Connect with us

Articles

അറബി അധ്യാപകരും യു ജി സി സ്‌കെയിലും

Published

|

Last Updated

കോളജുകളില്‍ അറബി പഠിപ്പിക്കുന്നവര്‍ക്കു കൂടി യു ജി സി സ്‌കെയില്‍ അനുവദിക്കുമെന്ന് മന്ത്രിയുടെ പ്രസ്താവന നമ്മുടെ വിദ്യാഭ്യാസരംഗത്തെ കാര്യമായ പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്. ഇടനാഴികകളിലും സ്റ്റാഫ് റൂമുകളിലും ഇരുന്നുള്ള പരിഹാസം കലര്‍ന്ന അടക്കം പറയല്‍ മാത്രമല്ല ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും പത്രാധിപര്‍ക്കുള്ള കത്തിലും ഒക്കെ അറബിവിരോധത്തിന്റെ ആവേശം കത്തിനില്‍ക്കുന്നു. പണ്ട് സ്‌കൂളുകളില്‍ അറബി പഠിപ്പിക്കാന്‍ അധ്യാപകരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം കൊടുത്തു നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ നാട്ടിലെ കുട നന്നാക്കുകാരെല്ലാം അറബി അധ്യാപകരായി സ്‌കൂളുകളില്‍ കയറിപ്പറ്റി എന്നായിരുന്നല്ലോ ആക്ഷേപം. അറബി നാട്ടിലെ ഉദ്യോഗവും അവിടുത്തെ പൊന്നും പണവും ഒക്കെ കൊള്ളാം അറബി ഭാഷ മാത്രം കൊള്ളത്തില്ലെന്ന അയിത്തം ചെറിയ ചികിത്സകൊണ്ടൊന്നും മാറുന്ന രോഗമാണെന്നു തോന്നുന്നില്ല.
അറബിക്കില്ലാത്ത എന്ത് പ്രാധാന്യമാണ് ഇംഗ്ലീഷിനും സംസ്‌കൃതത്തിനുമൊക്കെയുള്ളതെന്ന ചോദ്യം ആരും ചോദിച്ചുകേള്‍ക്കുന്നില്ല. സംസ്‌കൃതവും ആയി കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും സംസ്‌കൃതത്തിന്റെ പേരില്‍ ഒരു സര്‍വകലാശാല ഉണ്ടാക്കി സംസ്‌കൃതത്തെ മാത്രമല്ല ജഗദ്ഗുരു ശ്രീ ശങ്കരാചാര്യരെയും അവിടെ കുടിയിരുത്തിയിട്ടുണ്ട്. അവിടുത്തെ വി സി ഉള്‍പ്പെടെയുള്ള അധ്യാപകരുടെ വിജ്ഞാനവിരോധം കണ്ടു മടുത്ത് സംസ്‌കൃത ഭാഷയും ഒപ്പം ശങ്കരാചാര്യരും ആ സര്‍വകലാശാല വിട്ടോടി പോയെന്നാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. പഴയ പാരലല്‍ കോളജ് മാതൃകയില്‍ ചരിത്രവും ധനതത്വശാസ്ത്രവും ഒക്കെ പഠിപ്പിക്കുന്ന പ്രാദേശിക കേന്ദ്രങ്ങളെ ആശ്രയിച്ചാണ് ഇന്നും ഈ സംസ്‌കൃത സര്‍വകലാശാലയുടെ നിലനില്‍പ്പ്. തിരൂരില്‍ തുടങ്ങിയ തുഞ്ചത്ത് രാമാനുജന്റെ പേരിലുള്ള മലയാള സര്‍വകലാശാലയിലേക്കു എഴുത്തച്ഛനോ അദ്ദേഹത്തിന് പ്രിയപ്പെട്ട മലയാള ഭാഷയോ ഇതുവരെ കാല് കുത്തിയിട്ടും ഇല്ല. നമ്മുടെ ഡോക്ടര്‍ ജയകുമാര്‍ സാര്‍ വളരെ പണിപ്പെട്ട് എഴുത്തച്ഛനെയോ മലയാള ഭാഷയെയോ ബലമായി പിടിച്ചവിടെ ഇരുത്തിയാല്‍ തന്നെ, നമ്മുടെ മലയാള പി എച്ച് ഡിക്കാരുടെ പരാക്രമം കണ്ട് അവരാരും അധികം താമസിയാതെ തിരൂരില്‍ നിന്നും നേരെ കോയമ്പത്തൂര്‍ക്കോ മലയാളം സംസാരിക്കാത്ത മറ്റേതെങ്കിലും നാട്ടിലേക്കോ വണ്ടി കയറിപ്പോകുമെന്നാണ് മലയാളത്തിന്റെ ജാതകഗണനയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള ജ്യോതിഷികള്‍ പ്രവചിക്കുന്നത്. ആ നിലക്കു അറബി അധ്യാപകര്‍ക്ക് യു ജി സി സ്‌കെയിലല്ല ഒരു അറബി സര്‍വകലാശാല തന്നെ തുടങ്ങിയാല്‍ ഈ ഗോസിപ്പ് പറച്ചിലുകാര്‍ക്കെന്താണ് നഷ്ടം?
ആര്‍ക്കെങ്കിലും എത്രയെങ്കിലും സാമ്പത്തികാനുകൂല്യം നല്‍കുന്നതിലല്ല നമ്മള്‍ പരിഭവം പ്രകടിപ്പിക്കേണ്ടത്. പിന്നെയോ ? അവര്‍ അങ്ങോട്ടു കൈപ്പറ്റുന്ന ആനുകൂല്യങ്ങള്‍ക്കാനുപാതികമായി സമൂഹത്തിന് തിരിച്ചൊന്നും നല്‍കാന്‍ കഴിയാത്തതിന്റെ പേരിലായിരിക്കണം. അറബി അധ്യാപകര്‍ക്കു ലഭിക്കാന്‍ പോകുന്ന വര്‍ധിച്ച ആനുകൂല്യങ്ങളില്‍ അസൂയാലുക്കളായി വിമര്‍ശനം ഉന്നയിക്കുന്നവരുടെ പറച്ചില്‍കേട്ടാല്‍ തോന്നുക, മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളജധ്യാപകര്‍ ഏതോ വല്യ മല മറിക്കുന്നു എന്നാണ്. ആരുടെയോ ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ ബിരുദം നേടി മാനേജ്‌മെന്റിന് പണക്കിഴി നല്‍കി ജോലി സമ്പാദിച്ചവരാണ് ഇന്ന് കേരളത്തിലെ കോളജ് അധ്യാപകരില്‍ ഭൂരിഭാഗവും. ഇവരുടെ കൂട്ടത്തില്‍ നിന്നും പാവം അറബി അധ്യാപകരെ മാത്രം മാറ്റിനിറുത്തണം എന്നു പറയുന്നതില്‍ എന്ത് ന്യായം? തുല്യ ജോലിക്കു തുല്യ വേതനം അതല്ലേ നീതി? മാസ്റ്റര്‍ ബിരുദവും പുറമെ ബി എഡും പിന്നെ നിര്‍ദിഷ്ട യോഗ്യതാ പരീക്ഷയും ജയിച്ച് സ്‌കൂളിലും ഹയര്‍ സെക്കന്‍ഡറിയിലും ഒക്കെ ജോലി ചെയ്യുന്നവര്‍ക്ക് കോളജ് അധ്യാപകര്‍ക്ക് ലഭിക്കുന്ന അതേ ശമ്പളം തന്നെ കൂട്ടായ വിലപേശലിലൂടെ നേടി എടുക്കാന്‍ കഴിയും. വിദ്യാഭ്യാസ യോഗ്യതയല്ല അധ്വാനഭാരമാണ് അധിക വേതനത്തിന് അര്‍ഹത നല്‍കുന്നതെന്ന തത്വം അടിസ്ഥാനപ്പെടുത്തി നോക്കിയാലും കോളജധ്യാപകര്‍ക്കല്ല നമ്മുടെ സെക്കന്‍ഡറി ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള അധ്യാപകരുടെ ശമ്പളമാണ് വര്‍ധിപ്പിക്കേണ്ടത്. നമ്മുടെ അധ്യാപക യൂനിയന്‍ സഖാക്കള്‍ വൈകാതെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.
അറബി പഠിച്ചതുകൊണ്ടുമാത്രമായിരിക്കില്ല തങ്ങളുടെതായ വേറിട്ട ഒരു സ്വത്വബോധം സൂക്ഷിക്കേണ്ടതുണ്ട് എന്ന നിര്‍ബന്ധം കൊണ്ടു കൂടിയാകാം അറബി അധ്യാപകര്‍ പൊതുവെ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും വെളുത്ത തലേക്കെട്ടും അടങ്ങിയ ലളിത വേഷം ധരിക്കുന്നത്. മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അസിസ്റ്റന്റ് പ്രൊഫസറന്മാര്‍ വില കൂടിയ പാന്റ്‌സും ഷര്‍ട്ടും ധരിക്കുകയും ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി സമീപകാലത്തു രൂപപ്പെടുത്തിയ ഒരു ആധുനിക മണിപ്രവാളത്തില്‍ സംസാരിക്കുകയും ചെയ്യുന്നു. ഇത്രയല്ലേ ഉള്ളൂ അറബി അധ്യാപകര്‍ക്കു മറ്റുള്ളവരില്‍ നിന്നുള്ള വ്യത്യാസം. പണ്ട് മലയാള അധ്യാപകരെങ്കിലും മലയാളം സംസാരിക്കുകയും മലയാള വേഷം ധരിക്കുകയും ചെയ്യുമായിരുന്നു. ഖാദി മുണ്ടും ജുബ്ബയും വായ നിറയെ വെറ്റിലയും പാക്കും ചുണ്ണാമ്പും അല്‍പ്പം പുകയിലയും കലര്‍ത്തിയ മിശ്രിതം ചവച്ചരക്കുകയും ഇടക്കിടെ പുറത്തേക്കു നീട്ടിത്തുപ്പുകയും ചെയ്യുന്ന അതേ ലാഘവത്തോടെ കുഞ്ചന്‍ നമ്പ്യാരെയും എ ആറിനേയും വലിയ കോയിത്തമ്പുരാനെയും കുമാരനാശാനേയും ഒക്കെ ചവച്ചരച്ച് വിദ്യാര്‍ഥികളുടെ ചെവിയിലേക്കും മനസ്സിലേക്കും ഒക്കെ സന്നിവേശിപ്പിച്ചിരുന്ന ഈ ടിപ്പിക്കല്‍ മലയാള അധ്യാപകരുടെ വംശം കുറ്റിയറ്റുപോയിരിക്കുന്നു. ഇന്നൊരു വിദ്യാലയത്തില്‍ ഏറ്റവും അധികം ഇംഗ്ലീഷ് മട്ടില്‍ വേഷം ധരിച്ചവരും മലയാളത്തിലെ പുതുതലമുറയുടെ രചനകളെക്കുറിച്ച് പുച്ഛത്തോടെ സംസാരിക്കുന്നവരും ആരാണോ അവരവിടുത്തെ മലയാള അധ്യാപകരായിരിക്കും എന്നുറപ്പിക്കാം. അത്രക്കു മാറിപ്പോയിരിക്കുന്നു നമ്മുടെ സര്‍വകലാശാലകളിലെ സാംസ്‌കാരികാന്തരീക്ഷം.
ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ മറ്റു മുഖ്യഭാഷകളുടെ കാര്യം പറയാതിരിക്കുകയാകും ഭേദം. പണ്ടെങ്ങോ പഠിച്ചു പരീക്ഷ പാസ്സായ സിലബസ്സിന്റെ വേലിക്കെട്ടിനു പുറത്ത് കടന്നു ഒരു പുല്‍നാമ്പുപോലും കടിക്കാതെ ഇവര്‍ തങ്ങളുടെ ധൈഷണിക പശുവിന്റെ കഴുത്തില്‍ മാത്രമല്ല കൊമ്പിലും കയറിട്ടുമുറുക്കി പിടിച്ചുവലിക്കുന്നു. ഇവരെയെല്ലാം ഒറ്റ അടിക്കു പശുപര്യവേഷകര്‍ (ഗവേഷകര്‍) ആക്കാുള്ള നീക്കത്തിലാണ് യു ജി സി. അതിനായി പൊതുഖജനാവിലെ പണം വാരിക്കോരി ഒഴുക്കുന്നു. പല ഉത്തരേന്ത്യന്‍ സര്‍വകലാശാലകളിലും ഉണ്ടായിരുന്നു. പണം വാങ്ങി ഗവേഷണ പ്രബന്ധം എഴുതിക്കൊടുക്കുന്ന രീതി. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു.
പി എച്ച് ഡി അഥവാ ഡോക്ടറല്‍ ബിരുദങ്ങള്‍ക്കു പണ്ടുണ്ടായിരുന്ന മാന്യതയൊന്നും ഇന്നില്ല. പത്തോ ഇരുപതോ ലക്ഷങ്ങള്‍ സ്വകാര്യമാനേജ്‌മെന്റുകള്‍ക്കു കോഴകൊടുത്ത് അധ്യാപക ജോലി സ്വീകരിക്കുക. അതിന്റെ മറവില്‍ മൂന്ന് മുതല്‍ അഞ്ച് വരെ വര്‍ഷം ശമ്പളത്തോടെ ലീവ് അനൂകൂല്യം പ്രയോജനപ്പെടുത്തി ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട് ഗവേഷണ പ്രബന്ധം എഴുതാന്‍ ഇറങ്ങിപ്പുറപ്പെടുക. പ്രബന്ധം വേണ്ടിവന്നാല്‍ കൂലിക്ക് ആളെവെച്ചുപോലും എഴുതിപ്പിക്കുക. കോഴക്കോളജിലെ ഏതാനും വര്‍ഷം ദീര്‍ഘിച്ച പ്രവൃത്തി പരിചയം മാത്രം കൈമുതലാക്കിയ ഒരു പ്രൊഫസറെ ഗവേഷണ മേല്‍നോട്ടക്കാരനായി ഏര്‍പ്പാട് ചെയ്യുക, അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങിക്കുക, ഇത്രയൊക്കെ ആയാല്‍ ഇവിടെ ആര്‍ക്കും പി എച്ച് ഡി നേടാം. ഇത്തരം പി എച്ച് ഡിക്കാര്‍ തുടര്‍ന്നങ്ങോട്ട് അവരുടെ വിഷയവും ആയി ബന്ധപ്പെട്ട ഒരു പുസ്തകം പോലും മറിച്ചുനോക്കിയിട്ടില്ലെങ്കിലും ആജീവനാന്തം ശമ്പളവും മറ്റാനുകൂല്യങ്ങളും പിന്നാലെ പെന്‍ഷനും കുടുംബ പെന്‍ഷനും ഒക്കെ വാങ്ങി അലസജീവിതം നയിച്ചു നാളുപോക്കാം.
ഗവേഷകരായ പെണ്‍കുട്ടികളുടെ കാര്യമാണ് കഷ്ടം. വാര്‍ധക്യത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന ഗവേഷണ മേല്‍നോട്ടക്കാരന്റെ വൃത്തികെട്ട നോട്ടവും കമന്റുകളും ഒക്കെ സഹിച്ചില്ലെങ്കില്‍ ഗവേഷണ വഴിയില്‍ അവര്‍ പിന്നിട്ട ദൂരം അത്രയും പിറകോട്ടു നടക്കേണ്ടിവരും. ഇവന്മാരു പാരപണിയുമല്ലോ എന്നോര്‍ത്താണ് അല്ലെങ്കില്‍ ഇവരില്‍ പലരേയും സ്ത്രീപീഡന കേസില്‍ തങ്ങള്‍ കുടുക്കുമായിരുന്നു എന്നാണ് ഈയിടെ ഒരു ഗവേഷക വിദ്യാര്‍ഥിനി പറഞ്ഞത്. ഇത്രയേറെ പണവും മനുഷ്യാധ്വാനവും ചെലവഴിച്ച് തയ്യാറാക്കപ്പെടുന്ന നമ്മുടെ ഈ ഗവേഷണ പ്രബന്ധങ്ങളുടെ തീര്‍ത്തും അശാസ്ത്രീയമായ അടിത്തറയും ആവര്‍ത്തനവിരസതയും ഇതുവരെയും ഗൗരവമായി പരിശോധിക്കപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. പാണ്ഡിത്യാഭിനിവേശത്തില്‍ പ്രേരിതമായ ഉള്‍വിളിയും കഠിനാധ്വാനവും ആവശ്യമായ ഗവേഷണ പ്രവര്‍ത്തനം ഒരു ഉദ്യോഗലബ്ധിക്കുള്ള ഉപാധിയായി സമയബന്ധിതമായി അടിച്ചേല്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന പ്രബന്ധങ്ങള്‍ പാകമാകുന്നതിന് മുമ്പ് പറിച്ചെടുത്തു തല്ലിപ്പഴുപ്പിച്ച പഴങ്ങള്‍ പോലെ നിഷ്പ്രയോജനമാകുകയേയുള്ളൂ എന്ന തിരിച്ചറിവെങ്കിലും നമ്മുടെ വിദ്യാഭ്യാസ വിചക്ഷണര്‍ പ്രകടിപ്പിക്കാത്തതെന്തെന്നു മനസ്സിലാകുന്നില്ല.
പണ്ട് നമ്മുടെ എഴുത്തുകാരിലും നിരൂപകരിലും നല്ല ഒരു പങ്കും അധ്യാപകരായിരുന്നു. അധ്യാപകരേക്കാളധികം എന്‍ ജി ഒമാരും ബേങ്കുദ്യോഗസ്ഥന്മാരും ജേര്‍ണലിസ്റ്റുകളും ഇന്നും സാഹിത്യരംഗത്ത് വ്യാപരിക്കുന്നു. സാഹിത്യേതര വിഷയങ്ങളെടുത്താലും സ്ഥിതി അതുതന്നെ. വിരലിലെണ്ണാവുന്ന ചരിത്രകാരന്മാര്‍ മാത്രമാണ് നമ്മുടെ ചരിത്രാധ്യാപകരില്‍ നിന്നുയര്‍ന്നു വന്നിട്ടുള്ളത്. അവരുപോലും ഇന്ന് അടുത്തൂണ്‍ പറ്റി വിശ്രമ ജീവിതത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഇവരാരും യു ജി സി സ്‌കെയിലിന്റെ മോഹവലയത്തില്‍ ആകൃഷ്ടരായി അധ്യാപനരംഗത്തു വന്നവരായിരുന്നില്ല. സ്വന്തം വിഷയത്തോടു ബന്ധപ്പെട്ട ജേര്‍ണലുകളായി ബന്ധം പുലര്‍ത്തുന്നവരോ ശാസ്ത്രജ്ഞന്മാരെന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭകളോ നമ്മുടെ അധ്യാപക ലോകത്തു നിന്നുയര്‍ന്നു വന്നിട്ടില്ല. യോഗ്യതയുടെ മാനദണ്ഡമായി മാര്‍ക്കിന്റെ അളവ് അംഗീകരിക്കപ്പെട്ടതോടെയാണീ രംഗത്ത് ഇത്രയേറെ ജീര്‍ണത അനുഭവപ്പെട്ടു തുടങ്ങിയതെന്നു തോന്നുന്നു. ഉയര്‍ന്ന ബിരുദങ്ങളോ അതില്‍ ലഭിക്കുന്ന മാര്‍ക്കോ അല്ല നല്ല അധ്യാപകരെ ലഭിക്കാനുള്ള മാര്‍ഗം എന്നതിന് വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്രയോ ഉദാഹരണങ്ങള്‍ നിരത്തി വെക്കാന്‍ കഴിയും.
നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ കാര്യം തന്നെ എടുക്കുക. ജി ശങ്കരക്കുറിപ്പ് പഴയ മലയാളം വിദ്വാന്‍ പരീക്ഷ മാത്രമാണ് അധ്യാപനത്തിനുള്ള അടിസ്ഥാന യോഗ്യതയായി നേടിയിരുന്നത്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എം എ മൂന്നാം ക്ലാസിലാണ് ജയിച്ചത്. പി. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ സര്‍വകലാശാലയില്‍ പാഠപുസ്തകമായപ്പോഴും കുഞ്ഞിരാമന്‍ നായര്‍ക്കു അതേ പുസ്തകം കൂടി ഉള്‍പ്പെട്ട സിലബസ് പിന്തുടര്‍ന്നു സര്‍വകലാശാലാ പരീക്ഷ പാസ്സാകാന്‍ കഴിഞ്ഞില്ല. ചങ്ങമ്പുഴക്കും ചുള്ളിക്കാടിനും സ്വന്തം കവിത ക്ലാസ് റൂമിലിരുന്നു പഠിക്കേണ്ടിവന്നിട്ടും എം എക്കു മൂന്നാം ക്ലാസ്സിന് മേലോട്ടുയരാന്‍ കഴിഞ്ഞില്ല. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഉപരിപ്ലവമായ പാഠപദ്ധതികള്‍ സമകാലികജീവിതത്തില്‍നിന്നുള്ള അന്യവത്കരണം വായനയുടെയും ചിന്തയുടെയും ഒക്കെ അഭാവം, പ്രൊഫഷണല്‍ രംഗത്തെ കഴുത്തറപ്പന്‍ മത്സരം ഇവയെല്ലാമാണ് ഇപ്പോഴത്തെ ഈ ജീര്‍ണതക്ക് കാരണം. ഈ ദുരവസ്ഥക്ക് പരിഹാരം കലാശാലാ അധ്യാപകര്‍ക്ക് ബാധകമായ തരത്തില്‍ ഇപ്പോഴത്തെ നെറ്റിന് പകരം കുറച്ച് കൂടി ഗൗരവമായ ഒരു അഖിലേന്ത്യാ പരീക്ഷ നടത്തി കൂടുതല്‍ കഴിവുള്ളവരെ കണ്ടെത്തുക എന്നുള്ളതാണ്. നമ്മുടെ സിവില്‍ സര്‍വീസ് പരീക്ഷകളുടെ മാതൃകയില്‍ ഒരിന്ത്യന്‍ എജുക്കേഷണല്‍ സര്‍വീസ് (I E S) രൂപവത്കരിച്ച് കോളജ് അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. ഐ എ എസ്, ഐ പി എസ് തുടങ്ങിയ പരീക്ഷകള്‍ ജയിച്ച് ഉദ്യോഗം നേടിയവരുടെയും ഇപ്പോഴത്തെ നമ്മുടെ കോളജ് അധ്യാപകരുടെയും ശമ്പളവും മറ്റ് അലവന്‍സുകളും തമ്മില്‍ വലിയ വ്യത്യാസവുമൊന്നുമില്ലാത്ത സ്ഥിതിക്ക് ഇത്തരം ചില അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ നൗകയെ പൊക്കിയെടുക്കാനുള്ള ഏക വഴി.

 

ഫോണ്‍: 9446268581

---- facebook comment plugin here -----

Latest