പറയാന്‍ പോന്ന ഒരു വിപ്ലവവും ലിബിയന്‍ ജനതയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ചരിത്ര ശേഷിപ്പുകളും മഖ്ബറകളും പള്ളികളും തകര്‍ത്തെറിഞ്ഞ് നിഷ്‌കളങ്കമായ ഇസ്‌ലാമിക വിശ്വാസത്തെ അതിന്റെ പാരമ്പര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള മറ്റൊരു പ്രത്യയശാസ്ത്ര കൊലപാതകം അവിടെ തുടങ്ങിയിരിക്കുന്നു. സലഫികള്‍ക്കും ഇസ്‌ലാമിസ്റ്റുകള്‍ക്കും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഇടം തരപ്പെടുത്തലാണോ മുല്ലപ്പൂ വിപ്ലവം?
സിറിയയിലേക്ക് വരാം. അവിടെ അസദ് ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഒരു ഘട്ടത്തിലും ഒരു ജനകീയ മുന്നേറ്റത്തിന്റെ ലക്ഷണങ്ങള്‍ കൈവരിച്ചിരുന്നില്ല. തുടക്കത്തിലേ അത് ബാഹ്യശക്തികളുടെ കൈകളിലേക്ക് നീങ്ങിയിരുന്നു. ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടന്ന ഹമ പ്രക്ഷോഭത്തിന്റെ അത്ര പോലും ലക്ഷ്യബോധമോ ജനകീയ സ്വഭാവമോ അതിനുണ്ടായിരുന്നില്ല. അന്ന് ഹാഫിസ് അല്‍ അസദ് ഭരണകൂടം തുടക്കത്തിലേ തന്നെ നരനായാട്ട് തുടങ്ങിയിരുന്നു. എന്നാല്‍ ജൂനിയര്‍ അസദ് തുടക്കത്തില്‍ ചര്‍ച്ചാ സാധ്യതകള്‍ തുറന്നിട്ടു. പലരാല്‍ അപഹരിക്കപ്പെട്ട് ആയുധസജ്ജമായിക്കഴിഞ്ഞ പ്രക്ഷോഭത്തിന് പക്ഷേ സര്‍ഗാത്മകമായ ചര്‍ച്ചകളുടെ ശാന്തതയിലേക്ക് വളരാനാകുമായിരുന്നില്ല. ആയുധം ചോര തൊട്ടേ അടങ്ങൂ. ഇന്ന് സിറിയയില്‍ ചോരപ്പുഴയാണ് ഒഴുകുന്നത്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രശേഷിപ്പുകളാല്‍ സമ്പന്നമായ ദമസ്‌കസ്, ഹംസ് പോലുള്ള നഗരങ്ങളെല്ലാം തകര്‍ന്നു തരിപ്പണമായി. എണ്‍പതിനായിരം പേര്‍ മരിച്ചു വീണുവെന്നാണ് കണക്ക്. സിറിയന്‍ ജനതക്ക് സ്വന്തം മണ്ണില്‍ ഇടമില്ലാതായിരിക്കുന്നു. അവര്‍ അയല്‍ രാജ്യങ്ങളുടെ ഔദാര്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. പള്ളിയില്‍ ദര്‍സ് നടത്തുന്ന ആഗോളപ്രശസ്ത പണ്ഡിതനെ വിമതര്‍ ബോംബിട്ട് കൊന്നു. സൈന്യം നടത്തുന്ന ക്രൂരതകള്‍ മാത്രം നിറഞ്ഞിരുന്ന പാശ്ചാത്യ മാധ്യമങ്ങളില്‍ ഇന്ന് നിറയുന്നത് വിമതരുടെ മനുഷ്യത്വരഹിതമായ ക്രൂരതകളാണ്. ഔദ്യോഗിക സൈനികന്റെ മൃതദേഹം തുരന്ന് കരളെടുത്ത് തിന്നുന്ന വിമത സൈനികന്റെ ദൃശ്യം മാധ്യമങ്ങള്‍ പുറത്തു വിട്ടു. പ്രധാന വിമത സായുധ സംഘത്തിന്റെ തലവനായ അബൂസാക്കറാണ് കൂര കൃത്യം നടത്തിയതെന്ന് വ്യക്തമായതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. വിമതരുടെ സംയുക്ത സേനയായ ഫ്രീ സിറിയന്‍ ആര്‍മിയുടെ ഉന്നതരാരും വാര്‍ത്ത നിഷേധിച്ചില്ല. മറിച്ച് അവര്‍ അപലപിക്കുകയാണ് ചെയ്തത്. അത് ഹംസിലെ വിമത കമാന്‍ഡറായ അബൂസാക്കറുടെ വ്യക്തിപരമായ മാനസിക വൈകല്യമായി ചിത്രീകരിക്കാനും വിമത പക്ഷത്തെ ചിലര്‍ ശ്രമിച്ചു. എന്നാല്‍ ഇത് ഒരു സൂചനയാണ്. ഒരു തരം ഭ്രാന്തമായ പകയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നുവെന്നതിന്റെ സൂചന. സൈന്യം രാസായുധം പ്രയോഗിക്കുന്നുവെന്ന് അമേരിക്കയും ഇസ്‌റാഈലും മുറവിളി കൂട്ടിയപ്പോള്‍ വിമതരാണ് രാസായുധം പ്രയോഗിക്കുന്നതെന്ന സത്യം യൂറോപ്യന്‍ ഏജന്‍സികള്‍ തെളിവു സഹിതം ലോകത്തിന് മുന്നില്‍ വെച്ചു. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും അസദ് ഭരണകൂടത്തിനായി വരുന്ന ആയുധത്തിന്റെ പല മടങ്ങാണ് വിമതര്‍ക്കായി വന്‍ശക്തികളില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നും ഒഴുകിയെത്തുന്നത്. പണത്തിനുമില്ല ഒരു കുറവും.
സിറിയന്‍ മണ്ണില്‍ ഇസ്‌റാഈല്‍ ആക്രമണവും കൂടിയായപ്പോള്‍ ചിത്രം വ്യക്തമായിരിക്കുന്നു. ഇത് ബശര്‍ അല്‍ അസദിനെ താഴെയിറക്കുന്നതിന്റെയോ ഭരണമാറ്റത്തിന്റെയോ പ്രശ്‌നമല്ല. ഒരു മുല്ലപ്പൂ മണവും സിറിയയിലില്ല. അവിടെ മണക്കുന്നത് അമേരിക്ക- ഇസ്‌റാഈല്‍ അച്ചുതണ്ടിന്റെ ദീര്‍ഘകാല പദ്ധതിയുടെ വെടിമരുന്നാണ്. ഇറാനെ തകര്‍ക്കാനായി വരാനിരിക്കുന്ന സൈനിക നീക്കത്തിനുള്ള മണ്ണൊരുക്കലാണ് ഇത്. സിറിയയെ ഛിന്നഭിന്നമാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. അസദ് വീണാലും വാണാലും ഒരു കാര്യം ഉറപ്പായിരിക്കുന്നു. സിറിയ നിതാന്തമായ അന്തഃഛിദ്രങ്ങളില്‍ അകപ്പെട്ടു കഴിഞ്ഞു. പുറത്തു കടക്കാനാകാത്ത പത്മവ്യൂഹത്തിലാണ് ആ രാജ്യം. ഒരു ഭാഗത്ത് അസദ് വീഴാന്‍ ഖുനൂത്ത് ഓതുന്ന അറബ് ലോകം. തക്കം പാര്‍ത്തിരിക്കുന്ന ഇസ്‌റാഈല്‍. നേരിട്ടിറങ്ങാതെ എല്ലാം നിയന്ത്രിക്കുന്ന അമേരിക്ക. അവരുടെ താത്പര്യമനുസരിച്ച് നീങ്ങുന്ന യു എന്‍. മറുഭാഗത്ത് അസദിനെ പിന്തുണക്കുന്ന റഷ്യ, ചൈന, ഇറാന്‍, ലബനന്‍. (യു എന്‍ പൊതു സഭ ഒടുവില്‍ പാസ്സാക്കിയ പ്രമേയം വിമതരെ നിരാക്ഷേപം പിന്തുണക്കുന്നു. അസദ് മാറിയേ തീരൂവെന്ന് ഏകപക്ഷീയമായി ശഠിക്കുന്നു. ഇന്ത്യയടക്കം 59 രാജ്യങ്ങളാണ് ഈ പ്രമേയത്തിനെതിരെ നിലപാടെടുത്തത്. രക്ഷാസമിതിയില്‍ വീറ്റോയുള്ളതിനാല്‍ ഇത്തരം പ്രമേയങ്ങള്‍ നിരന്തരം പരാജയപ്പെട്ടപ്പോഴാണ് പൊതു സഭയില്‍ പ്രമേയം പാസ്സാക്കി അമേരിക്ക സമാധാനമടഞ്ഞത്.)
പ്രശ്‌നപരിഹാരത്തിന് ആര്‍ക്കും താത്പര്യമില്ല. സിറിയയുടെ ഭാവി ആരേയും അലട്ടുന്നില്ല. ഒടുവില്‍ രംഗപ്രവേശം ചെയ്ത് ഭരണം പിടിച്ചെടുക്കാമെന്ന് കണക്കുകൂട്ടി തിരശ്ശീലക്ക് പിന്നില്‍ നില്‍ക്കുന്ന ബ്രദര്‍ഹുഡ് പോലുള്ള കക്ഷികളും സാമ്രാജ്യത്വ ശക്തികളുടെ ചരടനുസരിച്ചാണ് ആടുന്നത്. സ്വന്തം രാജ്യത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ അവര്‍ക്ക് നട്ടെല്ലില്ല.
ഇപ്പോഴും മുല്ലപ്പൂ വിപ്ലവ വീമ്പ് പറഞ്ഞിരിക്കുന്നത് ശുദ്ധ മൗഢ്യമാണ്. ഇപ്പോഴെങ്കിലും വിമതരെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് മൃതദേഹത്തില്‍ നിന്ന് കരള്‍ പറിച്ച് പച്ചക്ക് തിന്നുന്നതിന് തുല്യമാണ്. ഉമവിയ്യ പള്ളി പോലുള്ള പാരമ്പര്യ അടയാളങ്ങളെയും മഖ്ബറകളെയും തകര്‍ത്തെറിയുക വഴി ഇസ്‌ലാമിക സംസ്‌കൃതിയെ തന്നെ തുടച്ചു നീക്കാനുള്ള സയണിസ്റ്റ് അജന്‍ഡക്കാണ് തങ്ങള്‍ അരുനില്‍ക്കുന്നതെന്ന് അറബ് ലോകത്തെ പ്രമാണിമാര്‍ മനസ്സിലാക്കണം.
മേഖലയില്‍ ഇറാന്‍പേടി സൃഷ്ടിക്കുന്നത് ആരാണ്? ഈ ഭീതിരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍ ആരാണ്? പടിഞ്ഞാറിന് പാകമായ ഇസ്‌ലാം പടച്ചെടുക്കാന്‍ പാടുപെടുന്ന ഇസ്‌ലാമിസ്റ്റുകളും ഏകധ്രുവ ലോകത്തിനായി ലോകത്താകെ വംശീയ, വര്‍ഗീയ, പ്രാദേശിക സംഘര്‍ഷങ്ങള്‍ വിതറുന്നവരുമാണ് സിറിയന്‍ പ്രതിസന്ധിയുടെ യഥാര്‍ഥ ഉത്തരവാദികള്‍.
നീക്കിബാക്കി: മൃതദേഹത്തെ വികൃതമാക്കി ഹൃദയം പറിച്ച് തിന്ന വിമതരെക്കുറിച്ചുള്ള വാര്‍ത്ത മുക്കിയാല്‍ എല്ലാ പ്രത്യയശാസ്ത്ര ബാധ്യകളില്‍ നിന്നും രക്ഷപ്പെടാമെന്നാണോ കേരളത്തിലെ ഉത്തരംതാങ്ങികള്‍ കരുതുന്നത്?

Latest