Connect with us

Articles

ഉയരത്തിലെത്തിയ മലയാളം

Published

|

Last Updated

ലോകമെമ്പാടുമുള്ള മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണിത്. തമിഴ്, തെലുഗു, കന്നഡ ഭാഷകളെപ്പോലെ നമ്മുടെ മലയാളത്തിനും അര്‍ഹമായ പദവിയാണ് വൈകിയാണെങ്കിലും ലഭിച്ചിരിക്കുന്നത്.
മലയാള ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും സഹായകരമായ രീതിയില്‍ ഈ അംഗീകാരം പ്രയോജനപ്പെടുത്താനുള്ള ചുമതല നമുക്കുണ്ട്. ഒരര്‍ഥത്തില്‍ ഇതൊരു വെല്ലുവിളിയാണ്. അതേറ്റെടുത്തു മുന്നോട്ടു പോകാനും ഭാഷയെ സമ്പന്നമാക്കാനും എല്ലാ നടപടികളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ശ്രേഷ്ഠ ഭാഷാപദവിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായത്. അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദനും ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒ എന്‍ വി, സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ തുടങ്ങിയ ഭാഷാപ്രേമികളും കേരളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാനുള്ള അര്‍ഹത പ്രധാനമന്ത്രിക്കു മുമ്പില്‍ കാര്യകാരണസഹിതം അവതരിപ്പിച്ചു. പ്രധാനമന്ത്രി ഈ വിഷയം കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിഗണനക്ക് വിട്ടു. അക്കാദമി വിഷയം പഠിച്ച് ശിപാര്‍ശ നല്‍കാന്‍ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതിയില്‍ ഉള്ളവരുടെ മനോഭാവത്തെപ്പറ്റി ആശങ്കകള്‍ ഉന്നയിക്കപ്പെട്ടിരുന്നു. അതിനെ സാധൂകരിക്കുന്ന നിലയിലാണ് മലയാളത്തിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെപ്പറ്റി മലയാള ഭാഷാപണ്ഡിതരുടെ വിശദീകരണം പോലും കേള്‍ക്കാതെ മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാപദവിക്ക് അര്‍ഹതയില്ലെന്ന് അവര്‍ ശിപാര്‍ശ നല്‍കിയത്.
തികച്ചും ധിക്കാരപരമായ ഈ നിലപാടിനെതിരെ കേരളം ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട മന്ത്രിതല സംഘം മലയാള ഭാഷയെ കേള്‍ക്കാതെ നല്‍കിയ ശിപാര്‍ശക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം അറിയിച്ചു. ഉപസമിതിയുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം മാത്രമാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രിസഭയിലെ മലയാളി മന്ത്രിമാരും എം പിമാരും കേരളത്തിന്റെ നിലപാടിനെ ശക്തമായി പിന്‍തുണച്ചു. വിശ്വ മലയാള മഹോത്സവത്തില്‍ രാഷ്ട്രപതി പണബ് മുഖര്‍ജിയുടെ സാന്നിധ്യം ഉണ്ടായതും മലയാളത്തിന്റെ ആവശ്യം ഉന്നയിക്കാന്‍ അവസരം ലഭിച്ചതും നമ്മുടെ വാദത്തിന് ശക്തി പകര്‍ന്നു.
പ്രധാനമന്ത്രി നിര്‍ദേശിച്ച പ്രകാരം ഉപസമിതി വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ കേരളത്തിന്റെ ഭാഗം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഭാഷാ വിദഗ്ദ്ധന്‍ പ്രൊഫ. ബി ഗോപിനാഥന്‍ നായര്‍ എന്നിവര്‍ കേരളത്തിന്റെ വാദഗതി ശക്തമായി തന്നെ സമിതിയില്‍ അവതരിപ്പിച്ചു. വിദഗ്ധാംഗമായി ഉപസമിതി ക്ഷണിച്ച പ്രകാരം യോഗത്തില്‍ പങ്കെടുത്ത ഡോ. എം ജി എസ് നാരായണന്‍ കേരളത്തിന്റെ ആവശ്യത്തിന് ശക്തമായ പിന്തുണയും നല്‍കി. ഗത്യന്തരമില്ലാതെ ഉപസമിതി മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കാന്‍ ശിപാര്‍ശ നല്‍കാന്‍ തയ്യാറായി. ഈ ശിപാര്‍ശ അംഗീകരിച്ച കേന്ദ്ര സാംസ്‌കാരിക വകുപ്പ് സമര്‍പ്പിച്ച നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെ ചരിത്ര മുഹൂര്‍ത്തം സമാഗതമായി. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭ്യമായി.
ഒരേ ഗോത്രത്തില്‍ പെട്ട നാല് ഭാഷകളില്‍ മൂന്ന് ഭാഷകള്‍ക്കു മാത്രം ശ്രേഷ്ഠ പദവി നല്‍കുകയും മലയാള ഭാഷയെ തഴയുകയും ചെയ്തപ്പോഴാണ് മാതൃഭാഷക്കേറ്റ അവഗണന മലയാളിക്ക് മനസ്സിലായത്. പ്രാഗ്‌രൂപത്തിനും വര്‍ത്തമാന കാല രൂപത്തിനും പ്രകടമായ വ്യതിയാനവും 2000ത്തിനും 1000നുമിടക്ക് വര്‍ഷം പഴക്കവും ശ്രേഷ്ഠ ഭാഷക്കുള്ള യോഗ്യതയായി കല്‍പ്പിച്ചപ്പോള്‍ ഇത് രണ്ടുമുള്ള നമുക്ക് അത് സ്ഥാപിച്ചെടുക്കാനുള്ള വിളംബം നമ്മുടെ ഭാഷയെ തിരസ്‌കാരത്തിന്റെ വക്കോളമെത്തിച്ചു.
ആദി ദ്രാവിഡ ഭാഷയില്‍ തമിഴും തെലുഗുവും മലയാളവും കന്നഡയും ഒരുപോലെ ഉള്‍പ്പെട്ടിരുന്നുവെന്ന പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ ചരിത്ര നിരീക്ഷണങ്ങളെ ശ്രേഷ്ഠഭാഷാ ശിപാര്‍ശ കമ്മിറ്റി അംഗങ്ങള്‍ ശക്തമായി പിന്തുണച്ചതിന്റെ ഫലമാണ് നമുക്കു ലഭിച്ച ഈ ശ്രേഷ്ഠ ഭാഷാ പദവി. തെലുഗു ഭാഷാ പ്രേമികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വ്യവഹാരത്തിനു മുതിര്‍ന്നും കന്നഡഭാഷാസ്‌നേഹികള്‍ ഡല്‍ഹിയില്‍ മഹാ സമ്മേളനം നടത്തിയും തങ്ങളുടെ പ്രക്ഷോഭം ശക്തിപ്പെടുത്തിയപ്പോള്‍ ബൃഹത്തായ ഭാഷാ സമ്പത്ത് ഉണ്ടായിട്ടും അന്ന് മലയാളം പ്രകടനപരമായ നിലപാട് സ്വീകരിച്ചില്ല.
ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനുള്ള സര്‍വ യോഗ്യതകളും നമ്മുടെ ഭാഷക്കുണ്ടെന്ന് അവിതര്‍ക്കിതമായി സ്ഥാപിക്കപ്പെട്ടതിന്റെ ഫലമായി ലഭിക്കുന്ന ഈ പദവി ഓരോ കേരളീയന്റെയും സ്വപ്‌നം തന്നെയാണ്. 100 കോടി രൂപയുടെ സാമ്പത്തിക നേട്ടത്തേക്കാള്‍ നമ്മുടെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമായി സ്വന്തം ഭാഷക്കു ലഭിക്കുന്ന അംഗീകാരമായിരിക്കും നാമോരോരുത്തരും പ്രതീക്ഷിക്കുന്നതെന്ന് സംശയലേശമെന്യേ പറയാം. പ്രാചീന സംഘ സാഹിത്യ കൃതികളായ ചിലപ്പതികാരവും തൊല്‍ക്കാപ്പിയവും മലയാളത്തിന് തമിഴിനോളം പ്രാചീനതയുണ്ടെന്ന് അനിഷേധ്യമായ തെളിവ് നല്‍കിയിട്ടുണ്ട്. ചിലപ്പതികാര കഥയായ കണ്ണകീ ചരിതത്തിന് തമിഴിലേതു പോലെ തന്നെ മലയാളത്തിലും പ്രചുരപ്രചാരം ലഭിച്ചത് നമ്മുടെ ഭാഷയുടെ പൗരാണികതക്കുള്ള ഉത്തമോദാഹരണമാണ്. പഴയ തമിഴ് മലയാള ഭാഷകളുടെ വ്യാകരണമായാണ് തൊല്‍ക്കാപ്പിയത്തെ ചരിത്രകാരന്‍മാര്‍ വിവക്ഷിക്കുന്നത്. വളരെ സമ്പന്നമായ ഒരു ഭാഷയും വികാസം പ്രാപിച്ച ലിപിയും ഉച്ചാരണ വ്യവസ്ഥിതികളുമുള്ള ഒരു സമൂഹത്തിനേ അത്തരത്തിലുള്ള ഗ്രന്ഥ രചനക്ക് മുതിരാനാകൂ. ഇതില്‍ നിന്നെല്ലാം അക്ഷരാര്‍ഥത്തില്‍ നമ്മുടെ മാതൃഭാഷ ഒരു പക്ഷേ ദ്രാവിഡ ഗോത്രത്തിലെ മറ്റ് പ്രാചീന ഭാഷകള്‍ക്കൊപ്പമോ അതിലുപരിയോ പൗരാണികത്വം അര്‍ഹിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
വൈകി വന്ന ഒരു അംഗീകാരമാണിത്. അര്‍ഹതക്ക് ലഭിച്ച അംഗീകാരവുമാണിത്. എന്തുകൊണ്ടും ക്ലാസിക് പദവിയിലെത്തേണ്ട ഒരു ഭാഷ തന്നെയാണ് മലയാളം. ഉദ്ദേശം ക്രിസ്തു വര്‍ഷം 9-ാം നൂറ്റാണ്ടോടുകൂടിയാണ് മലയാളം ഉരുത്തിരിഞ്ഞതെന്ന് വിശ്വസിച്ചു പോരുന്നവരാണ് ഭാഷാചരിത്രകാരന്‍മാരില്‍ ഏറിയ പങ്കും. ആര്യദ്രാവിഡ സംസ്‌കാരത്തില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും കേരളത്തിന് അതിനു മുന്‍പ് തന്നെ തനതായ സംസ്‌കാരവും പൈതൃകവും സ്വായത്തമായിരുന്നു. “മലൈനാട്ടു വഴക്കമെന്ന്” തമിഴ് വൈയാകരണന്‍മാര്‍ സ്ഥാപിക്കുന്ന തമിഴ് മലയാള ബന്ധം. കേരളത്തിന്റെ തനതു വായ്‌മൊഴി സഹ്യപര്‍വതത്തിനു കീഴെയുള്ള വായ്‌മൊഴിയില്‍ നിന്ന് അകന്നു മാറിപ്പോകുന്നതിന്റെ സൂചനയായിരുന്നു. ഇത് മലയാളത്തിനു തമിഴിനോളം പഴക്കമുണ്ടെന്ന പരോക്ഷ അംഗീകാരം തന്നെയാണ്. തമിഴിലും കന്നഡത്തിലും തെലുഗുവിലും അന്യം നിന്നുപോയ പ്രാഗ് ഭാഷാ സ്വഭാവങ്ങള്‍ ഇന്നും മലയാളം വെച്ചുപുലര്‍ത്തുന്നതിനാല്‍ മലയാളത്തിന് തമിഴ്, കന്നഡ, തെലുഗു ഭാഷകള്‍ക്കൊപ്പമോ അതിനപ്പുറമോ പഴക്കമുണ്ടെന്ന് ഉറച്ചു വിശ്വസിക്കാം.
മലയാളം ഒന്നാം ഭാഷയായി, മലയാളം സര്‍വകലാശാലയായി, ശ്രേഷ്ഠ ഭാഷയായി, മലയാളം മിഷനിലൂടെ മറുനാടന്‍ മലയാളികളുടെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കാനുള്ള പഠന ക്ലാസുകള്‍ വ്യാപകമായി. വളര്‍ച്ചയുടെ ഓരോ പടവും നാം പിന്നിട്ടുകൊണ്ടിരിക്കുന്നു.
ഭാഷയെ കൂടുതല്‍ സമ്പുഷ്ടമാക്കാനും സമ്പന്നമാക്കാനും ശ്രേഷ്ഠഭാഷാ പദവി സഹായകമാകുമെന്ന് പ്രത്യാശിക്കാം.