Connect with us

Kerala

ഗ്രൂപ്പ് യുദ്ധം മുറുകി; ഹൈക്കമാന്‍ഡ് ഇടപെടുന്നു

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയില്‍. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായ ഗ്രൂപ്പ് യുദ്ധത്തിന് കളമൊരുങ്ങുകയാണ്. സര്‍ക്കാറുമായുള്ള ബന്ധം ഇനി പഴയത് പോലെയുണ്ടാകില്ലെന്ന് തുറന്നുപറഞ്ഞ ചെന്നിത്തല, മന്ത്രിസഭയില്‍ മൂന്നാമനായി ഇരിക്കാന്‍ താനില്ലെന്ന് ഉമ്മന്‍ ചാണ്ടിയെയും അറിയിച്ചു.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് ചെന്നിത്തല രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രമേശിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും അഭിമുഖത്തിലെ പരാമര്‍ശങ്ങളൊന്നും നിഷേധിച്ചില്ല. ഔദ്യോഗികമായി ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മാത്രമായിരുന്നു പ്രതികരണം. അതേസമയം, കെ കരുണാകരന്‍-ആന്റണി കാലത്തെ ഗ്രൂപ്പ് പോര് ഓര്‍മയുള്ള ഇരുപക്ഷത്തെയും നേതാക്കള്‍ രംഗം തണുപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇനി ഒരു ചര്‍ച്ചക്കും ക്ലിഫ്ഹൗസിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് രമേശ്. വേണമെങ്കില്‍ കെ പി സി സി ഓഫീസില്‍ വന്ന് ചര്‍ച്ചയാകാമെന്ന് അനുരഞ്ജനത്തിനെത്തിയവരെ അദ്ദേഹം അറിയിച്ചുകഴിഞ്ഞു. പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഉടന്‍ ഇടപെടുമെന്നാണ് വിവരം. ഇവിടെ ചര്‍ച്ച നടത്തി സമവായമുണ്ടാക്കി ഡല്‍ഹിയില്‍ വരാനാണ് എ കെ ആന്റണി നിര്‍ദേശിച്ചിരുന്നതെങ്കിലും അത് നടക്കില്ലെന്ന് ഉറപ്പായി.
കേന്ദ്ര മന്ത്രി കെ വി തോമസ് ഇന്നലെ ഇന്ദിരാഭവനിലെത്തി രമേശുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്, മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
പ്രശ്‌നം വഷളായതോടെയാണ് എ ഗ്രൂപ്പ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടങ്ങിയത്. മന്ത്രിമാരായ കെ സി ജോസഫും ആര്യാടന്‍ മുഹമ്മദും രമേശിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കുഞ്ഞാലിക്കുട്ടിക്കും ഉപമുഖ്യമന്ത്രി പദത്തിന് അര്‍ഹതയുണ്ടെന്ന തന്റെ പ്രസ്താവന കെ പി സി സി പ്രസിഡന്റിന്റെ മന്ത്രിസഭാപ്രവേശം തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്ന് രമേശിനെ കെ സി ജോസഫ് അറിയിച്ചു. മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദും ഇന്ദിരാ ഭവനിലെത്തി രമേശിനെ കണ്ടു. കൂടുതല്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അനുരഞ്ജനത്തിന് വഴിതുറക്കും വിധമാണ് പ്രതികരിച്ചത്. രമേശ് മന്ത്രിസഭയില്‍ വരണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി, വകുപ്പുകള്‍ സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
അതേസമയം, ഐ ഗ്രൂപ്പ് നേതാക്കളും തിരക്കിട്ട നീക്കങ്ങളിലാണ്. രമേശ് ചെന്നിത്തല യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം ലഭിക്കാതെ വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് ഐ ഗ്രൂപ്പ്.
ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നടത്തിയ ചര്‍ച്ച ഉടക്കിപ്പിരിഞ്ഞതോടെയാണ് പ്രശ്‌നം വഷളായത്. വിളിച്ചുവരുത്തി അപമാനിച്ച സാഹചര്യത്തില്‍ ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് ഐ വിഭാഗത്തിന്റെ തീരുമാനം. അടുപ്പക്കാരുമായി ആലോചിച്ച രമേശ് ഇനി സര്‍ക്കാറുമായി പഴയ ബന്ധം ഉണ്ടാകില്ലെന്ന് തുറന്ന് പറഞ്ഞുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സി എം പിയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് രമേശ് പിന്മാറി. പി പി തങ്കച്ചനെ വിളിച്ചാണ് ചര്‍ച്ചക്ക് വരില്ലെന്ന് രമേശ് അറിയിച്ചത്. ഇതോടെ, ഉഭയകക്ഷി ചര്‍ച്ച തന്നെ മാറ്റിവെച്ചിരിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ എന്തായാലും കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയുമെന്ന് രമേശിന് ഉറപ്പുണ്ട്. അതുവരെ പാര്‍ട്ടിയെ നയിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. പാര്‍ട്ടിയോട് ആലോചിക്കാത്ത നയപരമായ തീരുമാനങ്ങളൊന്നും അംഗീകരിക്കേണ്ടതില്ലെന്നും ഐ ഗ്രൂപ്പ് തീരുമാനിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദൂതന്‍മാര്‍ തന്നെ മന്ത്രിസഭയില്‍ ചേരാന്‍ ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിവെച്ച ശേഷം വകുപ്പിനെ ചൊല്ലി തര്‍ക്കമുണ്ടാക്കി അപമാനിച്ചെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. ആഭ്യന്തര വകുപ്പ് പെട്ടെന്ന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ഉപ മുഖ്യമന്ത്രി പദം ഘടകകക്ഷികളോട് ആലോചിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമെല്ലാം തടസ്സവാദങ്ങളായിരുന്നു. ഇതോടെയാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് രമേശും എത്തിയത്.
ഇനി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് രമേശ് തന്നെ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തനിക്ക് അല്‍പ്പം സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ അനിശ്ചിതമായി കാത്തിരിക്കാന്‍ തയ്യാറല്ലെന്ന മറുപടിയാണ് രമേശ് നല്‍കിയത്.

 

Latest