Connect with us

National

ആര്‍ ആര്‍ പാട്ടീലിന്റെ സുരക്ഷ ശക്തമാക്കി

Published

|

Last Updated

മുംബൈ: മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീലിന്റെ സുരക്ഷ ശക്തമാക്കി. സി പി ഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയാണ് ഭീഷണി മുഴക്കിയത്. ഇത് ഗൗരവമായാണ് കാണുന്നതെന്ന് സ്‌പെഷ്യല്‍ ഐ ജി ദേവന്‍ ഭാരതി പറഞ്ഞു.
മാവോയിസ്റ്റ്ബാധിത മേഖലകളിലെ, പ്രത്യേകിച്ച് ഗാദ്ഛിരോളി മേഖലയിലെ പോലീസ് സൂപ്രണ്ടുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലകള്‍ സന്ദര്‍ശിക്കുന്ന അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷ പുനരവലോകനം ചെയ്യും. പാട്ടീലിനെ കൂടാതെ മറ്റ് നിരവധി പേരെയും വധിക്കുമെന്ന് ദണ്ഡകാരണ്യ കമ്മിറ്റിയുടെ വക്താവ് ഗുദ്‌സാ ഉസേന്ദിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഛത്തീസ്ഗഢിലെ ബസ്താറില്‍ 25ന് കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു ഉസേന്ദിയുടെ സന്ദേശം.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്, ആഭ്യന്തര മന്ത്രി നന്‍കീരം കന്‍വാര്‍, മന്ത്രിമാരായ രാംവിചാര്‍ നേതം, കേദാര്‍ കാശ്യപ്, വിക്രം ഉസേന്ദി, ഗവര്‍ണര്‍ ശേഖര്‍ ദത്ത്, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍, ഡി ജി പി രാം നിവാസ്, എ ഡി ജി പി മുകേഷ് ഗുപ്ത ദണ്ഡകാരണ്യയിലെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ലക്ഷ്യം വെക്കുമെന്നാണ് മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചത്. തങ്ങള്‍ അക്രമിക്കപ്പെടുകയില്ലെന്ന തോന്നലിലാണ് ഇവരുള്ളത്. ഇസഡ് പ്ലസ് സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും തന്നെ എന്നെന്നേക്കും രക്ഷിക്കുമെന്ന വിചാരത്തിലായിരുന്നു മഹേന്ദ്ര കര്‍മയെന്നും ഉസേന്ദി പറഞ്ഞു.
ഗാദ്ഛിരോളി മേഖലയിലാണ് മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ നക്‌സല്‍ സാന്നിധ്യമുള്ളത്. ഇവിടെ ഇടക്കിടെ ആക്രമണങ്ങളുണ്ടാകാറുണ്ട്.