Connect with us

Kasargod

കനാല്‍ നിര്‍മാണം അനുവദിക്കില്ല ഉള്‍നാടന്‍ ജലപാത പ്രതിരോധ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

തലശ്ശേരി: ഉള്‍നാടന്‍ ജലഗതാഗതമെന്ന പേരില്‍ മണ്ണയാട് മുതല്‍ കച്ചാലിപുഴവരെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ വെട്ടിക്കീറിയുള്ള കനാല്‍ നിര്‍മാണം അനുവദിക്കില്ലെന്ന് നിട്ടര്‍ ഇയ്യികുന്നിലെ ഉള്‍നാടന്‍ ജലപാത പ്രതിരോധ കമ്മിറ്റി അറിയിച്ചു. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 30 പ്രതിരോധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍തത്തകര്‍ തലശ്ശേരി സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. കുത്തക മുതലാളിമാര്‍ക്കും വ്യാവസായികള്‍ക്കും മാത്രം ഉപകരിക്കുന്ന ജലപാത സാധാരണക്കാരെ ഒരു തരത്തിലും സഹായിക്കുന്നതല്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 46 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച പദ്ധതി വീണ്ടും നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഈ കാലയളവില്‍ നാടിന് സംഭവിച്ച മാറ്റങ്ങളെപ്പറ്റി പഠിക്കാന്‍ ശ്രമിക്കാതെയാണ് സര്‍വെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. കൃത്രിമ ജലപാത വന്നാല്‍ അത് പ്രദേശത്തെയാകെ കുടിവെള്ള സ്രോതസ്സുകളെ ബാധിക്കും. കിണറുകളിലും കുളങ്ങളിലും ഉപ്പുവെള്ളം കയറാന്‍ ഇടയാക്കും. ജില്ലയിലെ ഏറ്റവും കണ്ടല്‍ സമ്പുഷ്ടമായ കുച്ചാലി പുഴയെ വീതിവയ്പിച്ചും ആഴം കൂട്ടിയും മാറ്റിയെടുക്കാനുള്ള ശ്രമം കണ്ടലുകളുടെ സര്‍വ നാശത്തിനിടയാക്കും.

പത്രസമ്മേളനത്തില്‍ എം ജയചന്ദ്രന്‍, എം വി സതീശന്‍, കെ ശ്രീധരന്‍, എം പി രജീഷ്, കെ പി രാഗിണി, പി കെ പരിമള, എം പി രജിഷ് കുമാര്‍, എം പി സുമേഷ്, എ പി ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest