Connect with us

International

ഫലസ്തീനുമായി സമാധാനത്തിന് സമയമായെന്ന് ഇസ്‌റാഈല്‍

Published

|

Last Updated

അമ്മാന്‍ / ടെല്‍അവീവ്: ഫലസ്തീനുമായി സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നത് സാധ്യമായ കാര്യമാണെന്ന് ഇസ്‌റാഈല്‍. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിച്ച് സമാധാന ഉടമ്പടി ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഇസ്‌റാഈല്‍ പ്രസിഡന്റ് ശിമോന്‍ പെരെസ് വ്യക്തമാക്കി. ഇസ്‌റാഈലിനും ഫലസ്തീനിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെരെസിന്റെ പ്രസ്താവനയെന്നത് ഏറെ ശ്രദ്ധേയമാണ്. “സമാധാന ശ്രമങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഇനിയൊരിക്കലും പാഴാക്കില്ല. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്” -അദ്ദേഹം പറഞ്ഞു. ജോര്‍ദാന്‍ സന്ദര്‍ശനത്തിനെത്തിയ പെരെസ് അമ്മാനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തി (ഡബ്യു ഇ എഫ്)ന്റെ സമ്മേളനത്തിന് പങ്കെടുക്കാനെത്തിയതാണ് പെരെസ്.
ഫലസ്തീനില്‍ നിന്നും ഇസ്‌റാഈലില്‍ നിന്നും സമാധാന ശ്രമങ്ങള്‍ക്കുള്ള പരിശ്രമങ്ങള്‍ നടക്കണം. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര സങ്കല്‍പ്പത്തെ അംഗീകരിക്കാന്‍ ഫലസ്തീന്‍ തയ്യാറാകണമെന്നും ഇരുരാഷ്ട്രങ്ങളിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെയും അന്തസ്സോടെയും കൂടി ജീവിക്കാന്‍ ഈ പ്രതിവിധി ഏറെ ഉപകാരപ്രദമാകുമെന്നും പെരെസ് അവകാശപ്പെട്ടു.
“ഇസ്‌റാഈലികള്‍ക്ക് ഒരു രാഷ്ട്രവും ഫലസ്തീനികള്‍ക്ക് മറ്റൊരു രാഷ്ട്രവുമായി വിഭജിച്ച് ദ്വിരാഷ്ട്ര സങ്കല്‍പ്പം സാധ്യമാക്കാനും അതുവഴി സമാധാനം സൃഷ്ടിക്കാനും സാധിക്കും. ഈ ഉടമ്പടി ഫലസ്തീന്‍ അംഗീകരിക്കുകയാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ഈ വിഷയത്തില്‍ വിജയകരമായ മുന്നേറ്റം നടത്താനാകും.” പെരെസ് പറഞ്ഞു.
ഫലസ്തീനിലെ കുടിയേറ്റം ഇസ്‌റാഈല്‍ അവസാനിപ്പിച്ചും ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചും സമാധാന ചര്‍ച്ചകളുമായി സഹകരിക്കാന്‍ ഇസ്‌റാഈല്‍ നേതൃത്വം സന്നദ്ധമാകണമെന്ന് കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യൂ ഇ എഫിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest