Connect with us

Palakkad

വാളയാറില്‍ സംയോജിത ചെക്‌പോസ്റ്റ് ഉദ്ഘാടനം 31ന്

Published

|

Last Updated

പാലക്കാട്: വാളയാറില്‍ സംയോജിത ചെക്‌പോസ്റ്റ് വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നു. സംയോജിത ചെക്‌പോസറ്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം 31ന് ധന മന്ത്രി കെ എം മാണി നിര്‍വഹിക്കും. ഇടത് മുന്നണി ഭരണത്തില്‍ മന്ത്രി തോമസ് ഐസ്‌ക്കാണ്് വാളയാറില്‍ സംയോജിത ചെക് പോസ്റ്റ് പദ്ധതിക്ക് തുടക്കമിട്ടത്. ഏതാനും വര്‍ഷം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് പ്രവര്‍ത്തനം അവതാളത്തിലാകുകയായിരുന്നു. ഇപ്പോള്‍ ധന മന്ത്രി കെ എം മാണിയാണ് സംയോജിത ചെക് പോസ്റ്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ വാണിജ്യ നികുതി ചെക്‌പോസ്റ്റിന്റെ രണ്ട് ബ്ലോക്കുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ പരിശോധന കൗണ്ടറുകള്‍ കൂടി മാറ്റി സംയോജിത ചെക്‌പോസ്റ്റ് പദവിയിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം. വാണിജ്യ നികുതി ചെക് പോസ്റ്റിന്റെ ബ്ലോക്കിലുള്ള ഏതാനും കൗണ്ടറുകള്‍ മറ്റു വകുപ്പുകള്‍ക്ക് വിട്ടുകൊടുത്താണ് ഇവിടെ സൗകര്യമൊരുക്കുക.
പുതിയ പരിഷ്‌കാരം ഉടന്‍ നടപ്പാക്കിയാല്‍ ഒരു സ്ഥലത്ത് തന്നെ വാഹനങ്ങള്‍ ഏറെ നേരം പരിശോധനക്കായി കിടക്കേണ്ടി വരികയും കൂടുതല്‍ ഗതാഗതകുരുക്കിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്. ഓരോ വകുപ്പിന്റെയും പരിശോധനക്കായി മണിക്കൂറുകളോളം വേണ്ടി വരും. ഇതന് പുറമെ വാണിജ്യ നികുതി വകുപ്പിന്റെ സ്ഥലത്തേക്ക് മാറുന്നതില്‍ മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അസ്വസ്ഥതയുണ്ടെന്നും പറയുന്നു. നേരത്തെ തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്‌പോസ്റ്റില്‍ ഇപ്രകാരം സംയോജിത ചെക്‌പോസ്റ്റ് നടപടി ആരംഭിച്ചിരുന്നു. എന്നാല്‍, കാലക്രമേണ അതിന്‌നാഥനില്ലാതായി മാറി. ഇതേ അവസ്ഥയാണ് വാളയാറിലും വരാന്‍ പോകുന്നതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥരും വാഹന ഉടമകളും ചൂണ്ടിക്കാണിക്കുന്നു.
വിവിധ വകുപ്പുകളുടെ ആവശ്യങ്ങള്‍ അറിയുകയും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ മാത്രമേ സംയോജിത ചെക്‌പോസ്റ്റ് ഫലപ്രദമാകുകയുള്ളുവെന്നും അഭിപ്രായമുണ്ട്. ദേശീയപാത വികസനം വരുമ്പോള്‍ ഇപ്പോഴത്തെ ചെക്‌പോസ്റ്റിന്റെ ഒട്ടേറെ സ്ഥലം വിട്ടു നല്‍കേണ്ടി വരും.
വാണിജ്യ നികുതി വകുപ്പിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗവും ഇപ്രകാരം നഷ്ടപ്പെടും. ഇതൊക്കെ കണക്കിലെടുത്ത് മുന്‍ഗണന അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങണമെന്ന് മുറവിളി ഉയര്‍ന്നിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും വകുപ്പുകളും തമ്മിലുള്ള ചര്‍ച്ചകള്‍ കാര്യമായി നടന്നിട്ടില്ല.——