Connect with us

Kerala

കേരളയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം: അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിവാദമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: കേരള സര്‍വകലാശാലാ അസിസ്റ്റന്റ് ഗ്രേഡ് നിയമനം സംബന്ധിച്ച് സര്‍വകലാശാലാ വൈസ്ചാന്‍സലറുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ലോകായുക്തക്കു നല്‍കിയ റിപ്പോര്‍ട്ട് വിവാദമാകുന്നു. ലോകായുക്ത വിധിക്കെതിരായി സര്‍വകലാശാലയുടെതായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതലും വ്യക്തി താത്പര്യങ്ങളെന്നാണ് ആക്ഷേപം.

അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ വിവാദത്തിലാകുകയും ലോകായുക്ത നിയമനം റദ്ദാക്കുകയും ചെയ്ത സര്‍വകലാശാലയിലെ 180 യൂനിവേഴ്‌സിറ്റി അസിസ്റ്റന്റുമാര്‍ക്കുവേണ്ടി ഒരിക്കല്‍കൂടി പരീക്ഷ നടത്താനും യോഗ്യത നേടുന്നവര്‍ക്ക് തുടര്‍നിയമനം നല്‍കാനും ശിപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. നേരത്തേ അപേക്ഷിച്ചിരുന്ന 40,000 ഉദ്യോഗാര്‍ഥികളെയും വിളിച്ച് എഴുത്തുപരീക്ഷ നടത്താനും 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് വീണ്ടും നിയമനം നല്‍കാനും റിപ്പോര്‍ട്ട് ശിപാര്‍ശചെയ്യുന്നുണ്ട്. പുതിയ ഇന്റര്‍വ്യൂ നടത്താനും നിലവില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാനുമാണ് ലോകായുക്ത നിര്‍ദേശിച്ചിരുന്നത്. ഇതിനു വിരുദ്ധമായാണ് കെ എം എബ്രഹാമിന്റെ റിപ്പോര്‍ട്ട്.
ക്രമക്കേട് സംബന്ധിച്ചു ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വീണ്ടും പരീക്ഷ നടത്താനുള്ള നടപടികള്‍ സര്‍വകലാശാല ഇതുവരെ കൈക്കൊണ്ടിട്ടില്ല. എഴുത്തു പരീക്ഷക്കൊപ്പം ഇന്റര്‍വ്യൂ കൂടി നടത്താനാണ് ലോകായുക്ത ഉത്തരവിട്ടിരുന്നതെങ്കിലും നേരത്തേ നിയമനം നേടിയവരെ ഇന്റര്‍വ്യൂവില്‍നിന്ന് ഒഴിവാക്കാനാണ് കെ എം എബ്രഹാമിന്റെ ശിപാര്‍ശയിലെ സുപ്രധാന നിര്‍ദേശം. പട്ടികയില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗക്കാരെ എഴുത്തുപരീക്ഷയുടെ 40 ശതമാനം മാര്‍ക്കിന്റെ അടിസ്ഥാനത്തിലും നിയമിക്കാമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
വീണ്ടും പരീക്ഷ നടത്തി നിയമനം നേടുന്നവര്‍ക്ക് നിലവിലുള്ള സര്‍വീസ് വകവെച്ചു നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണ്ടും നിയമനം ലഭിക്കുന്നവരില്‍ ആരെങ്കിലും ഇപ്പോള്‍ നടക്കുന്ന ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ അവര്‍ പുറത്തു പോകേണ്ടിവരും. ലോകായുക്തയുടെ വിധിയിന്മേല്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി ഇനിയും കേസ് വിചാരണക്കെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രമക്കേടുകളെ ന്യായീകരിക്കുന്ന തരത്തില്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

Latest