Connect with us

Kannur

ഐ എന്‍ എല്‍ ഇടതുമുന്നണി പ്രവേശം: പിണറായിയുമായി കണ്ണൂരില്‍ കൂടിക്കാഴ്ച

Published

|

Last Updated

കണ്ണൂര്‍: ഐ എന്‍ എല്ലിന്റെ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് ഐ എന്‍ എല്‍ നേതാക്കളും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച കണ്ണൂരില്‍ നടക്കും. ഐ എന്‍ എലിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അനുകൂല നിലപാട് അഭ്യര്‍ഥിച്ച് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കള്‍ തലസ്ഥാനത്ത്, സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ജനതാദള്‍ എസ് നേതാവ് സി കെ നാണു എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഐ എന്‍ എല്ലിനെ എല്‍ ഡി എഫില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേതാക്കള്‍ അനുകൂല മറുപടിയാണ് നല്‍കിയത്. കഴിഞ്ഞ ദിവസം ഐ എന്‍ എല്ലിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഐ എന്‍ എല്‍ ഇടതുമുന്നണിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇത് ഐ എന്‍ എല്‍ നേതൃത്വത്തിന് ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നതിന് നേതാക്കള്‍ സമയം ചോദിച്ചിട്ടുണ്ട്. ചര്‍ച അടുത്ത ദിവസം തന്നെ കണ്ണൂരില്‍ വെച്ച് നടത്താമെന്ന് പിണറായി സമ്മതിച്ചിട്ടുണ്ട്. ഐ എന്‍ എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നേതാക്കളില്‍ അഭിപ്രായ സമന്വയം ഉണ്ടായ സാഹചര്യത്തില്‍ അടുത്തു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.