Connect with us

Sports

ബെനിറ്റസ് നാപോളിയില്‍

Published

|

Last Updated

മിലാന്‍: ചെല്‍സിക്ക് യൂറോപ ലീഗ് കിരീടം സമ്മാനിച്ച താത്കാലിക പരിശീലകന്‍ റാഫേല്‍ ബെനിറ്റസ് ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയില്‍ ചേര്‍ന്നു. നാപോളിയുടെ പ്രസിഡന്റ് ഓറേലിയോ ഡി ലോറെന്റിസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സീരി എ ലീഗില്‍ ജുവെന്റസിന് പിറകില്‍ രണ്ടാം സ്ഥാനത്തായാണ് നാപോളി ഫിനിഷ് ചെയ്തത്. ഇതേത്തുടര്‍ന്ന് വാള്‍ട്ടര്‍ മാസരിയെ ക്ലബ്ബ് പുറത്താക്കിയിരുന്നു.

അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ യോഗ്യത സമ്പാദിച്ച നാപോളി യൂറോപ്പില്‍ മികച്ച റെക്കോര്‍ഡുള്ള റാഫാ ബെനിറ്റസില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. ലിവര്‍പൂളിന് യുവേഫ ചാമ്പ്യന്‍സ് ലീഗും ചെല്‍സിക്ക് യൂറോപ ലീഗ് കിരീടവും നേടിക്കൊടുക്കുവാന്‍ ബെനിറ്റസിന് സാധിച്ചു. മാത്രമല്ല, ഇക്കഴിഞ്ഞ സീസണില്‍ ചെല്‍സിയെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരാക്കി ചാമ്പ്യന്‍സ് ലീഗ് യോഗ്യത സമ്പാദിക്കാനും ബെനിറ്റസിന് സാധിച്ചു. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗും എഫ് എ കപ്പും നേടിയ ബെനിറ്റസ്, വലന്‍ഷ്യക്ക് രണ്ട് തവണ സ്പാനിഷ് ലാ ലിഗയും യുവേഫ കപ്പും നേടിക്കൊടുത്തു. ഇറ്റലിയില്‍ ഇന്റര്‍മിലാന്റെ കോച്ചായി പ്രവര്‍ത്തിച്ച ബെനിറ്റസ് ഫിഫ ക്ലബ്ബ് ലോകകപ്പ് മിലാനിലെത്തിച്ചു.
നാല് വര്‍ഷം മുമ്പാണ് വാള്‍ട്ടര്‍ മസാരി നാപോളിയുടെ കോച്ചായി ചുമതലയേല്‍ക്കുന്നത്. മികച്ചൊരു അറ്റാക്കിംഗ് നിരയാക്കി നാപോളിയെ മാറ്റാന്‍ മസാരിക്ക് സാധിച്ചു. 2012 ഇറ്റാലിയന്‍ കപ്പ് നേടിയതാണ് പ്രധാന നേട്ടം. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുകയും ചെയ്തു നാപോളി. എന്നാല്‍ കുറേക്കൂടി ശക്തി പ്രാപിച്ച്, ഇറ്റലിയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് നാപോളിക്ക്.
റാഫേല്‍ ബെനിറ്റസിന് കൂടുതല്‍ സ്വാതന്ത്രം നല്‍കി മികച്ചൊരു ക്ലബ്ബ് രൂപീകരണമാണ് നാപോളി ഉന്നംവെക്കുന്നത്. ട്രാന്‍സ്ഫറില്‍ കൂടുതല്‍ പണമിറക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ലബ്ബിന്റെ ടോപ്‌സ്‌കോറര്‍ എഡിന്‍സന്‍ കവാനിയെ ഉയര്‍ന്ന തുകക്ക് വില്‍ക്കും. യൂറോപ്പിലെ പ്രമുഖര്‍ ഉറുഗ്വെയുടെ വെറ്ററന്‍ സ്‌ട്രൈക്കര്‍ക്കായി രംഗത്തുണ്ട്.
എണ്‍പതുകളുടെ അവസാനത്തില്‍ ഡീഗോ മറഡോണയുടെ മികവിലാണ് നാപോളി അവരുടെ രണ്ട് സീരി എ ലീഗ് കിരീടങ്ങളും സ്വന്തമാക്കിയത്. മറഡോണ യുവേഫ കപ്പും നാപോളിക്കായി നേടി. മറഡോണയില്ലെങ്കിലും അതു പോലൊരു സുവര്‍ണയുഗം നാപോളി കൊതിക്കുന്നുണ്ട്.