Connect with us

Editors Pick

വൃഥാവിലാണോ വാര്‍ധക്യം ?

Published

|

Last Updated

മനുഷ്യജന്മത്തില്‍ വലിയ പരീക്ഷണം നേരിടുകയും ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യുന്ന ഘട്ടമാണ് വാര്‍ധക്യം. ശാരീരികക്ഷമത നഷ്ടപ്പെട്ട് ജീവിതത്തിലെ അനിവാര്യതകള്‍ സ്വന്തമായി ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരികയും സഹായത്തിന് കൂടപ്പിറപ്പുകളെയോ മറ്റോ കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ ജന്മം വൃഥാവിലായോ എന്ന് പലര്‍ക്കും തോന്നുന്ന സന്ദര്‍ഭമാണ് വാര്‍ധക്യം. അതുകൊണ്ടു തന്നെ സമൂഹത്തില്‍ എക്കാലത്തും പ്രത്യേകം പരിഗണന കല്‍പ്പിക്കപ്പെടേണ്ടവരാണ് വൃദ്ധന്മാര്‍.
പക്ഷേ, വളരെ പരിഗണനയും പരിചരണവും ലഭിക്കേണ്ട വൃദ്ധ സമൂഹം, തികഞ്ഞ അവഗണനയും മറ്റും തലമുറയില്‍ നിന്ന് ഏറ്റുവാങ്ങുകയാണ്. ജീവിതത്തിന്റെ സായംസന്ധ്യയില്‍ വൃദ്ധസദനങ്ങളുടെ നാല് ചുവരുകള്‍ക്കിടയില്‍ വിദൂരതയിലേക്ക് കണ്ണും നട്ട് നിമിഷങ്ങളെണ്ണിക്കഴിയാന്‍ വിധിക്കപ്പെട്ടു കഴിയുകയാണിവര്‍.
വിദേശങ്ങളിലോ മറ്റോ സ്വന്തം കുടുംബവുമൊത്ത് രമ്യഹര്‍മ്യങ്ങളില്‍ സുഖിച്ചു കഴിയുന്ന മക്കള്‍ മറുപുറത്തും. ഹൊ, വല്ലാത്തൊരു വിധി!
ഇത്തരം ഒരു ഹതഭാഗ്യയായ, മനസിലെ കാരുണ്യവും കണ്ണിലെ കണ്ണീരും വറ്റാത്ത വൃദ്ധ സദനത്തിലെ അന്തേവാസിയായ ഒരു മാതാവ് വിദേശത്തു കഴിയുന്ന മകന് കണ്ണീര്‍ മഷിയാക്കിയെഴുതിയ ഒരു കത്ത് ഈയിടെയായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിച്ചത് പലരും നിറകണ്ണുകളോടെയാണ് വായിച്ചത്.
വൃദ്ധന്മാര്‍ നില്‍ക്കുന്ന സദസില്‍ ഇരിക്കാന്‍ മടിക്കുന്ന ചെറുപ്പക്കാരുള്ള ഒരു കാലമുണ്ടായിരുന്നു. ആര്‍ദ്രമായ മനസുണ്ടായിരുന്നു ആ തലമുറക്ക്.
ഇന്ന് നമുക്കത് ഇല്ലാതെ പോയി. തിരക്കുള്ള ബസുകളില്‍ സാഹസപ്പെട്ട് തൂങ്ങി നില്‍ക്കുന്ന വയസനെക്കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണിന്ന്. അതുകൊണ്ടായിരിക്കണം ബസുകളില്‍ സീനിയര്‍ സിറ്റിസണ്‍ എന്ന പുതിയ ഒരു റിസര്‍വേഷന്‍ സ്ഥാനം പിടിച്ചത്.
ഇവിടെയിതാ വൃദ്ധരെ പരിഗണിക്കുന്നതിന് നല്ലൊരു മാതൃക. ദുബൈ ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി വൃദ്ധരെ മാത്രം പങ്കെടുപ്പിച്ച് ഒരു ടൂര്‍ നടത്തുന്നു. യു എ ഇയിലെ പുരാതനവും പ്രസിദ്ധവുമായ റാസല്‍ഖൈമയിലെ ഐന്‍ ഖത് എന്ന സ്ഥലത്തേക്ക്.
റാസല്‍ഖൈമ നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഈ സ്ഥലം മാനസികോല്ലാസത്തിനായി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു കേന്ദ്രമാണ്. ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധരെ കണ്ടെത്തി അവര്‍ക്കാവശ്യമായ പരിചരണത്തിന് പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരുടെ സംഘത്തിന്റെ കൂടെയാണ് യാത്ര. തങ്ങള്‍ സനാഥരാണെന്ന ചിന്ത ഇത്തരക്കാരില്‍ വളര്‍ത്തിയെടുക്കാന്‍ യാത്രക്ക് സാധിക്കുന്നു. തനിക്ക് ആരുമില്ലെന്ന ഒറ്റപ്പെടല്‍ ചിന്തയില്‍ നിന്ന് ഒരു പരിധിവരെ അവരെ മോചിപ്പിച്ചെടുക്കാനും.
ദുബൈ ഗവണ്‍മെന്റിന്റെ ഈ പ്രവര്‍ത്തനം വളരെ ശ്ലാഘനീയവും ഏവര്‍ക്കും മാതൃകാപരവുമാണ്. സ്ഥലകാലബോധമില്ലാതാകുന്ന പ്രായാധിക്യത്തില്‍ നിന്ന് പടച്ചവനേ ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു എന്ന പ്രവാചകരുടെ 14 നൂറ്റാണ്ട് പിന്നിട്ട പ്രാര്‍ഥനക്ക് 21-ാം നൂറ്റാ
ണ്ടിലും എന്തൊരു തിളക്കം അല്ലേ?

---- facebook comment plugin here -----

Latest