Connect with us

Kerala

ഹൈക്കമാന്‍ഡ് ഇടപെട്ടു: കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതോടെ പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. പരസ്യപ്രസ്താവനകള്‍ നിര്‍ത്താന്‍ പാര്‍ട്ടി നേതാക്കള്‍ക്കെല്ലാം ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടി പ്രതിരോധമന്ത്രി എ കെ ആന്റണി ഇരുഗ്രൂപ്പുകളിലെയും നേതാക്കളുമായി ചര്‍ച്ച നടത്തി. ആഭ്യന്തര വകുപ്പില്ലാതെ തന്നെ രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി പദവിയോടെ മന്ത്രിസഭയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയെയും കെ പി സി സി പ്രസിഡന്റിനെയും ഫോണില്‍ വിളിച്ച് എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചു. പരസ്യപ്രസ്താവന പാടില്ലെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസുദന്‍ മിസ്ത്രി വ്യക്തമാക്കി.

വാദപ്രതിവാദങ്ങളും പരസ്യപ്രസ്താവനകളും എല്ലാസീമകളും ലംഘിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായത്. സര്‍ക്കാറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഏത് സമയത്തും വരാമെന്നുമിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് സ്വീകരിച്ചത്. കേരളത്തില്‍ തന്നെ സമവായമുണ്ടാക്കി ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നാണ് അഹ്മദ് പട്ടേല്‍ ഇരുനേതാക്കളെയും അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായി കണ്ണൂരില്‍ എ കെ ആന്റണിയും ഇരുഗ്രൂപ്പുകളിലെയും നേതാക്കളുമായി ചര്‍ച്ച നടത്തി. എം എം ഹസന്റെ നേതൃത്വത്തിലുള്ള എ വിഭാഗവും കെ സുധാകരന്റെ നേതൃത്വത്തില്‍ ഐ വിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു.
ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ഐ ഗ്രൂപ്പ് മന്ത്രിമാര്‍ കൈവശം വെച്ചിരിക്കുന്ന ഏതെങ്കിലും വകുപ്പുകള്‍ എടുത്ത് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്യുകയെന്ന ഫോര്‍മുലയാണ് രൂപപ്പെട്ട് വരുന്നത്. റവന്യൂ, ആരോഗ്യം, ടൂറിസം വകുപ്പുകളാണ് ഐ ഗ്രൂപ്പ് മന്ത്രിമാരുടെ കൈയിലുള്ള പ്രധാന വകുപ്പുകള്‍. കെ ബി ഗണേഷ്‌കുമാറിന്റെ കൈവശമുണ്ടായിരുന്ന വനം വകുപ്പുമുണ്ട്. ഇതില്‍ റവന്യൂ ആണ് പ്രധാനമെങ്കിലും അടൂര്‍പ്രകാശില്‍ നിന്ന് ആ വകുപ്പ് എടുക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയോട് നേരിട്ടും വെള്ളാപ്പള്ളി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോള്‍ തിരുവഞ്ചൂരിനെ എന്ത് ചെയ്യുമെന്നതാണ് എ ഗ്രൂപ്പിനെ അലട്ടുന്നത്. ഏതായാലും ഇനി തീരുമാനം അധികം വൈകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്‍ഡും നല്‍കുന്ന സൂചന. എന്തായാലും പ്രശ്‌നം ഇവിടെതന്നെ പരിഹരിക്കണമെന്ന ഹൈക്കമാന്‍ഡിന്റെ താത്പര്യമാണ് എ കെ ആന്റണിയുടെ ഇന്നലത്തെ കണ്ണൂര്‍ പ്രസ്താവന തെളിയിക്കുന്നത്. പ്രശ്‌നം കേരളത്തില്‍ തീര്‍ന്നില്ലെങ്കില്‍ മാത്രമെ ഹൈക്കമാന്‍ഡ് ഇടപെടുകയുള്ളുവെന്നാണ് ആന്റണി പറഞ്ഞത്. ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ പ്രതിസന്ധിക്ക് ഒരല്‍പ്പം അയവ് വന്നിട്ടുമുണ്ട്. ഇന്നലെ രാവിലെ വരെ പരസ്പരം പ്രസ്താവനകള്‍ നടത്തിയ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ വൈകീട്ടോടെ പിന്‍വാങ്ങി.
പരസ്യപ്രസ്താവനകള്‍ പ്രശ്‌നപരിഹാരത്തിന് തടസ്സമാണെന്നും അതിനാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസുദനന്‍ മിസ്ത്രി പറഞ്ഞു.

Latest